Archives for October, 2017 - Page 252
മഞ്ചണ
പച്ചമഞ്ഞള്‍ ഇടിച്ച് പിഴിഞ്ഞ വെള്ളം ഊറാന്‍വെച്ച്, വെള്ളം ഊറ്റിക്കളഞ്ഞ് ഊറിക്കിട്ടിയ നൂറ് മെഴുകുചേര്‍ത്ത് കാച്ചുന്നതാണ് മഞ്ചണ. മഞ്ഞള്‍ ഇടിക്കുവാന്‍ പ്‌ളാവിന്റെ ഉരലും ഉലക്കയും ഉപയോഗിക്കും.
മക്കത്തായം
പിതൃദായക്രമം. പുരുഷന്‍മാരിലൂടെ വംശാംഗത്വം സംക്രമിക്കുന്ന രീതി. വിവാഹശേഷം ഭാര്യ, ഭര്‍ത്തൃഭവനത്തിലെ അംഗമാകും. സ്വത്തവകാശവും മറ്റും ഈ ദായക്രമപ്രകാരം പുരുഷന്‍മാര്‍ക്കു മാത്രമാണ്. പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ ഭവനക്കാരിയായിത്തീരുന്നു. കേരളബ്രാഹ്മണര്‍ മക്കത്തായികളാണ്.
മകുടം
ഒരുതരം ചര്‍മവാദ്യം. വലിയ തപ്പുപോലുള്ളത്. ദക്ഷിണ തിരുവിതാംകൂറില്‍ കണിയാന്‍കൂത്തനും ഐവര്‍കളിക്കും, ശാര്‍ക്കരയില്‍ കാളിയൂട്ടിനും കോട്ടയത്തും മറ്റും അര്‍ജൂനനൃത്തത്തിനും മകുടം ഉപയോഗിക്കും. മകുടി എന്നത് ഒരു ഊത്തവാദ്യമാണ്. സര്‍പ്പപ്രീതിക്കുവേണ്ടിയാണ് മുഖ്യമായും അത് വായിക്കുക.
മകം
ഓണം കഴിഞ്ഞുവരുന്ന മകം ചീപോതിയെ പൂജിക്കുന്ന നാളാണ്. ഭവനവും മുറ്റവും ചാണകം മെഴുകി ശുദ്ധിവരുത്തുകയും മുറ്റത്ത് പൂക്കളിടുകയും ചെയ്യും. പുലരുന്നതിനു മുമ്പേ എഴുന്നേറ്റ് പടിഞ്ഞാറ്റയില്‍ വിളക്കുവയ്ക്കും. ഉത്തരകേരളത്തിലെ ചില സമുദായക്കാര്‍ക്കിടയില്‍ മകത്തിന് താള്, തവര എന്നിവ കറിവെച്ച് നാക്കിലയില്‍ വിളമ്പുന്ന പതിവുണ്ട്.…
മകക്കഞ്ഞി
കന്നിമാസത്തിലെ മകത്തിന് ചീപോതിക്ക് നിവേദിക്കുന്ന പായസം. ഉണക്കലരി കഞ്ഞിയായി വെച്ച് അതില്‍ നാളികേരവും ഉപ്പും ശര്‍ക്കരയും ചേര്‍ക്കാം.
ഭൂതാരാധന
പ്രാക്തനമായ ഒരു ആരാധനാ രീതി. പരശുരാമന്‍ കേരളത്തില്‍ നാഗങ്ങളെയും ഭൂതങ്ങളെും പ്രതിഷ്ഠിച്ചതായി കേരളോല്‍പത്തിയില്‍ പ്രസ്താവിച്ചുകാണുന്നു. ഭൂതങ്ങള്‍ നിധി കാക്കുന്നവരാണെന്നും പല അത്ഭുതകൃത്യങ്ങളും ചെയ്യുവാന്‍ അവര്‍ക്കു കഴിയുമെന്നുമാണ് പ്രാക്തന വിശ്വാസം. . കര്‍ണാടക സംസ്ഥാനത്തില്‍പ്പെട്ട തുളുനാടന്‍ പ്രദേശങ്ങളില്‍ കല്‍പിച്ചത്ര പ്രാധാന്യം കേരളത്തില്‍ ഭൂതാരാധനയ്ക്ക്…
ഭസ്മക്കൊട്ട
ഭസ്മമിട്ടുവെക്കുന്നതിന് ഉപയോഗിക്കുന്ന മരപ്പാത്രം. ഇത് കെട്ടിതൂക്കുകയാണ് പതിവ്. ഹൈന്ദവഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും അത് ഒരലങ്കാരമാണ്. ആകൃതിയും കൊത്തുണികളുംകൊണ്ട് ഭസ്മക്കൊട്ടുകള്‍ക്ക് വൈവിധ്യം കാണാം. മരച്ചങ്ങലയുള്ള ഭസ്മക്കൊട്ടകള്‍ ഉണ്ട്. ഭസ്മക്കൊട്ട ഇല്ലാത്ത ഭവനങ്ങളില്‍ തേങ്ങാത്തൊണ്ട് 'ഭസ്മക്കുടുക്ക'യായി ഉപയോഗിച്ചുകാണാറുണ്ട്.
ഭസ്മക്കുറി
ഹൈന്ദവരില്‍ പലരും നിത്യവും ഭസ്മക്കുറിയിടും. ശിവഭക്തിയാണ് അത് മുഖ്യമായും സൂചിപ്പിക്കുന്നത്. ശിരോമധ്യം, നെറ്റി, കഴുത്ത്, കൈകള്‍, മാറിടം എന്നിവിടങ്ങളിലാണ് ഭസ്മക്കുറിയിടേണ്ടത്. പരാമര്‍ശ്വം, നാഭി എന്നിവിടങ്ങളിലുമാകാം. ചൂണ്ടാണി മുതല്‍ മൂന്ന് വിരലുകള്‍ കൊണ്ടാണ് ഭസ്മം തൊടേണ്ടത്. ഭസ്മക്കുറിയിടുമ്പോള്‍ മന്ത്രോച്ചാരണവും പതിവുണ്ട്.
ഭസ്മപ്പെട്ടി
ഭസ്മമിട്ടു സൂക്ഷിക്കുന്ന മരപ്പെട്ടി. പഴയ തറവാടുകളില്‍ ഭസ്മപ്പെട്ടികള്‍ ഇപ്പോഴും കാണാം. പ്‌ളാവ്, തേക്ക് തുടങ്ങിയവകൊണ്ടാണ് അവ നിര്‍മിക്കുന്നത്.
