ബാലകൃഷ്ണന് നായര്‍. ജി. (ജി. ബാലകൃഷ്ണന് നായര്‍)
വേദാന്ത ആചാര്യനും ഭഗവദ്ഗീതയുടെയും ശ്രീനാരായണ കൃതികളുടെയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനുമായിരുന്നു ജി. ബാലകൃഷ്ണന് നായര്‍ (1923, ഫെബ്രുവരി 5 -2011 ഫെബ്രുവരി 4). ശിവഗിരിമഠം മുന്‍ ആചാര്യനും സംസ്കൃതാധ്യാപകനുമായിരുന്നു. 1923 ഫെബ്രുവരി 5ന് തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ വഴയില കുറുക്കണ്ണാല്‍ വീട്ടില്‍ ഗോവിന്ദപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകനായി ജനിച്ചു. സാമ്പത്തിക പരാധീനത മൂലം അദ്ദേഹത്തിന് ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പേരൂര്‍ക്കടയില്‍ ആരംഭിച്ച സംസ്കൃത സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം തികയ്ക്കാനായി സ്കൂള്‍ അധികൃതര്‍ ബാലകൃഷ്ണനെ നിര്‍ബന്ധിച്ചു ചേര്‍ത്തു. സംസ്കൃതപഠനത്തിന് അക്കാലത്ത് പ്രവേശനത്തുക വേണ്ടിയിരുന്നില്ല. പേരൂര്‍ക്കട സ്കൂളില്‍ നാലാം ക്ലാസ് വരെയും പഞ്ചമം മുതല്‍ പാല്‍ക്കുളങ്ങരയിലെ സംസ്കൃത സ്കൂളിലും വിദ്യ അഭ്യസിച്ചു.തിരുവനന്തപുരം ഗവണ്മെന്റ് സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. സംസ്കൃത വ്യാകരണത്തില്‍ മഹോപാധ്യായ ബിരുദവും കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളത്തിലും, സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ലക്ചററായി.
ആദ്യകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ദിവസവും നാലും അഞ്ചും മീറ്റിങ്ങുകളില്‍ പ്രസംഗിക്കുകയും കമ്യൂണിസ്റ്റ് സിദ്ധാന്തം ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാല്‍ക്കുളങ്ങരയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബാലകൃഷ്ണന് നായര്‍ പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു വിട്ടുപോന്നു.
1962 ജൂലൈ ഒന്നാംതീയതി, ഏഴര വയസ്സുള്ള മകന് അരവിന്ദന് ടെറ്റനസ് ബാധിതനായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. മകന്റെ മരണത്തോടെ പ്രൊഫസര്‍.ജീ ബാലകൃഷ്ണന് നായര്‍ 'എന്തായാലും ഇനി യഥാര്‍ത്ഥ ശിവനെ, അതായത് ശാസ്ത്രീയമായ ജീവിതസത്യം എന്നൊന്നുണ്ടെങ്കില്‍ അതന്വേഷിച്ചു കണ്ടെത്തിയിട്ട് മേല്‍കാര്യം' എന്നുറച്ച് ആഴത്തില്‍ വേദാന്ത കൃതികളുടെ പഠനം ആരംഭിച്ചു. ഇനി മുതല്‍ ഭൗതികമായ നേട്ടത്തിനുവേണ്ടി മുന്‍കൈയെടുത്ത് യാതൊന്നും പ്രവര്‍ത്തിക്കുകയില്ലെന്നും തീരുമാനിച്ചു. മകനായ അരവിന്ദനെ അദ്ദേഹം ഗുരുവായി സ്വീകരിച്ചു. പാലക്കാട് വിക്ടോറിയാ കോളേജിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടി. അവിടെ കോളേജിനടുത്ത് വിജ്ഞാനരമണീയം എന്ന പേരില്‍ രമണമഹര്‍ഷിയുടെ സ്മാരകമായി നിര്‍മ്മിച്ച ഒരു ആശ്രമമുണ്ടായിരുന്നു. വിക്റ്റോറിയ കോളേജിലും നല്ലൊരു സംസ്കൃത ഗ്രന്ഥശാല ഉണ്ടായിരുന്നു. അവിടെവച്ച് അദ്ദേഹം പ്രമുഖ വേദാന്ത കൃതികളായ ഭഗവദ്ഗീത, മാണ്ഡൂക്യോപനിഷത്തിന് ഗൗഡപാദാചാര്യര്‍ എഴുതിയിട്ടുള്ള മാണ്ഡൂക്യകാരിക, യോഗവാസിഷ്ഠം, ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷത്തുകള്‍, വിദ്യാരണ്യസ്വാമികളുടെ പഞ്ചദശി, ജീവന്മുക്തിവിവേകം എന്നിവ ആഴത്തില്‍ പഠിച്ചു.
വിക്ടോറിയ കോളേജില്‍ പഠിപ്പിക്കുന്ന സമയത്ത് പ്രൊഫസര്‍. എസ് ഗുപ്തന് നായരുടെ കൂടെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തില്‍ കേരളത്തിലെ മിക്ക രാമകൃഷ്ണ മിഷനുകളുമായും ബന്ധമുണ്ടാവുകയും രാമകൃഷ്ണ മിഷന് പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രകാശിതമാവുകയും ചെയ്തു.തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും വേദാന്തവിഷയത്തില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പാലക്കാട് വച്ച് അദ്ദേഹം വേദാന്തഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്ന പ്രഭാഷണങ്ങള്‍ തുടങ്ങുകയും ബ്രഹ്മയജ്ഞം എന്ന പേരില്‍ അത് പിന്നീട് കേരളമാകെ പ്രസിദ്ധമാവുകയും ചെയ്തു
പാലക്കാട് വിക്ടോറിയാ കോളേജില്‍ അധ്യാപകനായിരിക്കുന്ന സമയത്തു തന്നെയാണ് ശ്രീനാരായണഗുരുവിന്റെ കൃതികള്‍ അദ്ദേഹം ആദ്യം വായിക്കുന്നത്. സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യമായ ഗുരുദേവകൃതികള്‍ക്ക് അന്ന് വ്യാഖ്യാനങ്ങള്‍ വളരെ കുറവായിരുന്നു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ സ്വയം ഉറച്ചുകിട്ടുന്നതിനായി പ്രൊഫസര്‍.ജി. ബാലകൃഷ്ണന് നായര്‍ ചില കൃതികള്‍ക്ക് വ്യാഖ്യാനങ്ങളെഴുതുകയും, കേരളത്തില്‍ ഗുരുദേവന് സ്ഥാപിച്ച എല്ലാ ക്ഷേത്രങ്ങളിലും പോയി കുറച്ചുനാള്‍ താമസിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് , യൂണിവേഴ്സിറ്റി കോളേജ് , ഗവണ്മെന്റ് സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ ലക്ചററും പ്രൊഫസറുമായി ജോലിനോക്കി.1978ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. ഉദ്യോഗത്തിലിരിയ്ക്കുമ്പോള് തന്നെ വേദാന്തത്തില്‍ അഗാധമായ അറിവു നേടിയ അദ്ദേഹം, വിരമിച്ച ശേഷം 1980ല്‍ വര്‍ക്കല ശിവഗിരി സന്യാസമഠത്തിലെ മുഖ്യ ആചാര്യനായി സ്ഥാനമേറ്റു. 1980 മുതല്‍ 1990 വരെ പത്തുകൊല്ലം അദ്ദേഹം അവിടെ മുഖ്യാചാര്യനായിരുന്നു. അവിടെ വച്ച് ഒരുകൊല്ലം ഒരു കൃതി എന്ന നിലയില്‍ പത്തുകൊല്ലം കൊണ്ട് പത്ത് വാള്യങ്ങളിലായി ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ക്കും വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചു.ചെന്തിട്ട തിയോസഫിക്കല്‍ സൊസൈറ്റിയില്‍ വളരെക്കാലം ഗീതാ പ്രഭാഷണവും യോഗവാസിഷ്ഠ പ്രഭാഷണവും നടത്തിയിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിലും ഏറെനാള്‍ അദ്ദേഹത്തിന്റെ വേദാന്ത പ്രഭാഷണം നടന്നു.
ഏതെങ്കിലും രീതിയിലുള്ള മതാചാരങ്ങളോടോ, ആശ്രമങ്ങളുമായോ പ്രസ്ഥാനങ്ങളുമായോ അദ്ദേഹത്തിനു ഒരു ബന്ധവുമുണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുവിനെപ്പോലെ തന്നെ എല്ലാ മതങ്ങള്‍ക്കും അതീതനായിത്തന്നെ അദ്ദേഹം അവസാനം വരേയും ജീവിച്ചു. അതേയവസരത്തില്‍ എല്ലാവരോടും യാതൊരു ദ്വേഷ്വവുമില്ലാതെ സഹകരിക്കുകയും ചെയ്തു. വേദാന്തം സത്യജ്ഞാനത്തിനുള്ള ചിന്താരീതിയെന്ന നിലയില്‍ ഒരു ഉപാധിയാണെന്നും അതിനു ഒരു മതത്തോടും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വീണ്ടും വീണ്ടും ശ്രീനാരായണഗുരുവിനെ ഉദ്ധരിച്ച് പറയുമായിരുന്നു.
2010 അവസാനത്തോടെ, ശാരീരികമായി തികച്ചും അവശനാകുന്നതു വരെ സ്ഥിരമായി വേദാന്ത വിഷയത്തില്‍ കൊല്ലത്തും തിരുവനന്തപുരത്തും മറ്റുമായി പ്രഭാഷണങ്ങള്‍ നടത്തിവന്നു.വേദാന്തവിഷയത്തില്‍ സംശയങ്ങളുണ്ടാകുന്നവര്ക്ക് അദ്ദേഹത്തെ എപ്പോഴും ചെന്നുകാണുവാനും സാധിച്ചിരുന്നു. പ്രധാന ശിഷ്യയും ആയൂര്‍വേദ ഡോക്ടറുമായ ഡോ.സരളയുടെ കൊല്ലത്തുള്ള വീട്ടില്‍ മാസത്തില്‍ കുറച്ചുനാള്‍ തങ്ങി ചികിത്സ കൊള്ളുകയും ആ സമയത്ത് കൊല്ലത്ത് പ്രഭാഷണം നടത്തുകയും ചെയ്യുമായിരുന്നു. അത്തരത്തില്‍ ചികിത്സയിലിരിക്കുമ്പോള്‍ 2011 ഫെബ്രുവരി നാലാം തീയതി ദേഹവിയോഗമുണ്ടായി.
ബാലകൃഷ്ണന് നായര്‍ സംസ്കൃതകോളേജില്‍ പഠിച്ച സഹപാഠിയായ സരസ്വതിയമ്മയെ പ്രണയിച്ചു വിവാഹം കഴിച്ചു. 1990ല്‍ ഭാര്യ സരസ്വതിയമ്മ അന്തരിച്ചു. ഡോ. ഗോപാലകൃഷ്ണന് നായര്‍ (ആയുര്‍വേദ കോളേജ് റിട്ട. പ്രൊഫസര്‍), വൈദ്യുതി ബോര്‍ഡില്‍ നിന്ന് വിരമിച്ച ബാലചന്ദ്രന് നായര്‍, ഡോ. സതി എന്നിവര്‍ മക്കളാണ്.
കൃതികള്‍
ശ്രീനാരായണ ഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം.
ശ്രീമദ് ഭഗവത് ഗീത ശിവാരവിന്ദം മഹാഭാഷ്യം
വേദാന്ത ദര്‍ശനം ഉപനിഷദ് സ്വാധ്യായം (മൂന്നു ഭാഗങ്ങള്‍)
ഭാഷ്യ പ്രദീപം ബ്രഹ്മസൂത്ര ഭാഷ്യാനുവാദം
വാസിഷ്ഠ സുധ യോഗ വാസിഷ്ഠ സാരം
ഭാഗവത ഹൃദയം
രണ്ട് വിദ്യാരണ്യ കൃതികള്പഞ്ചദശി, ജീവന്മുക്തി വിവേകം
രണ്ട് മലയാള മാമറകള്‍ ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന
പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക.
ശ്രീ നാരായണ ഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പുരസ്കാരങ്ങള്‍
ശ്രീനാരായണ സാംസ്കാരികസംഘം അവാര്‍ഡ്
ജീവന്മുക്തി വിവേകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ശ്രീനാരായണ സാംസ്കാരിക സമിതി അവാര്‍ഡ്
ശിവഗിരിമഠം അവാര്‍ഡ്
ഗീതാപുരസ്കാരം
സംസ്കൃത് പ്രതിഷ്ഠാന്‍ അവാര്‍ഡ്
സിദ്ധിനാഥനന്ദ സ്മാരക പുരസ്കാരം
രാമാശ്രമം പുരസ്കാരം
വേദാന്തരത്നം ബഹുമതി
കേരള വ്യാസന്
കേരള സാഹിത്യഅക്കാദമി പുരസ്കാരം (സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം (2010)
അദ്ധ്യാപകശ്രേഷ്ഠനുള്ള ഗുപ്തന് നായര്‍ പുരസ്കാരം (2011)
Leave a Reply Cancel reply