സാമുവല്‍ ജോണ്സണ്
ഡോക്ടര്‍ ജോണ്സണ് എന്നും അറിയപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു സാമുവല്‍ ജോണ്സണ്. (ജനനം 1709 സെപ്റ്റംബര്‍ 18, മരണം: ഡിസംബര്‍ 1784) പത്രപ്രവര്‍ത്തകനായി തുടങ്ങി കവി, ഉപന്യാസകാരന്‍, ധാര്‍മ്മികചിന്തകന്‍, ആഖ്യായികാകാരന്‍, സാഹിത്യവിമര്‍ശകന്‍, ജീവചരിത്രകാരന്‍, എഡിറ്റര്‍, നിഘണ്ടുകാരന് എന്നീ നിലകളില്‍ മികച്ച സംഭാവനകള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് ഡോ.ജോണ്സണ് നല്കി. ആംഗ്ലിക്കന്‍ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോണ്സണ്, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകന്‍ (Man of letters) എന്നറിയപ്പെട്ടു.
സ്റ്റാഫോര്‍ഡ്ഷയറിലെ ലിച്ച്ഫീല്‍ഡില്‍ ജനിച്ച ജോണ്സണ് ഒരു വര്‍ഷം ഒക്സ്ഫോര്‍ഡിലെ പെംബ്രോക്ക് കലാലയത്തില്‍ പഠിച്ചശേഷം സാമ്പത്തികപരാധീനതമൂലം പഠനം നിര്‍ത്തി. പിന്നീട് അദ്ധ്യാപകവൃത്തി നോക്കി. തുടര്‍ന്ന് ലണ്ടനിലെത്തി ജെന്റില്‍മാന്‍സ് മാസികയില്‍ എഴുത്തുകാരനായി. ആദ്യകാലരചനകളില്‍ റിച്ചാര്‍ഡ് സാവേജിന്റെ ജീവിതം എന്ന ജീവചരിത്രകൃതി, ലണ്ടന്‍, ‘മനുഷ്യകാമനകളുടെ വ്യര്‍ഥത’ എന്നീ കവിതകള്‍, ഐറീന് എന്ന നാടകം എന്നിവ ഉള്‍പ്പെടുന്നു.
ഒന്പതുവര്ഷത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ജോണ്‍സന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755ല്‍ പ്രസിദ്ധീകരികരിച്ചത്. ആധുനിക ഇംഗ്ലീഷ് ഭാഷയെ വളര്‍ത്തി ആ നിഘണ്ടു. 150 വര്‍ഷത്തിനുശേഷം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു പൂര്‍ത്തിയാകുന്നതുവരെ, ജോണ്‍സന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടുവായി പരിഗണിക്കപ്പെട്ടു.
ജോണ്‍സന്റെ ദീര്‍ഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെല്‍ എഴുതിയ ‘സാമുവല്‍ ജോണ്‍സന്റെ ജീവിതം’ എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.
Leave a Reply Cancel reply