എക്കാലത്തേയും മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവ് എന്നാണ് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന
മഞ്ജു വാര്യര്‍, ഉര്‍വശി, സംവൃത സുനില്‍ തുടങ്ങിയ നടിമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ സംയുക്തയുടെ തിരിച്ചുവരവ് എന്നാണ്? ആരാധകരുടെ ചോദ്യം. എന്നാല്‍ ഇപ്പോഴിതാ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്ന് പറയുകയാണ് നടനും സംയുക്തയുടെ ഭര്‍ത്താവുമായ ബിജു മേനോന്‍.വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് സംയുക്ത ആണെന്നാണ് ബിജു മേനോന്‍ പറയുന്നത്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. താനൊരിക്കലും നിര്‍ബന്ധിക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ് സംയുക്തയുടെ തീരുമാനമെന്നും ബിജുമേനോന്‍ പറഞ്ഞു. ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം സംയുക്തക്കുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു. സിനിമ അറിയാവുന്ന ഭാര്യയായതിനാല്‍ തന്നെ തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പല അവസരത്തിലും പറഞ്ഞിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.