തിരുവനന്തപുരം: കേരളാ പി.എസ്.സി യുടെ മാതൃഭാഷാ അയിത്തത്തിനെതിരെ ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സംയുക്തസമരസമിതി അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നു. ഇതിനായി ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പുരോഗമനകലാസാഹിത്യസംഘം, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സാംസ്‌കാരിക രാഷ്ടീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്തസമരസമിതിയ്ക്ക് രൂപം നല്‍കി. സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 29 മുതല്‍ സാഹിത്യസാംസ്‌കാരികനായകരുടെ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം പി.എസ്.സി ആസ്ഥാനത്തു നടത്താന്‍ തീരുമാനിച്ചു.

കേരളമൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി കളെല്ലാം തന്നെ തൊഴില്‍ പരീക്ഷകള്‍ നടത്തുന്നത് അതതു മാതൃഭാഷയിലും ഭാഷാന്യൂനപക്ഷങ്ങള്‍ക്കായി ഇംഗ്ലീഷിലുമാണ്. കേരളാ പി.എസ്.സി മാത്രം കേരളീയരുടെ മാതൃഭാഷയും സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയുമായ മലയാളത്തിന് അയിത്തം കല്‍പിച്ചിരിക്കുകയാണ്. എല്ലാ ചോദ്യക്കടലാസുകളും മലയാളത്തില്‍ നല്‍കുന്നില്ല. ഇതു മൂലം പരീക്ഷകളില്‍ തോറ്റു പുറത്താകുന്നത് കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് മലയാളമാധ്യമവിദ്യാലയങ്ങളില്‍ നിന്നു പഠിച്ചെത്തി പരീക്ഷയെഴുതുന്ന സാധാരണക്കാരായ യുവതീയുവാക്കളാണ്. കാരണം പി.എസ്.സി നിര്‍ദ്ദേശിക്കുന്ന രണ്‍ു മണിക്കൂര്‍ സമയത്തിനുള്ളില്‍ മുഴുവന്‍ ചോദ്യങ്ങളും കൃത്യമായി വായിച്ചു മനസ്സിലാക്കി ശരിയായ ഉത്തരമെഴുതാന്‍ അവരില്‍ ഭൂരിപക്ഷത്തിനും കഴിയാറില്ല. ഇത് ദയനീയമായ സത്യമാണ്. അവസരതുല്യതയാണ് പി.എസ്.സി നിഷേധിക്കുന്നത്. ജനാധിപത്യത്തെയാണ് പി.എസ്.സി അപമാനിക്കുന്നത്. ഇതിനെതിരെ ഐക്യമലയാളപ്രസ്ഥാനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിവേദനങ്ങള്‍ നല്‍കി വരികയായിരുന്നു. സമരങ്ങളും ധര്‍ണകളും നടത്തി വരികയായിരുന്നു. പക്ഷേ പി.എസ്.സി നീതിനിഷേധവും ഭാഷാവിവേചനവും തുടരുക തന്നെയാണ്.

സംസ്ഥാനത്ത് 97.028 ശതമാനം പേരുടെ മാതൃഭാഷയാണ് മലയാളം. കേരളത്തില്‍ ജീവിക്കുന്ന ജനങ്ങളില്‍ മലയാളം നല്ലവണ്ണം അറിയുന്നവരുടെ എണ്ണം 98.98 ശതമാനമാണ്. കേന്ദ്രസര്‍ക്കാരിന്റെ സെന്‍സസ് ഇന്ത്യ പുറത്തു വിട്ട 2011ലെ വിവരങ്ങളനുസരിച്ച് കേരളത്തില്‍ ഇംഗ്ലീഷ് നല്ലവണ്ണം അറിയുന്നവരുടെ എണ്ണം ജനസംഖ്യയുടെ 21.24 ശതമാനം മാത്രമാണ്. ലോകത്തില്‍ മലയാളം മാതൃഭാഷയായുള്ളവരുടെ എണ്ണം ഗ്രീക്ക് ഉള്‍പ്പെടെയുള്ള ഓരോ യൂറോപ്യന്‍ ഭാഷ സംസാരിക്കുന്നവരേക്കാള്‍ കൂടുതലാണ് എന്നു കൂടി ഓര്‍ക്കണം.

ജനാധിപത്യത്തില്‍ ഭരണഭാഷ ഭരിക്കപ്പെടുന്നവരുടെ ഭാഷയാകണം. ഭരണം സൂതാര്യമാകുക എന്നാല്‍ ഭരണകാര്യങ്ങള്‍ ജനങ്ങള്‍ അവരുടെ ഭാഷയില്‍ അറിയുക എന്നതാണ്.

കരളത്തില്‍ 2017 മേയ് 1 മുതല്‍ സമസ്തമേഖലകളിലും ഭരണഭാഷ സമ്പൂര്‍ണ്ണമായി മലയാളമാണെന്ന  ഭരണഭാഷാപ്രഖ്യാപനത്തിന്റെ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. മാതൃഭാഷ ഭരണഭാഷ എന്നതാണ് കേരളസര്‍ക്കാരിന്റെ ഔദ്യോഗികനയം. ആ നയം നടപ്പാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേരളാ പി.എസ്.സി തൊഴില്‍ പരീക്ഷകള്‍ നടത്തുന്നത്. പക്ഷേ പി.എസ്‌സി ഇപ്പോള്‍ പരീക്ഷ നടത്തുന്ന രീതി ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കാരിനെക്കൂടി അപമാനിക്കലാണ്.

21 ശതമാനം പേര്‍ക്കു മാത്രമറിയുന്ന ഭാഷയില്‍ പരീക്ഷ നടത്തുമ്പോള്‍ അത് മഹാഭൂരിപക്ഷം ജനങ്ങളുടെ അവസരതുല്യത എന്ന അവകാശത്തിന്റെ നിഷേധവുമാണ്. ഇംഗല്‍ഷില്‍ മാത്രം പരീക്ഷ നടത്തുമ്പോള്‍ കളത്തിനു പുറത്താകുന്നത് സാധാരണക്കാരായ മലയാളികളാണ്. പി.എസ്.സി യുടെ ഭാഷാവിവേചനമാണിത്.

 

 

സംയുക്തസമരസമിതി  ഘടന

രക്ഷാധികാരികള്‍   പ്രൊഫ. എം.കെ.സാനു, അടൂര്‍ ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദന്‍, പിരപ്പന്‍കോടു മുരളി, പ്രൊഫ. വി.എന്‍.മുരളി, ഏഴാച്ചേരി  രാമചന്ദ്രന്‍, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, പൂവച്ചല്‍ ഖാദര്‍, ഷാജി. എന്‍. കരുണ്‍, അശോകന്‍ ചരുവില്‍ (പു.കാ.സ), ഡോ.ജോര്‍ജ്ജ് ഇരുമ്പയം (മലയാളസംരക്ഷണവേദി, എറണാകുളം), ഡോ.എം.ആര്‍.തമ്പാന്‍, കെ.പി.രാമനുണ്ണി, ബി.രമേഷ് (കേരളശാസ്ത്രസാഹിത്യപരിഷത്ത്), റ്റി.സി.മാത്തുക്കുട്ടി (എന്‍.ജി.ഒ യൂണിയന്‍ / എഫ്.എസ്.ഇ.ടി.ഒ), ഡോ.പി.പവിത്രന്‍, ഡോ. വി.പി.മാര്‍ക്കോസ് മലയാള ഐക്യവേദി എറണാകുളം

ചെയര്‍പേഴ്‌സണ്‍ പ്രാഫ.എ.ജി.ഒലീന

വൈസ് ചെയര്‍മാന്മാര്‍ സി.അശോകന്‍ (പു.കാ.സ) , ഡോ.കെ.എം.ഭരതന്‍ സംസ്ഥാനപ്രസിഡന്റ് മലയാള ഐക്യവേദി, കെ.കെ.സുബൈര്‍, ചെയര്‍മാന്‍, ഐക്യമലയാളപ്രസ്ഥാനം, സന്തോഷ് ഏറത്ത്, ഹരിദാസന്‍ സെക്രട്ടറി ഐക്യമലയാളപ്രസ്ഥാനം

കണ്‍വീനര്‍ ആര്‍.നന്ദകുമാര്‍ ഐക്യമലയാളപ്രസ്ഥാനം

ജോയിന്റ് കണ്‍വീനര്‍മാര്‍ ശ്രീകുമാര്‍ (എഫ്.എസ്.ഇ.ടി.ഒ),  ആര്‍.അജയന്‍, എന്‍.പി.പ്രിയേഷ് പാലക്കാട് മലയാള ഐക്യവേദിസംസ്ഥാനസെക്രട്ടറി, സജു കോച്ചേരി കോഴിക്കോട് ജോയിന്റ് സെക്രട്ടറി മലയാള ഐക്യവേദി, രാധാകൃഷ്ണന്‍ മടന്തകോട് ജില്ലാ സെക്രട്ടറി മലയാള ഐക്യവേദി കൊല്ലം.

ട്രഷറര്‍ ഡോ.എം.വി.തോമസ്‌