പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍.
ജനനം ചക്കുപുരയില്‍ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15നു തിരൂരില്‍. ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്നാണ് പൂര്‍ണപേര്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തരബിരുദധാരി. മലയാളത്തില്‍ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരന്‍ എന്ന നിലയില്‍ സി.രാധാകൃഷ്ണന്‍ സജീവമാകുന്നത്. കൃതികളില്‍ വള്ളുവനാടന്‍ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉള്‍ക്കാഴ്ചകള്‍ ഈ രചനകളില്‍ കാണാം.
ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തനവും എഴുത്തും മുഖ്യകര്‍മ്മമണ്ഡലമാക്കി. പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വീക്ഷണം, മാധ്യമം എന്നീ പത്രങ്ങള്‍ അവയില്‍ പെടും. ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡ് കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി പ്രവര്‍ത്തിച്ചു. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ക്കുവേണ്ടിയും ജോലിചെയ്തു.എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
അദ്ദേഹത്തിന്റെ കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുന്‍പേ പറക്കുന്ന പക്ഷികള്‍.

കൃതികള്‍

കണ്ണിമാങ്ങകള്‍
അഗ്‌നി
പുഴ മുതല്‍ പുഴ വരെ
എല്ലാം മായ്ക്കുന്ന കടല്‍
സ്പന്ദമാപിനികളേ നന്ദി
തീക്കടല്‍ കടഞ്ഞ് തിരുമധുരം
മുന്‍പേ പറക്കുന്ന പക്ഷികള്‍

പുരസ്‌കാരം

വയലാര്‍ അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരസമിതി നല്‍കുന്ന മൂര്‍ത്തീദേവി പുരസ്‌കാരം