പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്നു എം.എന്‍. വിജയന്‍ (ജനനം: 1930 ജൂണ്‍ 8, മരണം: 2007 ഒക്ടോബര്‍ 3) 1930 ജൂണ്‍ 8നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായി ജനിച്ചു. പതിനെട്ടരയാളം എല്‍.പി. സ്‌കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ. 1952ല്‍ മദിരാശി ന്യൂ കോളെജില്‍ അദ്ധ്യാപകനായി. 1959ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ അദ്ധ്യാപകനായി. 1960ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകനായി. 1985ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.

ശാരദയാണ് ഭാര്യ. ചെറുകഥാകൃത്തും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടറുമായ വി.എസ്. അനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ റിസര്‍ച്ച് ഓഫീസറായ വി.എസ് സുജാത, കൊച്ചിയില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥയായ വി.എസ് സുനിത എന്നിവര്‍ മക്കളാണ്.

കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു. മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു അത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമര്‍ശകന്‍ എം.എന്‍. വിജയനാണ്. മാര്‍ക്‌സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചു.കാളിദാസന്‍, കുമാരനാശാന്‍,ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ,വൈലോപ്പിള്ളി, ബഷീര്‍ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സഹയാത്രികനായിരുന്നു. പിന്നീട് സംസ്ഥാന അധ്യക്ഷനായി. സി. പി. എം ന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി. സി.പി.എം. മലപ്പുറം സമ്മേളനത്തിനു മുന്‍പ് ആ പാര്‍ട്ടിയില്‍ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ ‘പാഠം’ മാസികയുടെ പത്രാധിപ ചുമതല അദ്ദേഹം ഏറ്റെടുത്തു. അതോടെ ദേശാഭിമാനിയുടെ വാരികയുടെ പത്രാധിപ ചുമതല രാജിവച്ചു. ഇടതുപക്ഷചിന്തകനായിരുന്ന അദ്ദേഹം സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ മാര്‍ക്‌സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിച്ചു.
2007 ഒക്ടോബര്‍ 3ന് ഉച്ചക്ക് 12 മണിക്കു തൃശൂരില്‍ അന്തരിച്ചു.തൃശ്ശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ‘കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം’ എന്നതായിരുന്നു അദ്ദേഹം അവസാനമായി പറഞ്ഞ വാചകങ്ങള്‍.

കൃതികള്‍

മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
ചിതയിലെ വെളിച്ചം
മരുഭൂമികള്‍ പൂക്കുമ്പോള്‍
പുതിയ വര്‍ത്തമാനങ്ങള്‍
നൂതന ലോകങ്ങള്‍
വര്‍ണ്ണങ്ങളുടെ സംഗീതം
കവിതയും മനഃശാസ്ത്രവും
ശീര്‍ഷാസനം
കാഴ്ചപ്പാട്
അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍
വാക്കും മനസും
ഫാസിസത്തിന്റെ മനഃശാസ്ത്രം
സംസ്‌കാരവും സ്വാതന്ത്ര്യവും
അടയാളങ്ങള്‍
ചുമരില്‍ ചിത്രമെഴുതുമ്പോള്‍

പുരസ്‌കാരം
1982ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-ചിതയിലെ വെളിച്ചം