രമേശന് എസ്. (എസ്. രമേശന്)
കവി, പ്രഭാഷകന്‍, സാംസ്കാരിക പ്രവര്ത്തകന്, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് എസ്. രമേശന്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി അംഗവുമാണ്. ആറു ശതാബ്ദത്തിലധികം കാലം പഴക്കമുള്ള ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ജനനം. പരേതരായ എം.കെ ശങ്കരന് പി.ലക്ഷ്മി എന്നിവര്‍ മാതാപിതാക്കള്‍. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ് ജോസഫ് എല്‍ പി സ്ക്കൂള്, വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ സ്ക്കൂള് വിദ്യാഭ്യാസം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം. 1970 മുതല്‍1975 വരെ എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ, എം.എ പഠനം. ഈ കാലയളവില്‍ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയന് ചെയര്മാന് ആയിരുന്നു. 1975 മുതല്‍ എറണാകുളം ഗവന്മെന്റ് ലാ കോളേജില്‍ നിയമ പഠനം. സ്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഇന്റര്‍ സ്കൂള്‍, ഇന്റര്‍ കൊളെജിയറ്റ്, ഇന്റര്‍ യൂണിവേഴ്സിറ്റി പ്രസംഗ മത്സരങ്ങളില്‍ ജേതാവ്, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കവിതക്കുള്ള അംഗീകാരം. ഭാര്യ: എസ്.എന്‍. കോളേജ് പ്രൊഫസര്‍ ഡോ. ടി.പി. ലീല മക്കള്‍: ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ്.
1975 മുതല്‍ നിയമ പഠനത്തിനൊപ്പം പ്രശസ്തമായ എറണാകുളം മേനോന് & കൃഷ്ണന് കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1976 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഗുമസ്തനായി. 1978 ല്‍ ബാങ്കില്‍ നിന്നും രാജിവച്ചു. കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ആയി നിയമനം ലഭിച്ചു. കേരള സ്റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ആയി പി.എസ്.സി. വഴി നിയമിക്കപ്പെട്ടു. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണര്‍, ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മിഷണര്‍, ജോയിന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍, അഡീഷണല്‍ ഡെവലപ്മെന്റ് കമ്മിഷണര്‍ എന്നീ തസ്തികകളില്‍ ജോലി. 2007ല്വിരമിച്ചു. ഏറണാകുളത്ത് എസ.ആര്.എം. ക്രോസ് റോഡില്‍ യമുനാ വീട്ടില്‍ താമസിക്കുന്നു.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2001 വരെ സാംസ്കാരിക മന്തി ടി.കെ രാമകൃഷ്ണന്റെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവന് സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ രൂപീകരണം, കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തനം, ത്രൃപ്പൂണിത്തുറയില് ആര്‍ക്കിയോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്‍ക്കിയോളജി, ഹെരിറ്റേജ്, ആര്‍ട്ട്, ഹിസ്റ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവര്‍ത്തനാവകാശം നല്കല്, തകഴിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ വീടും പരിസരവും ഏറ്റെടുത്ത് തകഴി സ്മാരക കേന്ദ്രമാക്കല്‍, കേരള കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലാ പദവി ലഭ്യമാക്കുന്ന നടപടികള്‍ എന്നിവയിലെല്ലാം രമേശന് സുപ്രധാന പങ്കുവഹിച്ചു.
കൃതികള്‍
ശിഥില ചിത്രങ്ങള്‍
മല കയറുന്നവര്‍
എനിക്കാരോടും പകയില്ല
അസ്ഥിശയ്യ
കലുഷിത കാലം
കറുത്ത കുറിപ്പുകള്‍
എസ്. രമേശന്റെ കവിതകള്‍
പുരസ്കാരങ്ങള്‍
ചെറുകാട് അവാര്‍ഡ് 1999 കറുത്ത കുറിപ്പുകള്‍ (കവിത)
ശക്തി അവാര്‍ഡ്
എ.പി കളക്കാട് പുരസ്കാരം
മുലൂര് അവാര്‍ഡ്
Leave a Reply Cancel reply