വേണുക്കുട്ടന്‍ നായര്‍ പി.കെ. (പി.കെ. വേണുക്കുട്ടന്‍ നായര്‍)
നാടക പ്രവര്‍ത്തകനും സംവിധായകനുമായിരുന്നു പി.കെ. വേണുക്കുട്ടന്‍ നായര്‍ (ജനനം 14 ജൂലൈ 1934 മരണം -26 നവംബര്‍ 2012). നാടകപ്രവര്‍ത്തകനായിരുന്ന പി.കെ കൃഷ്ണപിള്ളയാണ് പിതാവ്. അമ്മ: എല്‍ കാര്‍ത്യായനിയമ്മ. അച്ഛനും സഹോദരന്മാരായ പി.കെ വിക്രമന്‍നായരും പി.കെ വാസുദേവന്‍ നായരുമായിരുന്നു വേണുക്കുട്ടന്‍ നായരുടെ ഗുരുക്കന്മാര്. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകനായി മാറി. ഇരുപതാം വയസ്സില്‍ നടനായി. എഞ്ചിനീയറിങ് പഠനം പാതിവഴിക്ക് നിര്‍ത്തിയാണ് നാടകലോകത്തേക്കിറങ്ങിയത്. അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികള്‍ മലയാളി നാടകാസ്വാദകര്‍ക്ക് മുമ്പില്‍ ആദ്യമായി എത്തിച്ചത് വേണുക്കുട്ടന്‍ നായരായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടന്‍ നായര്‍, 30 ലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സ്വയംവരം, ഉള്‍ക്കടല്‍, സ്വപ്നാടനം, ഒരു ചെറുപുഞ്ചിരി എന്നിവ അതില്‍ പെടുന്നു. കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകെ 95 നാടകങ്ങള്‍ സംവിധാനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഡ്രാമ ആരംഭിച്ചതു മുതല്‍ ദീര്‍ഘകാലം അവിടെ അധ്യാപകനായിരുന്നു. ഡ്രാമാറ്റിക് ബ്യൂറോ, കലാകൈരളി, കലാവേദി, ശ്രീചിത്തിരതിരുനാള്‍ വായനശാല, പ്രസാധന, കള്‍ട്ട് തൃശൂര്‍, രംഗപ്രഭാത്, സുവര്‍ണ്ണരേഖ എന്നിവയുടെ സംഘാടകനായ വേണുക്കുട്ടന്‍ നായര്‍, തിരുവനന്തപുരം സംഘശക്തി, സംഘചേതന, അഹല്യ, അതുല്യ, നെയ്യാറ്റിന്‍കര സ്വദേശാഭിമാനി തിയേറ്റേഴ്സ്, വടകര വരദ, തൃശൂര്‍ യമുന എന്‍ര്‍ടൈനേഴ്സ്, കണ്ണൂര്‍ സംഘചേതന തുടങ്ങിയ പ്രൊഫഷണല്‍ നാടകസമിതികള്‍ക്ക് വേണ്ടി ഒട്ടേറെ നാടകങ്ങള്‍ സംവിധാനം ചെയ്തു.
കൃതികള്‍
ഹാംലെറ്റ്
അമ്മ ഏലംകുളം മനയ്ക്കലെ അമ്മ
ആന്റിഗണി ഉള്‍പ്പെടെ 13 നാടകങ്ങളുടെ വിവര്‍ത്തനം
പുരസ്കാരം
മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാലുതവണ
നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം
Leave a Reply Cancel reply