പ്രമുഖ പത്രപ്രവര്‍ത്തകനും പംക്തി എഴുത്തുകാരനുമാണ് എന്‍.പി. രാജേന്ദ്രന്‍. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ജനനം. അച്ഛന്‍ അവിടെ ഒരു എസ്റ്റേറ്റില്‍ ജോലിക്കാരനായിരുന്നു. മൂലകുടുംബം തലശ്ശേരിയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം തലശ്ശേരിയില്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലാലയവിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. പത്രപ്രവര്‍ത്തകനാകുതിനു മുമ്പ് കണ്ണൂരിനടുത്ത് എടക്കാട്ട് ബ്ലോക്ക് ഡവ. ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്കായും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റായും ജോലി നോക്കി.
1981ല്‍ പത്രപ്രവര്‍ത്തക പരിശീലനത്തിന് മാതൃഭൂമിയില്‍ ചേര്‍ന്നു. പരിശീലനത്തിനു ശേഷം സ്റ്റാഫ് റിപ്പോര്‍ട്ടറായി കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. ദൈനംദിനസംഭവങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തതോടൊപ്പം വ്യാപകമായി സഞ്ചരിക്കുകയും നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സാമ്പത്തിക ചൂഷണം, മാവൂരിലെ ഗ്വാളിയോര്‍ റയേണ്‍സ് ഫാക്ടറി നടത്തിയ പ്രകൃതിവിഭവചൂഷണം (1988), സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനില്പിനായി നടത്തേണ്ടി വരുന്ന സഹതാപാര്‍ഹമായ ശ്രമങ്ങള്‍, ഭൂമി ഇടപാടുകളില്‍ നടക്കുന്ന വ്യാപകമായ അഴിമതി, എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ 44 നദികള്‍ക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ച് എട്ട് ലക്കങ്ങളിലായി എഴുതിയ റിപ്പോര്‍ട്ട് (1990)ഈ വിഷയത്തിലുള്ള ആഴത്തിലുള്ള പഠനമാണ്.
കേരളത്തിലെ അണക്കെട്ടുകളുടെ അവസ്ഥ (1991), കേരളം നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധി (1992), ജില്ലാ കൗണ്‍സിലുകളുടെ പരിതാപകരമായ പ്രവര്‍ത്തനം (1992), പാക് പൗരന്മാരെന്നു മുദ്രകുത്തപ്പെട്ട നാട്ടുകാരായ ചിലരുടെ ദുരിതകഥകള്‍(1994), തലശ്ശേരിയിലെയും(1987) നാദാപുരത്തെയും (1995) രാഷ്ട്രീയകൊലപാതകങ്ങളുടെ സാമൂഹികപശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയങ്ങളാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ഇന്റര്‍നെറ്റ് പോര്‍ട്ടലായ മാതൃഭൂമി.കോം ന്റെ ചുമതല വഹിച്ചു.
കേരളപത്രപ്രവര്‍ത്തകയൂണിയന്റെ സംസ്ഥാനപ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായും കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റായും കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ചെയര്‍മാനായും പത്രപ്രവര്‍ത്തകപ്രസിദ്ധീകരണമായ 'പത്രപ്രവര്‍ത്തകന്‍ 'മാസികയുടെ എഡിറ്ററായുംപ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭുമി ദിനപത്രത്തില്‍ തിങ്കളാഴ്ച തോറും ഇന്ദ്രന്‍ എന്ന തൂലികാനാമത്തില്‍ എന്‍.പി.രാജേന്ദ്രന്‍ എഴുതുന്ന ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയകോളമാണ് വിശേഷാല്‍പ്രതി. നര്‍മവും വിമര്‍ശനവും പരിഹാസവും ഉടനീളം ഉളള ഈ പംക്തിക്ക് ധാരാളം സ്ഥിരം വായനക്കാരുണ്ട്. സഞ്ജയന്റെ ഹാസ്യത്തിന്റെ പാരമ്പര്യം പിന്തുടരുന്ന ഈ പംക്തി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജേന്ദ്രന്റെ പ്രവര്‍ത്തനമണ്ഡലത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നു.ബര്‍ലിനിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജേണലിസത്തിന്റെ 1990 ലെ എന്‍വയോണ്‍മെന്റല്‍ ജേണലിസം പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഒന്നര മാസക്കാലം ജര്‍മനിയില്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ( എന്‍.പി.രാജേന്ദ്രന്‍ ബര്‍ലിനിലേക്ക് മാതൃഭൂമി 14101990 ) ബര്‍ലില്‍ മതിലിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള സംഭവങ്ങളും ഏകീകൃത ജര്‍മനിയിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പും മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ലോക മലയാളി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുതിനായി 2007 ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചു. നേപ്പാള്‍ വിനോദസഞ്ചാരവകുപ്പിന്റെ ക്ഷണപ്രകാരം രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

കൃതികള്‍

    മതിലില്ലാത്ത ജര്‍മ്മനിയില്‍ 1991
    ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം 2004
    വിശേഷാല്‍പ്രതി 2002
    പത്രം ധര്‍മം നിയമം 2007
    മാറുന്ന ലോകം, മാറുന്ന മാധ്യമലോകം 2009
    വീണ്ടും വിശേഷാല്‍പ്രതി 2010
    ബംഗാള്‍ചില അപ്രിയസത്യങ്ങള്‍ 2011

പ്രധാനപുരസ്‌കാരങ്ങള്‍

    മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് 1988
    മികച്ച വികസനാത്മക റിപ്പോര്‍ട്ടിംഗിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് 1992
    മികച്ച ശാസ്ത്ര പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം
    മികച്ച പത്രപ്രവര്‍ത്തകനുള്ള സി.എച്ച്. മുഹമ്മദ്‌കോയ പുരസ്‌കാരം (കോയമ്പത്തൂര്‍) 1992
    ജെയ്ജീ പീറ്റര്‍ ഫൌണ്ടേഷന്‍ പുരസ്‌കാരം 1988
    വജ്രസൂചി പുരസ്‌കാരം 2000 [4]
    മികച്ച പത്രപ്രവര്‍ത്തകനുള്ള ചാലഞ്ച് അവാര്‍ഡ് 2001
    മൊയ്തുമൗലവി പുരസ്‌കാരം 2002
    മികച്ച പത്രപ്രവര്‍ത്തകനുള്ള എം.ജെ.സഖറിയാസേ'് അവാര്‍ഡ്  2002
    പത്തനാപുരം ഗാന്ധിഭവന്‍ പുരസ്‌കാരം 2008
    പാല നാഷനല്‍ സെന്ററിന്റെ രാജീവ് ഗാന്ധി പുരസ്‌കാരം 2009
    കെ.ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് 2010
    ന്യൂയോര്‍ക്ക് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ മാധ്യമ പുരസ്‌കാരം 2010
    മികച്ച മലയാള പത്രപ്രവര്‍ത്തകനുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക മാധ്യമപുരസ്‌കാരം 2011
    മികച്ച മാധ്യമ ഗ്രന്ഥത്തിനുള്ള പവനന്‍ പുരസ്‌കാരം[5] 2011 (പത്രം ധര്‍മം നിയമം എന്ന കൃതിക്ക്)