ഹൃദയകുമാരി.ബി
നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ബി. ഹൃദയകുമാരി
ജനനം: 1930 സെപ്റ്റംബര്‍ 1 ആറന്മുളയില്‍.
മരണം: 2014 നവംബര്‍ 8
ആറന്മുളയില്‍ വാഴപ്പള്ളില്‍ തറവാട്ടിലായിരുന്നു ജനനം. സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും ഗവ. വിമന്‍സ് കോളജിലെ സംസ്‌കൃതം പ്രൊഫസര്‍ വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളാണ്. സാമൂഹിക പരിഷ്‌കര്‍ത്താവായ പിതാവ് ഹൃദയകുമാരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിന്തകളെ ഏറെ ആരാധിച്ചിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി രണ്ടുവര്‍ഷക്കാലത്തോളം കഴിഞ്ഞു. കവയിത്രി സുഗതകുമാരിയും പ്രൊഫ. സുജാതാ ദേവിയും സഹോദരിമാരാണ്. തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, യൂണിവേഴ്‌സിറ്റി കോളജ്, വിമന്‍സ് കോളജ് തുടങ്ങിയ കോളേജുകളില്‍ അധ്യാപികയായിരുന്നു. വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചു.
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷയും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗവുമായിരുന്നു.കേരളത്തിലെ സര്‍വകലാശാലകളിലും കോളജുകളിലും ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു.
കാല്‍പനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചുനടന്ന നിരൂപക മലയാളത്തിന്റെയും ആംഗലേയത്തിന്റെയും ക്ലാസ്സിക് കവികളുടെ ഭാവപ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് കാല്‍പനികത എന്ന മികച്ച കലാഗ്രന്ഥം രചിച്ചു. വള്ളത്തോള്‍ കൃതികള്‍ ഇംഗ്ലീഷിലേക്കും ടാഗോര്‍ കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു.
മനോരമ ന്യൂസില്‍ പത്രപ്രവര്‍ത്തക ആയ മകള്‍ ശ്രീദേവി പിള്ളയോടൊപ്പമായിരുന്നു ഹൃദയകുമാരി താമസിച്ചിരുന്നത്.
കൃതികള്‍
ഓര്‍മ്മകളിലെ വസന്തകാലം
വള്ളത്തോള്‍
കാല്പനികത
'നവോത്ഥാനം ആംഗലസമൂഹത്തിന്'
'നന്ദിപൂര്‍വം' (ആത്മകഥ)
ചിന്തയുടെ ചില്ലുകള്‍
ഹൃദയപൂര്‍വം
വള്ളത്തോള്‍
രവീന്ദ്രനാഥ ടാഗോര്‍ കൃതികള്‍ (വിവര്‍ത്തനം)
വള്ളത്തോള്‍ കൃതികള്‍ (വിവര്‍ത്തനം)
പുരസ്‌കാരങ്ങള്‍
'വനിതാരത്‌നം' (2014)
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (കാല്പനികത)
ക്യാപറ്റന്‍ ലക്ഷ്മി പുരസ്‌കാരം
സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി പുരസ്‌കാരം
ഗുപ്തന്‍ നായര്‍ പുരസ്‌കാരം
Leave a Reply Cancel reply