മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. 1966 ജൂലൈ 1ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും എം.ഫില്‍. പിതാവ്: എ. അബ്ദുള്‍ ജലീല്‍. മാതാവ്:എം.അന്‍സാര്‍ബീഗം. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവും. ഇപ്പോള്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഓഡിറ്റ് ഓഫീസറാണ്.
    കവി, വിവര്‍ത്തകന്‍, എഡിറ്റര്‍, സിനിമാ, ഡോക്യുമെന്ററി എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. മാര്‍ഗ്ഗം, ശയനം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതി. 1983 മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. 'മഴക്കാലം' ആദ്യ കവിതാസമാഹാരമാണ്. ജപ്പാനീസ് വിദ്യാഭ്യാസരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ച തെത്സുകോ കുറയോനഗിയുടെ ടോട്ടോച്ചാന്‍ എന്ന കൃതി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. കവിതകള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, ആസ്സാമീസ്, മറാഠി, ഗുജറാത്തി, മൈഥിലി തുടങ്ങിയ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷിക്കൂട്ടംഎന്ന സാഹിത്യപ്രസിദ്ധീകരണത്തിന്റെയും കവിതക്ക് ഒരിടം എന്ന കവിതകള്‍ക്കു മാത്രമായുള്ള പ്രസിദ്ധീകരണത്തിന്റെയും സഹഎഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.