മുട്ടത്തുവര്‍ക്കി
ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. ജനനം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ 1915 ഏപ്രില്‍ 28ന്. മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു മക്കളില്‍ നാലാമന്. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളില്‍ അദ്ധ്യാപകനായി. അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ കൂടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചുനാള്‍ എം.പി.പോളിന്റെ ട്യൂട്ടോറിയലില് പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് ദീപികയില്‍ ജോലിചെയ്തു. 1950 മുതല്‍ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നു. പത്രത്തിലെ 'നേരും നേരമ്പോക്കും' എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു. മദ്ധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയ മുട്ടത്തു വര്‍ക്കിയാണ് മലയാള സാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോള്‍ ആണ് വര്‍ക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, 5 ജീവചരിത്രങ്ങള്‍ എന്നിവയടക്കം ഇരുന്നൂറോളം കൃതികള്‍ എഴുതി. ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയില്‍ ആവിഷ്കരിച്ചു. മുട്ടത്തുവര്‍ക്കിയുടെ 26 നോവലുകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യന് അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേംനസീര്‍ അഭിനയിച്ച ഇണപ്രാവുകള്‍, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന തുടങ്ങിയവയെല്ലാം വന്‍ വിജയമായിരുന്നു.അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ (1957) ലഭിച്ചു. തിരുവനന്തപുരം കൊട്ടാരത്തില്‍ വിളിച്ച് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് അഭിനന്ദനമറിയിച്ചു.
‘പൈങ്കിളി സാഹിത്യം’ എന്ന പ്രയോഗത്തിന്റെ പിറവി പാടാത്ത പൈങ്കിളിയാണ്.’മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തുവര്‍ക്കി’ എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്. താനെഴുതുന്നതു മുഴുവന്‍ പൈങ്കിളികളാണെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചന്‍പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തില്‍ കാലന് കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു.
മറ്റൊരിക്കല്‍ മുട്ടത്തുവര്‍ക്കി ഇങ്ങനെ പറഞ്ഞു:’എനിക്ക് ഒരു ടോള്‍സ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാന്‍ കഴിയില്ല. എനിക്കു മുട്ടത്തു വര്‍ക്കി ആകാനേ കഴിയുകയുള്ളൂ. ഞാന്‍ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവര്‍ച്ചട്ടയുമായി കേരളത്തിലെ വായനശാലകളില്‍ സജീവമാണ്. എനിക്ക് അതു മതി.’ കെ.പി.എ.സിക്കു ബദലായി രൂപീകരിക്കപ്പെട്ട എ.സി.എ.സി. (ആന്റി കമ്യൂണിസ്റ്റ് ആര്‍ട്സ് ക്ലബ്) എന്ന നാടകസമിതിക്ക് വേണ്ടി എഴുതിയ ‘ഞങ്ങള്‍ വരുന്നു’ എന്ന നാടകം വിമോചന സമരത്തിന്റെ പ്രചരണത്തിന് വലിയ പങ്ക് വഹിച്ചിരുന്നു. ഭാര്യ തങ്കമ്മ വര്‍ക്കി. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണ്.1989 മേയ് 28നു മുട്ടത്തു വര്‍ക്കി അന്തരിച്ചു.
കൃതികള്‍
നോവലുകള്‍
അക്കരപ്പച്ച
അക്ഷയപാത്രം
അവളെ സൂക്ഷിക്കണം
അഴകുള്ള സെലീന
ആറാം പ്രമാണം
ഇണപ്രാവുകള്‍
ഇത് മറക്കരുത്
ഇഷ്ടകാമുകി
ഈന്തത്തണല്‍
എന്നെ നിനക്കിഷ്ടമാണോ?
ഏതാണീ പെണ്‍കുട്ടി?
ഒരു കുടയും കുഞ്ഞുപെങ്ങളും
ഒരു ചുംബനം മാത്രം
കരകാണാക്കടല്‍
കാണാന്‍ പോകുന്ന പൂരം
കാണാത്ത തീരങ്ങള്‍
കാലചക്രം
കാറ്റാടി മരങ്ങള്‍
കിനാവിന്റെ ലോകത്തില്‍
ചട്ടമ്പിക്കവല
ജഗജില്ലി
ഞാന്‍ നിന്നെ പ്രേമിക്കുന്നു
ഡാലിയ പൂക്കള്‍
തണലില്ലാത്ത വഴി
തെക്കന്‍കാറ്റ്
തുറക്കാത്ത ജാലകം
ത്യാഗഭൂമി
നാത്തൂന്
നിലവിളക്ക്
നിലാവുള്ള രാത്രി
പച്ച നോട്ടുകള്‍
പഞ്ചായത്ത് വിളക്ക്
പട്ടുതൂവാല
പാടാത്ത പൈങ്കിളി
പാവപ്പെട്ടവള്‍
പിറവം റോഡ്
പുതിയ കോവില്‍
പൂ ചൂടിയവള്‍
പൂന്തേനരുവി
പൊന്നുകൊണ്ടൊരാള്‍രൂപം
പ്രേമഭിക്ഷുകി
പ്രേമിക്കാത്തവള്‍
പ്രിയമുള്ള സോഫിയ
ഫിഡില്‍
മധുരസ്വപ്നം
മനസ്സമ്മതം
മയക്കുമരുന്ന്
മയിലാടുംകുന്ന്
മറിയക്കുട്ടി
രണ്ടു കണ്ണുകള്‍
രഹസ്യം
രാജവീഥി
രാത്രികളുടെ രാത്രി
ലോറാ നീ എവിടെ?
ലൈന്‍ ബസ്
വളകിലുക്കം
വഴിതെറ്റി വന്ന മാലാഖ
വാഗ്ദത്ത ഭൂമി
വെളുത്ത കത്രീന
വേലി
സലോമി
സൗന്ദര്യപൂജ
സില്‍ക്ക് സാരി
സ്വയംവര കന്യക
സ്വര്‍ഗ്ഗവും നരകവും
സ്വര്‍ഗ്ഗസുന്ദരി
റോസമ്മയുടെ വീട്
ഹോട്ടല്‍
ചെറുകഥാ സമാഹാരങ്ങള്‍
അടയാളങ്ങള്‍
അവസാനിക്കാത്ത രാത്രി
ഇരുളും വെളിച്ചവും
കല്യാണരാത്രി
കളിയോടം
കറുത്ത മറുക്
കൊയ്ത്ത്
തെരഞ്ഞെടുത്ത കഥകള്‍
നെയ്യാമ്പലുകള്‍
നൈലോണ്‍
പളുങ്ക് പാത്രങ്ങള്‍
പൊട്ടാത്ത നൂലുകള്‍
മണിയറ
മഴക്കാറുകള്‍
മേഘങ്ങള്‍
ഹേമന്ദരാവില്‍
കവിതകള്‍
ആത്മാഞ്ജലി
പ്രിയമുള്ളവളേ നിനക്കു വേണ്ടി
നാടകങ്ങള്‍
ഒട്ടകവും സൂചിക്കുഴലും
കൂട്ടുകിണര്‍
ഞങ്ങള്‍ വരുന്നു
പുതിയ മണ്ണ്
ഫാദര്‍ ഡാമിയന്‍
ബംഗ്ലാദേശ്
മാറ്റൊലി
വലിയ മുക്കുവന്
വിളക്കും കൊടുങ്കാറ്റും
സമരഭൂമി
ജീവചരിത്രങ്ങള്‍
ഡോണ്‍ ബോസ്കോ
ഫാദര്‍ വില്യം
മരിയ ഗോരേത്തി
വിശുദ്ധ പത്താം പീയൂസ്
വിവര്‍ത്തനങ്ങള്‍
അക്ബര്‍
അണുയുഗം പിറന്നു
അണ്ടര്‍ഗ്രൗണ്ട്
ആന്‍ഡോവിലെ പാലം
കുരിശും കൊടുങ്കാറ്റും
കൊടുങ്കാറ്റിലൂടെ
ഡോക്ടര്‍ ഷിവാഗോ
(ബോറിസ് പാസ്തനാര്‍ക്ക്)
താഴ്വരയിലെ വീട്
നാല്‍വര്‍ ചിഹ്നം
(ആര്‍തര്‍ കോനന്‍ ഡോയല്‍)
പടിഞ്ഞാറന്‍ കഥകള്‍
ബര്‍സറേയുടെ പാട്ട്
മായാത്ത കാല്പാടുകള്
രണ്ട് അമേരിക്കന്‍ നാടകങ്ങള്‍
Leave a Reply Cancel reply