സി.ജെ.തോമസ് (സി.ജെ.തോമസ്)
നാടകകൃത്തും സാഹിത്യ നിരൂപകനും ചിന്തകനുമായിരുന്നു സി.ജെ. തോമസ്. ജനനം: 1918 നവംബര്‍ 14 മരണം: 1960 ജൂലൈ 14,). ചൊള്ളമ്പേല്‍ യോഹന്നാന് തോമസ് എന്നാണ് പൂര്‍ണപേര്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പത്രപ്രവര്ത്തകന്, ചിത്രകാരന് എന്നീ നിലകളിലും അറിയപ്പെട്ടു.
കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ ളോഹ ഉപേക്ഷിച്ചു തിരിച്ചുപോന്നു. ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. ആലുവ യൂണിയന്
ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ബിരുദവും, തിരുവനന്തപുരം ലാ കോളേജില്‍ നിന്ന് 1943ല്‍ നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി.
ലാ കോളേജിലെ വിദ്യാഭ്യാസത്തിനിടയ്ക്ക് സി.ജെ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന് പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. നാലഞ്ചുവര്‍ഷത്തോളം അതില്‍ സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്ന് ബോധ്യമായപ്പോള്‍ പുറത്തുപോന്നു.
വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി. പിന്നീട് അവസാനം വരെ പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവര്‍ത്തിച്ചു.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകള്‍ക്ക് ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ വരച്ച് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു മാറ്റങ്ങളുടെ തുടക്കം കുറിച്ചത് സിജെയാണ്. പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തത്. പ്രശസ്ത കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയാണ്.
എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളേജില്‍ (പോള്‍സ് കോളേജില്‍) ഇംഗ്ലീഷ് അധ്യാപകനായി എത്തിയകാലത്ത് (1945) സി. ജെ. തോമസ്, പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണയത്തിലായി.
റോസിയുടെയും സി.ജെ.യുടെയും പ്രണയത്തോട് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന് യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭ മാറണമെന്ന വ്യവസ്ഥയിലാണ് എം.പി. പോള്‍ അവരുടെ വിവാഹത്തിന് സമ്മതം നല്‍കിയത്. പ്രൊഫസര്‍ എം.പി. പോളുമായുള്ള ബന്ധവും പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതുകാര്യവും മൗലികമായും വിദഗ്ദ്ധമായും അവതരിപ്പിക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്ക്.
വിവാഹശേഷം ആകാശവാണിയുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവെച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു. സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയില്‍ സൂക്ഷിക്കാന്‍ മറക്കാറില്ലെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. എന്‍.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.ആണ്.
കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ. പ്രവര്‍ത്തിച്ചിരുന്നു. എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.
അവന് വീണ്ടും വരുന്നു എന്ന നാടകം 1949ല്‍ പ്രസിദ്ധീകരിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഇതില്‍ പ്രകടമാണ്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ 1979ല്‍ പ്രസിദ്ധീകരിച്ചു. 1950ല്‍ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. 1953ല്‍ പ്രസിദ്ധീകരിച്ച ഇവന് എന്റെ പ്രിയ പുത്രന് എന്ന കൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ സമാഹാരമാണ്. വേഷവും സദാചാരവും, കുറുക്കുവഴികള്‍, എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?, എന്റെ ചങ്ങമ്പുഴ തുടങ്ങിയ ഉപന്യാസങ്ങളാണ് ഇതില്‍.
ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങള്‍ സി.ജെ. തോമസ് ഉള്‍ക്കൊണ്ടു. മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദര്‍ശനവും സ്വാംശീകരിച്ച നാടകങ്ങള്‍ സി.ജെ.യാണ് മലയാളത്തില്‍ അവതരിപ്പിച്ചത്.
തമിഴിലെ പ്രശസ്ത എഴുത്തുകാരനായ സുന്ദരരാമസ്വാമി രചിച്ച ജെ.ജെ: ചില കുറിപ്പുകള്‍ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ജെ.ജെ യുടെ പ്രാഗ് രൂപം സി.ജെ. തോമസാണെന്നു കരുതപ്പെടുന്നു.
1959ല്‍ വിമോചനസമരത്തിന്റെയൊപ്പം സിജെ നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. സ്വന്തം ചിന്തകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അതീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ തയ്യാറായില്ല.
നാല്പത്തിരണ്ടാമത്തെ വയസ്സില്‍ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂലൈ 14ന് അന്തരിച്ചു. മസ്തിഷ്കാര്‍ബുദമായിരുന്നു രോഗം. ഭര്‍ത്താവിന്റെ മരണാനന്തരം ഭാര്യ റോസി തോമസ് ഇവന് എന്റെ പ്രിയ സി.ജെ. എന്ന പേരില്‍ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിച്ചു.
സി.ജെ.യെ ആദരിക്കാന്‍ സ്നേഹിതര്‍ 1961ല്‍ രൂപം കൊടുത്ത സാഹിത്യചര്ച്ചാവേദിയാണ് സി.ജെ. സ്മാരക പ്രസംഗസമിതി. 1961 ല്‍ സി.ജെ. സ്മാരക പ്രസംഗം ആരംഭിച്ചു. പാസുമൂലമായിരുന്നു പ്രവേശനം. പ്രതിവര്‍ഷം തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ചാണ് പ്രസംഗം. സാഹിത്യം മാത്രമല്ല സാഹിത്യേതര
വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടാറുണ്ട്. എങ്കിലും നാടകത്തിനായിരുന്നു മുന്തിയ പരിഗണന.
ചര്‍ച്ചകള്‍, സംവാദങ്ങള്‍, പുസ്തകപ്രസാധനം എന്നിവയാല്‍ സജീവമായ വേദിയായിരുന്നു ഇതു്. സമ്മേളനങ്ങളില്‍ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ആദ്യകാലത്ത് പുസ്തകങ്ങളാക്കിയിരുന്നു. നാടകം ഒരു പഠനം, നോവല്‍, ശാസ്ത്രയുഗത്തില്‍, ജവഹര്‍ലാല്‍ നെഹ്റു, നാടകക്കളരി, റോമില്‍ നിന്നുള്ള കത്തുകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. പല കാരണങ്ങളാല്‍ അതു തുടരാന്‍ കഴിഞ്ഞില്ല.
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും മുന്‍കയ്യെടുത്ത് 2009ല്‍ സി.ജെ സ്മാരക മന്ദിരം പണിതീര്‍ത്തു. സി.ജെ സ്മാരക പ്രസംഗസമിതിയുടെ ഓഫീസ് ഇവിടെയാണ്.
കൃതികള്‍
സോഷ്യലിസം (1948)
മതവും കമ്യൂണിസവും (1948)
അവന് വീണ്ടും വരുന്നു (1949)
ഉയരുന്ന യവനിക (1950)
വിലയിരുത്തല്‍ (1951)
ഇവനെന്റെ പ്രിയ പുത്രന് (1953)
1128 ല്‍ ക്രൈം 27 (1954)
ശലോമി (1954)
ആ മനുഷ്യന് നീ തന്നെ (1955)
ധിക്കാരിയുടെ കാതല്‍ (1955)
മനുഷ്യന്റെ വളര്‍ച്ച (1960 )
പിശുക്കന്റെ കല്യാണം (1960)
വിഷവൃക്ഷം (1960)
സി.ജെ.വിചാരവും വീക്ഷണവും (1985)
അന്വേഷണങ്ങള്‍(2004)
വിവര്‍ത്തനങ്ങള്‍
ജനുവരി ഒമ്പത് (1952)
ആന്റിഗണി(1955)
നട്ടുച്ചക്കിരുട്ട്(1955)
ഭൂതം (1956)
രണ്ടു ചൈനയില്‍(1956)
ലിസി സ്ടാറ്റ (1960)
കീടജന്മം (1960)
Leave a Reply Cancel reply