ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെ എത്തി ഇപ്പോള്‍ സിനിമയില്‍ സജീവമായ നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇന്ന് രാവിലെയായിരുന്നു മിന്നുകെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തില്‍ അവതരിപ്പിച്ചത്. ഇത് സെന്തിലിന് വലിയ രീതിയിലുള്ള പിന്തുണയാണ് നേടികൊടുത്തത്. ശേഷം പിന്നീട് വൈറസിലും മികച്ച വേഷം ചെയ്തു. 2009 ല്‍ ഇറങ്ങിയ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്‌റ്റേജ് ഷോകളില്‍ നിറഞ്ഞു നിന്ന താരം കൂടിയായിരുന്നു സെന്തില്‍. വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.