ശ്രീകുമാരന്‍ തമ്പി
കവി, നോവലിസ്റ്റ്, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രനിര്‍മ്മാതാവ്, സംഗീതസംവിധായകന്, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ സജീവമായിരുന്നു. കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ജനനം. ഹരിപ്പാട്ട് ഗവ. ഗേള്‍സ് സ്കൂള്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍, ആലപ്പുഴ സനാതനധര്‍മ കോളജ്, മദ്രാസ് ഐ.ഐ.ഇ.റ്റി., തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്, കൗമുദി വാരിക, ഓള് ഇന്‍ഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളില്‍ സമ്മാനം നേടി. ഇരുപതാമത്തെ വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. എഞ്ചിനീയറിങ് ബിരുദധാരിയായ തമ്പി മദ്രാസില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി. മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യവൈഭവം പുലര്‍ത്തി. ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. വയലാര്‍ രാമവര്‍മ്മ, പി. ഭാസ്കരന്, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കി. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തു. എഴുപത്തെട്ട് സിനിമകള്‍ക്കു തിരക്കഥയെഴുതി.
ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവ്.
1966ല്‍ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ മെരിലാന്‍ഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തേക്കെത്തുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ ‘ഹ്യദയസരസ്സ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി, തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ടെലിവിഷനു വേണ്ടി 6 പരമ്പരകള്‍ ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരന്‍ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു. കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സിലിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്സിന്റെ ഭരണസമിതിയിലും അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്രപരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജ്യൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
കൃതികള്‍
കാക്കത്തമ്പുരാട്ടി
കുട്ടനാട് (നോവല്‍)
കവിതാ സമാഹാരങ്ങള്‍
എഞ്ചിനീയറുടെ വീണ
നീലത്താമര
എന്‍ മകന് കരയുമ്പോല്‍
ശീര്‍ഷകമില്ലാത്ത കവിതകള്‍
പുരസ്കാരങ്ങള്‍
സിനിമകണക്കും കവിതയും-മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡ്
1971ല്‍ മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഫിലിം ഫാന്‍സ് അവാര്‍ഡ്
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
മികച്ച സംവിധായകനുളള ഫിലിംഫെയര്‍ അവാര്‍ഡ്
ഗാനം എന്ന ചലച്ചിത്രം 1981ലെ ജനപ്രീതിയാര്‍ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മികച്ച ഗാനരചയിതാവിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം
നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം 2015
Leave a Reply Cancel reply