സാഹിത്യകാരനും സംസ്‌കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള (ജനനം 25 ഡിസംബര്‍ 1910, മരണം  20 മാര്‍ച്ച് 1990). തിരുവല്ലയില്‍ പാലേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകന്‍. 1930ല്‍ ബി.എ. പാസ്സായതിനുശേഷം സംസ്‌കൃതത്തിലും മലയാളത്തിലും എം.എ. ബിരുദവും ബോംബെ സര്‍വകലാശാലയില്‍ നിന്ന് വൈദികസംസ്‌കൃതത്തില്‍ പിഎച്ച്.ഡി.യും നേടി. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ട്യൂട്ടര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ബറോഡയിലും മറ്റു സ്ഥലങ്ങളിലും പോയി ശാസ്ത്രീയമായ ലൈബ്രറി പ്രവര്‍ത്തന രീതികള്‍ പഠിച്ചു. തുടര്‍ന്ന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റര്‍, യൂണിവേഴ്‌സിറ്റി കോളജ് സംസ്‌കൃതം പ്രൊഫസര്‍, സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍ (1957-63) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1966ല്‍ കേരളസര്‍വകലാശാലയില്‍ മലയാളം വകുപ്പ് ആരംഭിച്ചപ്പോള്‍ അതിന്റെ ആദ്യമേധാവിയായി.അവിടെ ഗവേഷണവിഭാഗം ഉണ്ടാക്കി. 1970ല്‍ വിരമിച്ചശേഷം 1971 മുതല്‍ സംസ്‌കൃത സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫീസറായി. ജഗതി ഉള്ളൂര്‍ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യകഷനായിരുന്നു. സംസ്‌കൃതത്രൈമാസികം, ഭാഷാത്രൈമാസികം, ഗ്രന്ഥാലോകം തുടങ്ങിയ മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്.
    കോവളത്തിനടുത്തുള്ള ആവാടുതുറ അയ്യിപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കയ്യെഴുത്തുപ്രതികള്‍ കുഴിത്തുറയില്‍ നിന്നും പെരുങ്കടവിളയില്‍ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിച്ചു. സ്വാമി വിവേകാനന്ദനെ അധികരിച്ച് സംസ്‌കൃതത്തില്‍ പി.കെ. രചിച്ചിട്ടുള്ള സംസ്‌കൃത മഹാകാവ്യമാണ് വിശ്വഭാനു.

കൃതികള്‍

    കൈരളീധ്വനി
    രാമകഥപ്പാട്ട്
    സംസ്‌കാര കൗതുകം
    രാമകഥപ്പാട്ട് ഭാഷാപരിമളം
    സാഹിതീകടാക്ഷം
    സംസ്‌കാരകൗതുകം
    സാഹിത്യകേളി
    അക്ബര്‍  നവീകൃതം
    ചിന്താരത്‌നം  സംശോധിത സംസ്‌കരണം
    മയൂരസന്ദേശം  വ്യാഖ്യാനം
    ആശാന്റെ ഹൃദയം
    സംസ്‌കൃതഭാഷാ പ്രണയികള്‍
    വീരജനനി
    വിശ്വഭാനു

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1978)
    കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം (1982)