സനല്‍ ഇടമറുക്
പ്രശസ്ത യുക്തിവാദിയും പത്രപ്രവര്‍ത്തകനുമായ ജോസഫ് ഇടമറുകിന്റെ മകനാണ് സനല്‍ ഇടമറുക്. ജനനം 1955 മേയ് 26ന് തൊടുപുഴയില്‍. ഹിന്ദു-ക്രിസ്ത്യന്‍ മിശ്രദമ്പതിമാര്‍ക്ക് ജനിച്ചതിനാല്‍ ഔപചാരികമായി മതവിദ്യാഭ്യാസം ലഭിച്ചില്ല. പതിനഞ്ചാം വയസുമുതല്‍ യുക്തിവാദ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
1977 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എം ഫില്‍ ബിരുദവും.
യുക്തിചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് നിദാനമായ പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങള്‍ അനാവരണം ചെയ്യുന്ന രീതിയില്‍ അന്വേഷണാത്മകമായ കണ്ടെത്തെലുകള്‍ നടത്തി. കേരളത്തില്‍ സനലും കൂട്ടരും സംഘടിപ്പിച്ച ഒരു റോഡ് ഷോയില്‍ അതീന്ദ്രമായതെന്നു സന്യാസിമാരും മതഗുരുക്കളും അവകാശപ്പെടുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരന് ചെയ്യാന്‍ കഴിയുമെന്ന് കാട്ടിക്കൊടുത്തു.
2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നു ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തി ക്രിസ്തുവിന്റെ കാലില്‍ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനല്‍ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം ബോധ്യപ്പെടുത്തി. പ്രതിമ നില്ക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നില്ക്കുന്ന ചെറിയ കനാലും അതിനു മുകളില്‍ തന്നെയായി ഒരു വാട്ടര്‍ടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്‍ എന്ന മര്‍ദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികില്‍ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്ന് അദേഹം വിശദീകരിച്ചു. എന്നാല്‍, മതമേലധികാരികള്‍ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നല്‍കുകയും മുംബൈ പോലീസ് കേസെടുക്കുകയുമാണുണ്ടായത്. മതവികാരം വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പുപറയണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടു. ഇത് സനല്‍ നിരസിച്ചതോടെ അവര്‍ കേസുമായി മുന്നോട്ടുപോയി.
ഡല്‍ഹിയില്‍ പുസ്തകപ്രസാധന സംരംഭവുമായി കഴിയുകയാണ് സനല്‍ ഇടമറുക്.
Leave a Reply Cancel reply