സി. എസ്.നായര്‍
സാഹിത്യ വിമര്‍ശന ചരിത്രകാരന്, അധ്യാപകന്, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് വിദ്വാന് സി.എസ്. നായര്‍. ജനനം : 1894 മരണം: 1942. പട്ടാമ്പിയിലെ പെരുമുടിയൂരില്‍ തൊടിവീട്ടില്‍ ശങ്കരന്‍നായര്‍ പാര്‍വതിയമ്മ ദമ്പതികളുടെ മകന്. വിദ്വാന് പരീക്ഷ പാസായി ഒരു വര്‍ഷം പട്ടാമ്പി സംസ്കൃതകോളജ് അധ്യാപകനായും തുടര്‍ന്ന് ആലുവ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളില്‍ മലയാളം അധ്യാപകനായും ജോലി ചെയ്തു. ദേശീയപ്രസ്ഥാനവുമായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായും സഹകരിച്ചു. സി എസ് നായരുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ സ്കൂള്‍ മാനേജ്മെന്റിന് അപ്രീതിയുണ്ടാക്കിയതിനെത്തുടര്ന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. മദിരാശി സംസ്കൃത കോളജിന്റെ വൈസ് പ്രിന്‍സിപ്പലായും മദ്രാസിലെ ലയോള കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. അക്കാലത്ത് മദ്രാസിലെ മലയാളികളുടെ കേരളോപഹാരം പത്രത്തിന്റെ
പ്രസാധകനായിരുന്നു. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍ ഭാഷാഗവേഷകനായി. മധ്യകാലത്തിലെ മലയാളഭാഷാവൃദ്ധി എന്നതായിരുന്നു വിഷയം. ഗവേഷണം പൂര്‍ത്തിയാക്കി പട്ടാമ്പിയില്‍ തിരിച്ചെത്തി, മൂന്നാംതവണയും സംസ്കൃത കോളേജില്‍ അധ്യാപകനായ അദ്ദേഹം പ്രിന്‍സിപ്പലായി. പൗരസ്ത്യ കാവ്യശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് സാഹിത്യവിമര്‍ശനം
നടത്തിയ സി.എസ്.നായര്‍ പാശ്ചാത്യകാവ്യ സിദ്ധാന്തങ്ങളിലും അവഗാഹം നേടി. അരുണോദയം, ആത്മപോഷിണി, ഉണ്ണിനമ്പൂതിരി, ഇസ്ലാംദീപം, കേരളകേസരി, കേരളവ്യാസന്, കൈരളി, കേരളീയകത്തോലിക്കന്, ഗുരുനാഥന്, ഭാഷാവിലാസം, ശാരദ, മംഗളോദയം എന്നിങ്ങനെ 36 ആനുകാലികങ്ങളില്‍ സി എസ് നായരുടെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികള്‍
കഥാകലിക (കഥാസമാഹാരം),
ഊര്‍മിള (നോവല്‍)
മഹത്ത്വവൈഭവം (ചരിത്രനാടകം)
സുവര്ണപഞ്ജരം
ചമ്പൂസാഹിത്യം
സി.എസ്. നായരുടെ ഉപന്യാസങ്ങള്‍ (2 ഭാഗം)
Leave a Reply Cancel reply