ശുഭാനന്ദഗുരു
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവന്ന നവോത്ഥാന നായകനാണ് ശുഭാനന്ദ ഗുരു. സാംബവ സമുദായത്തില്‍ നവോത്ഥാന പാത വെട്ടിത്തുറന്നവരില്‍ പ്രമുഖനായിരുന്നു. ചെങ്ങന്നൂരിനടുത്ത് ബുധനൂര്‍ ഗ്രാമത്തില്‍ ഇട്ട്യാതി-കൊച്ചുനീലി ദമ്പതികളുടെ മകനായി 1882 ഏപ്രില്‍ 28 ന് ജനിച്ച പാപ്പന്‍കുട്ടിയാണ് പിന്നീട് ശുഭാനന്ദഗുരു എന്ന പേരില്‍ പ്രസിദ്ധനായത്.
അദ്ദേഹത്തിന് കഠിനമായ ദാരിദ്ര്യപീഡക്ക് പുറമേ അന്ന് സവര്‍ണ മേധാവിത്വത്തിന്റെ ക്രൂരതയും അനുഭവിക്കേണ്ടി വന്നു. പന്ത്രണ്ടാം വയസ്സില്‍ അമ്മയുടെ മരണത്തിനു ശേഷം പാപ്പന്‍കുട്ടി ദേശാടനത്തിന് പോയി. തന്റെ യാത്രയില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും അദ്ദേഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. തന്റെ സമുദായത്തിന്റെ അടിമത്ത സമാനമായ ജീവിതം അദ്ദേഹത്തെ വേദനിപ്പിച്ചു. ആത്മീയതയില്‍ ഊന്നിയ സാമൂഹിക വിപ്ലവത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാപ്പന്‍കുട്ടി തീരുമാനിച്ചു.
1918 ല്‍ ചെന്നിത്തലയില്‍ വച്ച് അദ്ദേഹം കാഷായമുടുത്ത് ശുഭാനന്ദന് എന്ന പേരു സ്വീകരിച്ചു. ആ വര്‍ഷം തന്നെ ചെറുകോല്‍ ഗ്രാമത്തില്‍ ഒരു ആശ്രമവും സ്ഥാപിച്ചു.’ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദഗുരുവും സ്വീകരിച്ചത്. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ തന്റെ ആശയ പ്രചാരണത്തിനായി 1926 ല്‍ അദ്ദേഹം ആത്മബോധോദയ സംഘം എന്ന സംഘടന രൂപീകരിച്ചു.
തന്റെ സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശുഭാനന്ദഗുരു ശക്തമായി എതിര്‍ത്തു. 1934 ജനുവരി 19ന് മാവേലിക്കരയ്ക്കടുത്തുള്ള തട്ടാരമ്പലത്തു വച്ച് ശുഭാനന്ദഗുരുവിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയെ സ്വീകരിച്ചു. ഗാന്ധിജി അന്ന് ആത്മബോധോദയ സംഘത്തിന് ഇരുപത്തഞ്ച് രൂപ സംഭാവന ചെയ്തു.
1935 നവംബര്‍ 10 ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവിന്റെ നേതൃത്വത്തില്‍ 101 അനുയായികള്‍ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തുകയും മഹാരാജാവിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. 1950 ജൂലൈ 29 ന് 69-ാം വയസ്സില്‍ ശുഭാനന്ദ ഗുരുദേവന് സമാധിയായി. ഭൗതികശരീരം മാവേലിക്കര കൊട്ടാര്‍ക്കാവ് ആശ്രമത്തില്‍ സംസ്കരിച്ചു.
ശുഭാനന്ദഗുരുവിന്റെ സമഗ്രമായ ജീവചരിത്രം അദ്ദേഹത്തിന്റെ ശിഷ്യനായ നീലകണ്ഠ തീര്‍ത്ഥര്‍ രചിച്ചിട്ടുണ്ട്. കവിയായ മുതുകുളം ശ്രീധരന് ഗുരുവിനെപ്പറ്റി ഒരു സംസ്കൃത കാവ്യം രചിച്ചിട്ടുണ്ട്. ഗുരുവിന്റെ അപൂര്‍ണമായ ആത്മകഥ ശേഖരിച്ചെടുത്ത് അഡ്വക്കേറ്റ് കരുനാഗപ്പള്ളി പി. കെ. പ്രസാദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply Cancel reply