പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹ്യ നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം 1939 നവംബര്‍ 22- മരണം 1998 മെയ് 19). നാണപ്പന്‍ എന്ന് സ്‌നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയില്‍ ജനിച്ചു. അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്നും കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടി. ഡല്‍ഹിയിലെ കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനില്‍ 5 വര്‍ഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. ഹോങ്കോങ്ങിലെ 'ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ'വില്‍ സബ് എഡിറ്ററായി ചേര്‍ന്ന് ധനകാര്യപത്രപവര്‍ത്തനം ആരംഭിച്ചു. 1970 മുതല്‍ 1972 വരെ അദ്ദേഹം ബോംബെയില്‍ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാര്‍ത്തയുടെ ഇന്ത്യന്‍ വാര്‍ത്താ ലേഖകനായും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂവിന്റെ പത്രാധിപരായി.
    ഏഷ്യന്‍ ഇന്‍ഡസ്റ്റ്രീസ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ തലവന്‍ ആയിരുന്നു. മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960കളില്‍ ന്യൂഡല്‍ഹിയില്‍ ഒത്തുകുടിയ യുവ എഴുത്തുകാരുടെ കൂട്ടത്തില്‍ ഒരാളാണ് എം.പി. നാരായണപിള്ള. ഈകുട്ടത്തില്‍ പെട്ട ഓ വി വിജയന്‍, എം മുകുന്ദന്‍, കാക്കനാടന്‍, വി.കെ.എന്‍ എന്നിവരോടോപ്പോം നാരായണപിള്ളയും മലയാള സാഹിത്യത്തിന്റെ ആധുനിക യുഗത്തിന്റെ തുടക്കകരനായി കരുതപ്പെടുന്നു. ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും പരിണാമം എന്ന ഒറ്റ നോവല്‍ മാത്രമേ നാരായണപിള്ള എഴുതിയിട്ടുള്ളൂ.1998 മെയ് 19 ന് മുംബൈയില്‍ വച്ച് അന്തരിച്ചു.
എം.പി നാരായണപിള്ള പരിണാമത്തെ കുറിച്ച്:
'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ്.'
 ഒരു നായയാണ് പരിണാമത്തിലെ കേന്ദ്ര കഥാപാത്രം.'ആത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നുനില്‍ക്കുന്നത് ആദര്‍ശവാദികളുടെയോ നിസ്സ്വാര്‍ത്ഥസേവകരുടെയോ വികാരജീവികളുടെയോ കൈയിലായിരിക്കില്ല. അധികാരത്തിനുള്ള മത്സരത്തില്‍ വെറും കരുക്കളാകാനേ അത്തരക്കാര്‍ക്കു പറ്റൂ. മറിച്ച്, ലളിതവല്‍ക്കരിച്ച ചിന്താശീലവും കറകളഞ്ഞ ക്രൂരതയും കൈമുതലായ പൂയില്യനെപ്പോലത്തെ ചില അപൂര്‍വ മനുഷ്യരുണ്ട്. പാതി മൃഗവും പാതി മനുഷ്യരുമായവര്‍. സ്വന്തം സംഘത്തിനകത്തെ എതിര്‍പ്പുകളെ ചവിട്ടിയരയ്ക്കാനുള്ള നിര്‍ദ്ദയത്വം മാത്രമല്ല; ഭ്രാന്തുപോലുള്ള അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവരില്‍ കാണും. ചുറ്റുമുള്ള വൈതാളികര്‍ പാതിമൃഗമായ ആ നേതാവിന്റെ ക്രൂരതകളെ പുറംലോകത്തിനുവേണ്ടി ദൈവവല്‍ക്കരിക്കുവാനാകും ശ്രമിക്കുക. ഒരു പാര്‍ട്ടിയിലെ കാര്യമല്ലിത്. മറ്റു മനുഷ്യരെ ഭരിക്കാന്‍ മോഹിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലെയും എല്ലാ വലിയ നേതാക്കന്‍മാരുടെയും കഥയാണ്. മനുഷ്യനെ ഭരിക്കാന്‍ ആദ്യം ഉപേക്ഷിക്കേണ്ടത് മനുഷ്യത്വമാണ്'

കൃതികള്‍

    56 സത്രഗലി
    പരിണാമം
    എം.പി. നാരായണപിള്ളയുടെ കഥകള്‍
    ഹനുമാന്‍ സേവ
    അവസാനത്തെ പത്തുരൂപ നോട്ട് (സ്മരണകള്‍)
    മൂന്നാംകണ്ണ്  ജീവചരിത്രപരമായ ഉപന്യാസങ്ങള്‍
        (ഭാഗം 1: സി.പി. രാമചന്ദ്രന്‍, വി.കെ.എന്‍., മാധവിക്കുട്ടി (കമലാദാസ്), മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി. ഗോവിന്ദപ്പിള്ള, കെ. കരുണാകരന്‍, ബാബുഭാസ്‌കര്‍)
        (ഭാഗം 2: കെ.സി. മാമന്‍ മാപ്പിള, എ.ഡി. ഗോര്‍വാല)
    വായനക്കാരെ പൂവിട്ടു തൊഴണം
    ഉരുളയ്ക്കുപ്പേരി
    ഇന്നലെ കാക്ക വന്നോ? പിണ്ഡം കൊത്തിയോ
    ആറാം കണ്ണ്
    മദ്യപുരാണം
    പിടക്കോഴി കൂവാന്‍ തുടങ്ങിയാല്‍
    വെളിപാടുകള്‍
    മുരുഗന്‍ എന്ന പാമ്പാട്ടി
    കാഴ്ചകള്‍ ശബ്ദങ്ങള്‍
    കെന്റക്കി  ചിക്കന്‍ കടകള്‍ തല്ലിപ്പൊളിക്കണോ?
    
പുരസ്‌കാരം
    പരിണാമത്തിന് കേരള സാഹിത്യ അക്കാദമിയുടെ 1992ലെ പുരസ്‌കാരം ലഭിച്ചെങ്കിലും തന്റെ ചില നിബന്ധനകള്‍ പുരസ്‌കാര കമ്മിറ്റി അംഗീകരിക്കാത്തതിനാല്‍ അദ്ദേഹം പുരസ്‌കാരം നിരസിച്ചു.