അരമണി കുടമണി തുടർമണി കങ്കണ
മരഞ്ഞാണം ചില തോൾപ്പൂട്ടുകളും.
മകുടം കടകം മണികുണ്ഡലവും
വികടകിരീടം വിദ്രുമഹാരം
വികസിതസുരഭിലമലർമാലകളും
സകലമണിഞ്ഞു ഞെളിഞ്ഞുനടന്നാർ.
പട്ടുകൾ പലതും കെട്ടിയുടുത്തുട-
നെട്ടുമുളം ചില ചേലകൾ ചുറ്റി
പട്ടുറുമാലും തലയിൽകെട്ടി
തട്ടുപുഴുകുമഥനാടൻ പുഴുകും
തൊട്ടുമുഖത്തിനു ഭംഗിവരുത്തി
ചട്ടം പലവക കൂട്ടിത്തരസാ
പെട്ടികൾ പെട്ടകമെന്നിവ പലതിൽ
ചട്ടറ്റീടിന കനകപ്പൊടികളു-
മിട്ടുനിറച്ചതു കെട്ടിയെടുപ്പി-
ച്ചെട്ടുദിഗന്തം പൊട്ടും പടിപല-
കൊട്ടും വെടിയും തട്ടിമുഴക്കി-
ത്തട്ടിനടത്തി നടന്നു തുടങ്ങി.
ഉച്ചത്തിലുള്ള ഘോഷം മെച്ചത്തിൽ കേട്ടനേരം
അച്ചിമാരൊക്കെക്കൂടി കാഴ്ചക്കു പുറപ്പെട്ടു.

 

 

“നിച്ചിരിയത്തി ! നിന്റെ കൊച്ചിനെ എവിടത്തിൽ
വെച്ചേച്ചുപുറപ്പെട്ടു കാഴ്ചക്കുതാനേതന്നെ
അച്ചനു ചെവി വെടിവെച്ചാലും കേട്ടുകൂടാ
ഉച്ചക്കുപോലും കിഴവച്ചാർക്കു കണ്ണുകാണാ
കൊച്ചിനെനാകേറിക്കടിച്ചെങ്കിലീമുതുക്ക
നൊച്ചപോലും കേൾക്കില്ലെന്നച്ചിമാരുടെ ഘോഷം
എന്തൊരു പുറപ്പാടെന്നേതാനും ബോധിച്ചോ നീ ?
എന്തെന്റെ ചേട്ടത്തീ ഞാനേതുമേ ബോധിച്ചീല
ഇപ്പോൾ തിരമാടം പുറപ്പാടെന്നെന്റെ പക്ഷം.
ഇപ്പോളല്ലതു പണ്ടു കെല്പോടെന്നുകഴിഞ്ഞല്ലോ.
മൂപ്പുവാഴ്ചക്കുള്ളൊരു കോപ്പുകൾ കൂട്ടുകയോ
മൂപ്പുധൃതരാഷ്ട്രരിരിപ്പൊണ്ടു മരിച്ചില്ലാ
എങ്കിൽ വടക്കുള്ളോരു സന്നാഹമെന്നുവരും
ശങ്കയില്ലെനിക്കേതു സംഗതിയിപ്പോളില്ല
ബാണങ്ങൾ പടക്കങ്ങൾ ചേണാർന്നപൂക്കുറ്റികൾ
ഏണാക്ഷിമാരും ചില വീണക്കാർ പാട്ടുകാരും
വേണമോ പടക്കായി പോണെങ്കിലെന്റെ തോഴീ
കാണാം നമുക്കു വെക്കംപോണം പുറപ്പെട്ടാലും”

 

“അങ്ങേക്കൂറ്റുള്ളച്ചികളെല്ലാം
അങ്ങുനടന്നിതു കാഴ്ചകൾ കാണ്മാൻ
നിങ്ങൾ ചമഞ്ഞും ചന്തംനോക്കിയു
മിങ്ങനെ തന്നിതു പിരികേയുള്ളു.
ഘോഷമിതെല്ലാം പിരിയുന്നേരം
ഭോഷികളവിടെച്ചെന്നിഹചാടും
ഭാഷിപ്പാൻ വിരുതുള്ള ജനത്തിനു
ശേഷിയതാമൊരു കൂട്ടശേഷം”

ചിറ്റമ്മക്കിതു പത്തുപിറന്നു
മറ്റൊരു പൂതരുമില്ലെൻവീട്ടിൽ
പെറ്റെന്നാലൊരമളിയതായ് വരു-
മീറ്റില്ലത്തിലിരുന്നേ പോവൂ.