സുകുമാര്‍ അഴീക്കോട്
പ്രശസ്തനായ സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട് (ജനനം: മേയ് 12, 1926 മരണം: ജനുവരി 24 2012). സെന്റ് ആഗ്നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ വീട്ടില്‍ വിദ്വാന് പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകന്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിലാണ് സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട് ജനിച്ചത്. അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. 1946ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്നു വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജില്‍ നിന്ന് അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. 1948ല്‍ കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി. മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1981ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളെജില്‍ മലയാളം ലക്ചററായി. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്നിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു. 1986ല്‍ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും ചുമതല വഹിച്ചിട്ടുണ്ട്.1962ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. അവിവാഹിതനായിരുന്നു. പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയന്‍, ഗവേഷകന്, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഇരുപതാമത്തെ വയസ്സില്‍ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാര്‍ അഴീക്കോട് തന്റെ ആത്മകഥയില്‍ ഓര്‍മ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡല്‍ഹിയില്‍ പോയ അദ്ദേഹം, തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമില്‍ ചെന്ന് കണ്ടത്. പ്രസംഗ കലയിലൂടെ സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുകുമാര്‍ അഴികോട് ഫൗണ്ടേഷന് 2010 മെയ് 29 നു ആരംഭിച്ചു. സുകുമാര്‍ അഴികോട് ഫൗണ്ടേഷന് പ്രസംഗ പരിശീലന കളരി ആയ ടോപ്പ് അക്കാദമി ഏറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു ആത്മവിദ്യാസംഘത്തിന്റെ സ്വാധീനം കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളില്‍ തല്പരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ പിന്നീട് അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനായി. വൈക്കം മുഹമ്മദ് ബഷീര്‍ 'സാഗരഗര്‍ജന'മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചു. ഗാന്ധിയനായ താന്‍ കോണ്‍ഗ്രസ്സുകാരനായി മരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോണ്‍ഗ്രസ്സ് മരിച്ചുപോയെന്നും അദ്ദേഹം പ്രസംഗിച്ചു. ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. സാമൂഹികസാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു. പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നല്കിയ പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ചുനല്‍കി അഴീക്കോട് ധീരമായ നിലപാടെടുത്തത് വിവാദമായിരുന്നു.
കൃതികള്‍
ആശാന്റെ സീതാകാവ്യം 1954
രമണനും മലയാളകവിതയും 1956
പുരോഗമനസാഹിത്യവും മറ്റും 1957
മഹാത്മാവിന്റെ മാര്‍ഗ്ഗം 1959
ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു 1963
മഹാകവി ഉള്ളൂര്‍ 1979
വായനയുടെ സ്വര്‍ഗ്ഗത്തില്‍ 1980
മലയാള സാഹിത്യവിമര്‍ശനം 1981
ചരിത്രം സമന്വയമോ സംഘട്ടനമോ? 1983
തത്ത്വമസി 1984
മലയാള സാഹിത്യപഠനങ്ങള്‍ 1986
വിശ്വസാഹിത്യ പഠനങ്ങള്‍ 1986
തത്ത്വവും മനുഷ്യനും 1986
ഖണ്ഡനവും മണ്ഡനവും 1986
എന്തിനു ഭാരതാംബേ 1989
അഴീക്കോടിന്റെ സംഭാഷണങ്ങള്‍ (എഡിറ്റര്‍: പി.വി.മുരുകന് 1993)
ഗുരുവിന്റെ ദുഃഖം 1993
അഴീക്കോടിന്റെ ഫലിതങ്ങള്‍ 1995
അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ 1995
ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ 1997
പാതകള്‍ കാഴ്ചകള്‍ 1997
നവയാത്രകള്‍ 1998
ഭാരതീയത 1999
പുതുപുഷ്പങ്ങള്‍ 1999
തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എഡിറ്റര്‍: ബാലചന്ദ്രന് വടക്കേടത്ത് 1999
ദര്‍ശനം സമൂഹം വ്യക്തി 1999
പ്രിയപ്പെട്ട അഴീക്കോടിനു് 2001
ഇന്ത്യയുടെ വിപരീത മുഖങ്ങള്‍ 2003
എന്തൊരു നാട് 2005
അഴീക്കോടിന്റെ ലേഖനങ്ങള്‍ 2006
നട്ടെല്ല് എന്ന ഗുണം 2006
അഴീക്കോടിന്റെ ആത്മകഥ
വിവര്‍ത്തനങ്ങള്‍
ഒരു കൂട്ടം പഴയ കത്തുകള്‍ 1964
ഹക്കിള്‍ബെറി ഫിന്നിന്റെ വിക്രമങ്ങള്‍ 1967
ജയദേവന് 1980
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1985-മലയാള സാഹിത്യ വിമര്‍ശനം
മാതൃഭൂമി പുരസ്കാരം 2011
വയലാര്‍ അവാര്‍ഡ് 1989
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
രാജാജി അവാര്‍ഡ്
സുവര്‍ണ്ണ കൈരളി അവാര്‍ഡ്
പുത്തേഴന്‍ അവാര്‍ഡ്
എഴുത്തച്ഛന് പുരസ്കാരം 2004
സി.എന്‍. അഹമ്മദ് മൗലവി എം.എസ്.എസ് അവാര്‍ഡ്
Leave a Reply Cancel reply