ചിത്രമെഴുത്തുകാരന്‍, സാഹിത്യ വിമര്‍ശകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകന്‍, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ചിത്രമെഴുത്ത് കെ.എം.വര്‍ഗീസ് (ഏപ്രില്‍ 22, 1888  -21 ജൂലൈ, 1962) 1888 ഏപ്രില്‍ 22ന് മാവേലിക്കരയില്‍ തഴക്കര അങ്ങാടിയില്‍ കുഞ്ഞു നൈനാ മാത്തന്റെയും ആച്ചിയമ്മയുടെയും മകനായി ജനനം. കെ.എം. വര്‍ഗ്ഗീസിന്റെ ആദ്യഗുരു ചിത്രമെഴുത്തിലും സംഗീതത്തിലും വാസനയുണ്ടായിരുന്ന പിതാവായിരുന്നു. വിശ്രുത ചിത്രകാരനും രാജാരവിവര്‍മയുടെ ശിഷ്യനുമായിരുന്ന പി. മുകുന്ദന്‍ തമ്പിയുടെ ശിഷ്യത്വം സ്വീകരിച്ചാണ് അദ്ദേഹം ചിത്രകലയില്‍ പ്രാവീണ്യം നേടിയത്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസിന്റെ ചിത്രമാണ് കെ.എം. വര്‍ഗീസ് വരച്ച ആദ്യ എണ്ണച്ചായാചിത്രം. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൊച്ചി മഹാരാജാവ്, വട്ടശ്ശേരില്‍ തിരുമേനി, ശ്രീനാരായണ ഗുരു, കെ.സി. മാമ്മന്‍ മാപ്പിള തുടങ്ങിയവരുടേതടക്കം 120 ഛായാചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ചിത്രരചനയ്ക്കും പെയിന്റിംഗിനും ധാരാളം കീര്‍ത്തിപത്രങ്ങളും പാരിതോഷികങ്ങളും നേടിയിട്ടുണ്ട്. 1926ല്‍ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലേക്ക് വരച്ചുകൊടുത്ത ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം കേരള സന്ദര്‍ശന വേളയില്‍ ആശ്രമത്തിലെത്തിയ മഹാത്മാഗാന്ധിയെ ഏറെ ആകര്‍ഷിച്ചു. ഇത് വരച്ചയാള്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും ആ കലാകാരനെ താന്‍ ആദരിക്കുന്നുവെന്നുമാണ് ഗാന്ധിജി അന്ന് പ്രതികരിച്ചത്.
    മലയാള സാഹിത്യത്തിലും കെ.എം.വര്‍ഗീസിന്റെ സംഭാവനകള്‍ അമൂല്യമാണ്. മലയാളത്തിലാദ്യമായി ഗദ്യകവിത രചിച്ചത് ഇദ്ദേഹമാണ്. അഞ്ച് ചരിത്രകഥകളും രണ്ട് നോവലുകളും രണ്ട് ചരിത്രഗ്രന്ഥങ്ങളും ഗദ്യകവിത, കഥാ സമാഹാരങ്ങളുമുള്‍പ്പെടെ സാഹിതീസമ്പത്ത് കെ.എം. വര്‍ഗീസിന്റേതായുണ്ട്. ഇതിനു പുറമേ മഗ്ദലന മറിയം എഴുതാന്‍ മഹാകവി വളളത്തോളിനു പ്രേരണ നല്‍കിയതും വര്‍ഗീസാണ്. അദ്ദേഹം തന്നെയാണ് ആ ഖണ്ഡകാവ്യത്തിന് അവതാരികയും ടിപ്പണിയും എഴുതിയതും.
ചിത്രമെഴുത്ത് കെ.എം. വര്‍ഗീസിന്റെ പാണ്ഡിത്യവും പ്രാഗല്ഭ്യവും കണക്കിലെടുത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് 1939ല്‍ മാവേലിക്കര വില്ലേജ് കോടതി ജഡ്ജിയായും രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായും നിയമിച്ചിരുന്നു.

കൃതികള്‍

ബുള്‍പ്പട്ടിക്കു വെച്ച കാടി (കഥ)
ആനന്ദഭൈരവി (കഥ)
സുഖസ്വപ്നം (ഗദ്യ കവിത)
ചെങ്കോലുംമുരളിയും (മലയാളത്തിലെ ആദ്യഗദ്യകവിതാ സമാഹാരം).