ഘോഷയാത്ര (തുള്ളൽ കഥ)
എന്നതു കേട്ടൊരു രാജഭടന്മാ-
രൊന്നൊഴിയാതെ പദാർത്ഥംകൂട്ടി
സന്നദ്ധന്മാർ കല്പന പറവാ-
നൊന്നു മുതിർന്നു നടന്നു തുടങ്ങി.
പുരുഷാരത്തെയറീപ്പാനായി-
പ്പുരുഷന്മാരെയയച്ചു തുടങ്ങി.
വിരുതന്മാരവർ നാട്ടിലശേഷം
നരപതികല്പനയങ്ങു നടത്തി.
കല്പനകേട്ടൊരുനായന്മാരും
കെല്പൊടു വന്നു നിറഞ്ഞു തുടങ്ങി.
അല്പമതല്ലൊരു ജലധികണക്കെ
തൽപ്പുരസീമ്നി പരന്നുനിരന്നു
തങ്ങളിലങ്ങു പറഞ്ഞു തുടങ്ങി:-
“സംഗതിയെന്തിതുകേട്ടോ കൂവാ ?
ഇങ്ങനെ പുരുഷാരത്തെ വരുത്തീ-
ട്ടെങ്ങു പടയ്ക്കുതുടങ്ങീടുന്നു ?
കടുവാപന്നികളേതാൻ തലമേൽ
വെടികൊണ്ടെങ്ങാൻ വീണിട്ടുണ്ടോ ?
ഉടനെ മറുതല നാടുപിടിപ്പാൻ
പടയും കൂട്ടിയടുക്കുന്നുണ്ടോ ?
പടയിൽചെന്നു മരിപ്പാനിങ്ങൊരു
മടികൊണ്ടല്ല പറഞ്ഞീടുന്നു.
കടമുണ്ടമ്പതു പുത്തനിനിക്കതു
തടവുണ്ടതുകൊണ്ടവസരമില്ല.
തൂക്കുപുകേല തരിച്ചില്ലാഞ്ഞ-
ത്തോക്കൊരു ദിക്കിൽ പണയംവെച്ചു.
മാക്കോച്ചാരുടെ മരുമകനിന്നൊരു
തോക്കുതരാമെന്നന്നോടു ചൊല്ലി.
ആർക്കാനുള്ളൊരു തോക്കുംകൊണ്ടു പ-
ടക്കായ് ചെന്നു മരിച്ചെന്നാകിൽ
തോക്കവർകൊണ്ടു തിരിക്കും വന്നു ക-
ടക്കാർ വീട്ടിൽ പാടുകിടക്കും.
ചേട്ടൻ പണ്ടു പടയ്ക്കുമരിച്ചതു
കേട്ടിട്ടില്ലേ നിങ്ങളിലാരും ?
എട്ടു ജനങ്ങളെ വെട്ടിക്കൊന്നൊരു
കോട്ടപിടിച്ചേപ്പിന്നെ മരിച്ചു.
മണ്ടുന്നേരം പിടലിക്കൊരു വെടി-
കൊണ്ടു മരിച്ചെന്നുണ്ടൊരു കേളി.
വാളില്ലെന്നല്ലെന്നുടെ വീട്ടിലൊ-
രാളില്ലിന്നതു കൊണ്ടുനടപ്പാൻ.
കാളകൃഷിക്കു നടക്കയിതെന്യേ
കേളച്ചാർക്കൊരു തൊഴിലില്ലിപ്പോൾ.
നായന്മാരായ് വന്നുപിറന്നാൽ
ആയുധമൊന്നു തനിക്കായ്‌വേണം.
ആയതിനൊരുവകയില്ലാത്തവനുടെ
കായംകൊണ്ടൊരു ഫലമില്ലറിവിൻ.
നെല്ലും പണവും മോഹിച്ചെന്നുടെ
വില്ലും കണയും പണയം വെച്ചു
നല്ല ചിതക്കാരൻ ഞാൻ താനിനി
ഇല്ലം വിറ്റു കറുപ്പും തിന്നും
ഇല്ലെന്നല്ലിതുമുടിയന്മാരുടെ
ഇല്ലന്നില്ല നശിച്ചേ നില്പൂ
വല്ലാതുള്ള വിശപ്പുവരുമ്പോൾ
വല്ലതുവിറ്റും കൊറ്റുകഴിക്കാം.”
Leave a Reply