പുതുപ്പള്ളി രാഘവന്‍
സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു പുതുപ്പള്ളി രാഘവന്‍ (ജനനം 10 ജനുവരി 1910, മരണം 27 ഏപ്രില്‍ 2000). മധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പുതുപ്പള്ളിയിലെ മനയ്ക്കല്‍ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകന്‍. പ്രയാര്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പതിന്നാലാം വയസ്സില്‍ വൈക്കം സത്യഗ്രഹജാഥയ്ക്ക് പണം പിരിച്ചു. സൈമണ്‍ കമ്മിഷനെ ബഹിഷ്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിയമംലംഘിച്ച് ഉപ്പുവാരാന്‍ പയ്യന്നൂര്‍ക്കുപോയ ജാഥയോടൊപ്പം കൂടി. കോഴിക്കോട്ടെ കോണ്‍ഗ്രസ് വാളണ്ടിയര്‍ ക്യാമ്പില്‍ പങ്കെടുത്ത് കള്ളുഷാപ്പ് പിക്കറ്റിംഗില്‍ അറസ്റ്റ് വരിച്ചു. നാലുവര്‍ഷം ഒളിവിലും പന്ത്രണ്ടുവര്‍ഷം പല ലോക്കപ്പുകളിലും ജയിലിലും കഴിഞ്ഞു. ഗാന്ധിജിയെ നേരില്‍ക്കണ്ട് വാര്‍ധാ ആശ്രമത്തില്‍ അന്തേവാസിയായി. പിന്നീട് ഭാരതമെമ്പാടും സഞ്ചരിച്ചു. തിരിച്ച് തിരുവിതാംകൂറിലെത്തി പൊന്നറ ശ്രീധര്‍, എന്‍.പി. കുരുക്കള്‍, പി. കൃഷ്ണപിള്ള, ആര്‍. ശങ്കരനാരായണന്‍ തമ്പി എന്നീ യൂത്ത്‌ലീഗ് നേതാക്കളുമായി ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി. സ്റ്റേറ്റ് കോണ്‍ഗ്രസിലും 1942ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. വള്ളിക്കുന്നത്തെ കര്‍ഷകത്തൊഴിലാളികളെയും ഇടത്തരം കൃഷിക്കാരെയും സംഘടിപ്പിച്ചു. ശൂരനാട്ട് നാലു പോലീസുകാര്‍ നാട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി 1950ല്‍ അറസ്റ്റിലായി. ലോക്കപ്പില്‍ മൃഗീയമര്‍ദ്ദനത്തിന് ഇരയായി. ദീര്‍ഘകാലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും നാഗര്‍കോവില്‍ ക്ഷയരോഗാശുപത്രിയിലും കഴിഞ്ഞു. 1964ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍ന്നതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി.
കൃതികള്‍
കേരള പത്രപ്രവര്‍ത്തനചരിത്രം
എന്റെ വിപ്ലവ സ്മരണകള്‍ (4 ഭാഗം)
മോപ്പസാങിന്റെ ചെറുകഥകള്‍
ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍
പാസ്‌പോര്‍ട്ടില്ലാത്ത പാന്ഥന്‍
ഗോഖലെ (ജീവചരിത്രം)
തിലകന്‍ (ജീവചരിത്രം)
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (എന്റെ വിപ്ലവസ്മരണകള്‍ -ഒന്നാം ഭാഗം)
Leave a Reply Cancel reply