II

തന്നെയമ്മട്ടിൽത്താങ്ങിനിന്നിടും തൻ കാന്തയെ–
ത്തൻനറുംപൈമ്പാലിനെ-ത്തൻ തണൽപ്പരപ്പിനെ-
അശ്രുവാലാർദ്രമാമയക്ഷിയുഗ്‌മത്താൽ നോക്കി
നിശ്ചിതാർത്ഥമാം വാക്യമിത്തരം ചൊന്നാൻ ഭദ്രൻ
“മൽപ്രിയേ! മദ്ദീപികേ! മന്മനോമഹാരാജ്‌ഞി!
മൽപ്രാണാധികപ്രാണേ! മൽപൂജാഫലാത്മികേ!
എൻ നാഥേ! മഹാഗുണശാലിനി! മൃണാളിനി!
നിന്നാൽ ഞാൻ സമുത്തീർണ്ണൻ, നിന്നാൽ ഞാൻ സമുത്ഥിതൻ.

 

രണ്ടുണ്ടു പുരുഷന്നു ധർമ്മാധ്വജ്യോതിസ്സുകൾ-
അന്തരാത്മാവൊ,ന്നൊന്നു പത്നിയാൾ ബഹി:പ്രാണൻ
ദീനം പോയ്, ഭ്രമംവിട്ടു, ജാതകപ്പിഴ നീങ്ങി,
ഞാനിതാ ഞാനാകുന്നേൻ വീണ്ടും നിൻ കരുണയാൽ.
ദ്രാഘീയസ്സാമെൻ സ്വപ്നം വിട്ടു ഞാൻ പ്രബുദ്ധനായ്;
രാഹുവിൻ വക്ത്രംവിട്ടു മുക്തനായ് രാകാശശി
സുരലോകമീയൂഴി ഗൃഹത്താൽ; അതില്ലാഞ്ഞാൽ
മരുഭൂ-ശവസ്ഥാനം-പാതാളം-കുംഭീപാകം
കണ്ടകങ്ങളായ്ത്തീർത്താൻ നാന്മുഖൻ പുരുഷരെ–
ക്കണ്ടകം നൊന്തപ്പുറം പൂക്കളായ് വധുക്കളെ
ഇണചേർന്നിണങ്ങീടുമിവയാൽ വിളങ്ങുന്നൂ
പനിനീർമലർതോപ്പിൻ പരിചാർന്നിപ്പാരിടം
വാനിൽനിന്നാഴിയ്ക്കുള്ളിൽ വാരുണി വീഴിച്ചവൻ
വാനിൽവന്നിനൻ നിൽക്കും നാളെയും പുലർച്ചയിൽ
അമ്മഹസ്സെന്നുൽഗതിക്കാദർശമായീടട്ടെ;
ജന്മം ഞാൻ ജയിപ്പിക്കാം; നീയല്ലീ സധർമ്മിണി?
നിന്നാണെ ഞാനൊന്നോതാമെന്നാണെയിക്കുഞ്ഞാണെ–
യിന്നിശീഥത്താണെയെന്നീശന്റെ തൃക്കാലാണെ!
ആരെന്നെയിക്ഷർത്തത്തിൽത്തള്ളി? ആമ്മദിരയാം
മാരിയെ-ക്കൃതാന്തന്റെ കൃത്യതൻ നിഷ്ഠീവത്തെ
പേർത്തും മേൽ സേവിപ്പീലെൻ നാവിനാൽ-ത്വക്കാൽ മൂക്കാൽ
നേത്രത്താൽ-കർണ്ണത്തിനാൽ-പ്രജ്ഞയാൽ-സ്വാന്തത്തിനാൽ
കാണട്ടേ മുന്നോട്ടേയ്ക്കുപോമെന്നെത്തടുത്തിടാൻ
ത്രാണി മറ്റെന്തിന്നുണ്ടിശ്ശത്രുവെൻ കാൽക്കീഴായാൽ?

XII

ഈ മട്ടിൽ പ്രതിജ്ഞചെയ്തപ്പുമാൻ താൻ സൂക്ഷിച്ച
പാഴ്മദ്യക്കുപ്പിയൊന്നു-തന്നൊടുക്കത്തേക്കുപ്പി-
നിരത്തിൻമുക്കിൽ നിൽക്കും കരിങ്കല്ലിന്മേൽ വലി–
ച്ചെറിഞ്ഞാനോടിച്ചെന്നു വലങ്കൈകൊണ്ടാഞ്ഞോങ്ങി
നവ്യഭൂലോകയാത്രാരംഭത്തിലവൻ ചെയ്‌വാൻ
ദിവ്യനാം ഗണേശന്നു തേങ്ങയേറുണ്ടോ വേറെ?
വൈരിയാം മദ്യത്തിനെപ്പോരിൽ വെന്നവൻ താക്കും
ഭേരിതന്നാദ്യധ്വനി, യായതിൻ ധ്വംസധ്വനി
ഹാ! തകർന്നതിന്റെ ചില്ലുദ്വാസത്തിങ്കൽ സുരാ–
ബാധതൻ ബലിക്കൊടപ്പൂപോലെ പതിക്കുന്നു
വായ്പെഴും നൈരാശ്യത്തിൽ പൽക്കണ്ഠസൂത്രം പൊട്ടി-
ച്ചാബ്ഭൂതം താഴത്തേക്കു വലിച്ചങ്ങെറികയോ?
തച്ഛത്മം ധരിച്ചൊരാദ്ധീരൻതൻമുഖം നോക്കി–
യജ്ജ്യേഷ്ഠ വമിക്കയോ ഭാവഗർഭമാം സ്മിതം?

 

ലഗ്നമായ്ക്കാണ്മൂ മുന്നിൽ ദ്രവമൊന്നതേതാ, മ–
ബ്ഭഗ്നതൻ തപ്താശ്രുവോ? പ്രേതത്തിൻ ഹൃദക്തമോ?
മദിരാപിശാചിയോടന്ത്യമാമാമന്ത്രണം
മതിമാൻ ഭദ്രനേവമാചരിച്ചനന്തരം
ഏതകാലമാകിലുമാകട്ടെ; ഭൈക്ഷ്യം നേടി-
പ്രീതനായ് തൻപൈതലിൻ സൗഹിത്യം വളർത്തിനാൻ
ശ്രേഷ്ഠമാമാചാരത്താൽ ചെറ്റുനാൾപോകെത്തീർന്നാ–
നാഢ്യനാ, യരോഗിയായ്, മൈത്രനായ്, മഹാത്മാവായ്.
തിന്മകൾക്കെല്ലാം തിന്മ ലോകത്തിൽ മദിരതാൻ;
നന്മകൾക്കെല്ലാം നന്മ പതിദേവതയും താൻ