പ്രമുഖ നക്‌സലൈറ്റ് നേതാവാണ് എം.എന്‍.രാവുണ്ണി എന്ന മുണ്ടൂര്‍ രാവുണ്ണി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാവുണ്ണി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. തമിഴ്‌നാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടു. തമിഴിലെ പാര്‍ട്ടി പത്രമായ തീക്കതിരില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് നക്‌സല്‍ബാരി കലാപത്തിനുശേഷം സി.പി.ഐ. (എം.എല്‍) പ്രവര്‍ത്തകനായി. തലശേരി പൊലീസ് സ്റ്റേഷനാക്രമണത്തില്‍ പങ്കെടുത്തു. പിന്നീട് പാലക്കാട് കോങ്ങാട് ജന്മി ഉന്മൂലന കേസില്‍ തടവിലായി. ജയില്‍ ചാടിയെങ്കിലും പിടിയിലായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 1984 ലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജയില്‍മോചിതനാകുന്നത്. സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. ഇപ്പോള്‍ പോരാട്ടം എന്ന സംഘടനയുടെ നേതാവാണ്.