ഘോഷയാത്ര (തുള്ളൽ കഥ)
ശ്ലോകം
“ഗോഷ്ഠീസാ വിരളാ നയത്രഘടതേ
സത്താ പുരോഭാഗിനാം
ഹാരീസാഖലു ദുർല്ലഭാനകുസൃതി-
ശ്ലീഷ്ടം യദീയം മനഃ
ദുഷ്‌പ്രാഞ്ചതദം ബുതീരജരജോ,
രാജിർന്നയദ്ദൂഷയേ
ദുസ്സാധഞ്ചസുഖം തദാവിലയതേ
ദുഃഖാനുവൃത്തിർന്നയൽ.”
ഇതിനുടെ പൊരുളുപറഞ്ഞീടാമതു
മതിമാന്മാരറിയേണമിദാനീം:
അതിയായുള്ള ഗുണങ്ങൾ വരുമ്പോ-
ളതിലൊരുദോഷമകപ്പെടുമല്ലോ.
“മുറ്റും നല്ല മഹാജനമെല്ലാം
ചുറ്റും വന്നു നിറഞ്ഞസഭായാം
കുറ്റംനോക്കിപ്പറവാൻ വലിയൊരു
കുറ്റികണക്കെ നിൽക്കും ചിലരിഹ-
ദോഷഗ്രാഹികളില്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെ സഭത തുച്ഛം.
വേഷമനോഹരയാകിയ പെണ്ണിനു
ദൂഷണമൊന്നുണ്ടതുമുരചെയ്യാം.
പല്ലവമെന്നതുപോലേദേഹം
പല്ലും ചുണ്ടുമതെത്ര മനോജ്ഞം.
നല്ല കടാക്ഷം, നല്ലൊരു ഭാവം,
സല്ലാപങ്ങളുമാനന്ദകരം.
എല്ലാമിങ്ങനെ മംഗലമെങ്കിലു-
മല്ലാതുണ്ടൊരു ദോഷമവൾക്കും
കല്ലുകണക്കെ കഠിനം ഹൃദയമ-
തല്ലാതുള്ളവൾ ദുർല്ലഭമല്ലോ.
ചാരുതയുള്ളൊരു സലിലത്തിന്നൊരു
നീരസമുണ്ടത് ബോധിക്കേണം.
തീരത്തുള്ളൊരു പൊടിപടലംബത
ചേരുന്നേരമനൊന്നു കലങ്ങും,
എന്നതുപോലെ നല്ല സുഖത്തിനു-
മൊന്നും വിരുദ്ധം ദുഃഖാഗമനം.
അന്നന്നോരോ ദുഃഖാനുഭവം
വന്നിടകൂടാതുള്ളസുഖം ബഹു
ദുർല്ലഭമെന്നു ധരിച്ചീടേണം
നല്ല ബുധന്മാരഖിലമിദാനീം.”
ചൊല്ലിയ പദ്യത്തിന്റെ പൊരുളിതു
വല്ലഭമോടു ഗ്രഹിച്ചീടേണം.
ദൂഷണവാക്കുകൾ ചൊല്ലുകയത്രേ
ഭൂഷണമെന്നു നടിച്ചുനടക്കും
ഭോഷന്മാർ പലരുണ്ടതിനാലി-
ബ്ഭാഷാകവിത മഹാവൈഷമ്യം.
Leave a Reply