മലയാളത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബര്‍ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവര്‍ അറിയപ്പെട്ടത്.ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാര്‍ഗ്ഗദര്‍ശകമായി. 1928ല്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977ലാണ് അദ്ദേഹം അന്തരിച്ചത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹന്‍ദാസ്, ഡോ. ശ്യാം സുന്ദര്‍, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കള്‍.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930ലാണ് -‘കൂപ്പുകൈ’. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനില്‍നിന്ന് 1947ല്‍ ‘സാഹിത്യനിപുണ’ബഹുമതി നേടി. പിന്നീട് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകള്‍. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയില്‍ മുന്നിട്ടുനിന്നു.

കൃതികള്‍

കൂപ്പുകൈ (1930)
അമ്മ (1934)
കുടുംബിനി (1936)
ധര്‍മ്മമാര്‍ഗ്ഗത്തില്‍ (1938)
സ്ത്രീഹൃദയം (1939)
പ്രഭാങ്കുരം (1942)
ഭാവനയില്‍ (1942)
ഊഞ്ഞാലിന്മേല്‍ (1946)
കളിക്കൊട്ട (1949)
വെളിച്ചത്തില്‍ (1951)
അവര്‍ പാടുന്നു (1952)
പ്രണാമം (1954)
ലോകാന്തരങ്ങളില്‍ (1955)
സോപാനം (1958)
മുത്തശ്ശി (1962)
മഴുവിന്റെ കഥ (1966)
അമ്പലത്തില്‍ (1967)
നഗരത്തില്‍ (1968)
വെയിലാറുമ്പോള്‍ (1971)
അമൃതംഗമയ (1978)
സന്ധ്യ (1982)
നിവേദ്യം (1987)
മാതൃഹൃദയം (1988)
സഹപാഠികള്‍
ബാലാമണിഅമ്മയുടെ കവിതകള്‍  സമ്പൂര്‍ണ്ണസമാഹാരം(2005) മാതൃഭൂമി ബുക്‌സ്.

ഗദ്യം

ജീവിതത്തിലൂടെ (1969)
അമ്മയുടെ ലോകം (1952)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1964)- 'മുത്തശ്ശി'
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1965) - 'മുത്തശ്ശി'
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1979)
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡ് (1981)-അമൃതംഗമയ
പത്മഭൂഷണ്‍ (1987)
മൂലൂര്‍ അവാര്‍ഡ് (1988) -'നിവേദ്യം
സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1990)
ആശാന്‍ പുരസ്‌കാരം (1991)
ലളിതാംബികാ അന്തര്‍ജ്ജന പുരസ്‌കാരം (1993)
വള്ളത്തോള്‍ പുരസ്‌കാരം (1993)
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994)
എഴുത്തച്ഛന്‍ പുരസ്‌കാരം (1995)-മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവന
സരസ്വതീ സമ്മാനം (1996)
എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്‌കാരം (1997)