ദേവിക. ജെ. (ജെ. ദേവിക)
അദ്ധ്യാപിക, സാമൂഹ്യവിമര്‍ശക, സ്ത്രീപക്ഷ എഴുത്തുകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ഡോ. ജെ. ദേവിക (ഡോ. ദേവിക ജയകുമാരി). ഇപ്പോള്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറാണ്. കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെക്കുറിച്ചും പഠനം നടത്തുന്നു. സാമൂഹികവും സ്ത്രീകേന്ദ്രിതവുമായ വിഷയങ്ങളെക്കുറിച്ചു നിരവധി ഉപന്യാസങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന കൃതിയുടെ സ്വതന്ത്രപകര്‍പ്പവകാശം നല്കി പ്രസിദ്ധീകരിച്ചു. സമകാലിക വിഷയങ്ങളെ കുറിച്ച് കാഫില (www.kafila.org) എന്ന സംഘ ബ്ലോഗില്‍ എഴുതുന്നു.
കൊല്ലം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ചരിത്രപഠനകേന്ദ്രത്തില്‍ നിന്ന് ആധുനിക ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ദേവിക 'കേരളീയ നവോത്ഥാനത്തില്‍ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം' എന്ന വിഷയത്തില്‍ എം.ജി. സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. കലിക്കറ്റ് സര്‍വകലാശാലയിലെ വനിതാപഠനത്തിനായുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായിരുന്നു. ഹൈദരാബാദിലെ അന്വേഷിയുടെ സ്റ്റോറീസ് പ്രോജക്ടിന്റെ ഉപദേശകയായിരുന്നു. ഫെമിനിസ്റ്റ് എന്ന നിലയിലും സാമൂഹ്യ വിമര്‍ശക എന്ന നിലയിലും ദേവിക സംവാദങ്ങളില്‍ പങ്കെടുക്കുകയും ഒരുപാട് വിഷയങ്ങളില്‍ അഭിപ്രായം പ്രസിദ്ധീകരിക്കാറുമുണ്ട്. തിരുവനന്തപുരതത്ത് നടന്ന പതിനേഴാമത് അന്താരാഷ്ട്ര ചലചിത്രോല്‍സവത്തില്‍ ദളിത് വിഷയം കൈകാര്യം ചെയ്യുന്ന പാപ്പിലിയോ ബുദ്ധയുടെ സമാന്തര പ്രദര്‍ശനം നിരോധിച്ചതിനെതിരെ കൈരളി തിയേറ്റര്‍ കോംപ്ലക്സില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ദേവികയും നേതൃത്വം വഹിച്ചു.
കൃതികള്‍
ആണരശുനാട്ടിലെ കാഴ്ചകള്‍:കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ
നളിനി ജമീലയുടെ ''ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' പരിഭാഷ
സാറാ ജോസഫിന്റെ 'കന്യകയുടെ പുല്ലിംഗം' (പരിഭാഷ)
Leave a Reply Cancel reply