ജമാല്‍ കൊച്ചങ്ങാടി
പത്രപ്രവര്ത്തകന്, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്ത്തകന് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ജമാല്‍ കൊച്ചങ്ങാടി. ഇപ്പോള്‍ തേജസ് ദിനപ്പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍. പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എ. സൈനുദ്ദീന്‍ നൈനയുടെ മകനായി 1944ല്‍ എറണാകുളം ജില്ലയിലെ കൊച്ചങ്ങാടിയില്‍ ജനിച്ചു. സ്ക്കൂള് ഫൈനലിനു ശേഷം എറണാകുളത്തെ 'കേരളനാദം' സായാഹ്ന പത്രത്തിലായിരുന്നു തുടക്കം. പിന്നീട് ജയ്ഹിന്ദ്, കൊച്ചിന് എക്സ്പ്രസ്, യുവകേരളം തുടങ്ങിയ സായാഹ്നപത്രങ്ങളിലും പ്രവര്‍ത്തിച്ചു. ഫിലിംനാദം, യാത്ര, ചിത്രകാര്‍ത്തിക, ദീപ്തി, സര്‍ഗ്ഗം ,സിനിമ തുടങ്ങിയ ആനുകാലികങ്ങളിലും പ്രവര്‍ത്തിച്ചു. ഇതിനിടെ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഓഫീസ് സെക്രട്ടറിയായി കുറച്ചുനാള്‍ ജോലിചെയ്തു. ജ്യൂ ടൗണില്‍ ഇംപ്രിന്റ് എന്ന പേരില്‍ ഒരു ചെറിയ പ്രസ്സ് ഇടക്കാലത്തു നടത്തിയിരുന്നു. സ്ക്കൂള് ഫൈനലിനു പഠിക്കുന്ന കാലത്തു തന്നെ 1961ല്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എം.ജെ സക്കറിയാ സേട്ടുവിനോടൊപ്പം അഞ്ചും മൂന്നും ഒന്ന് എന്ന കഥാ സമാഹാരം പുറത്തിറക്കി. 'തളിരിട്ട കിനാക്കള്‍, ചാപ്പ എന്നീ ചിത്രങ്ങള്‍ക്ക് കഥയും തിരകഥയും എഴുതി. സിനിമയ്ക്കും അല്ലാതെയും ഗാന രചനകള്‍ നടത്തി. 1980ല്‍ 'ലീഗ് ടൈംസ്' പത്രാധിപസമിതിയില്‍ അംഗമായാണ് കോഴിക്കോട് വരുന്നത്. 1985ല്‍ ഇരു മുസ്ലിം ലീഗുകളും തമ്മില്‍ ലയിച്ചപ്പോള്‍ പത്രം നിര്‍ത്തി. എറണാകുളത്തു നിന്നാരംഭിച്ച 'പ്രിവ്യൂ' വാരികയുടെ ചീഫ് എഡിറ്ററായി വീണ്ടും എറണാകുളത്തേയ്ക്ക്. 1987ല്‍ മാധ്യമം ആരംഭിച്ച കാലം തൊട്ടേ അതിലുണ്ടായിരുന്നു. ഡെസ്ക് ചീഫായും വാരാന്ത്യ മാധ്യമത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. പതിനഞ്ചുവര്‍ഷം മാധ്യമം വാര്‍ഷിക പതിപ്പുകളുടെ പത്രാധിപരായിരുന്നു. 2002 ല്‍ മാധ്യമത്തില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ തേജസില്‍ അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്യുന്നു.
ഭാര്യ എന്‍ പി ഫാത്തിമ. മക്കള്‍ ജൂബിന്‍ സുലേഖ, ഷൈനി ആയിശ.
കൃതികള്‍
ഇനിയും ഉണരാത്തവര്‍
ക്ഷുഭിതരുടെ ആശംസകള്‍ (നാടകങ്ങള്‍)
ക്ലാസില്‍ അഭിമുഖങ്ങള്‍
കാര്‍ട്ടൂണിസ്റ്റുകളെ കുറിച്ചുളള 'സത്യം പറയുന്ന നുണയന്മാര്'
Leave a Reply Cancel reply