മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍ (ഓഗസ്റ്റ് 25, 1936 -ഡിസംബര്‍ 15, 2008). വ്യത്യസ്തമായ ശൈലിയിലൂടെ മലയാള സാഹിത്യനിരൂപണത്തില്‍ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ പത്മനാഭന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകനായാണ് ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി. കോളേജ്, എസ്.എന്‍. കോളേജ്, ചേര്‍ത്തല , കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി. അപ്പന്‍ ആസ്തികനായിരുന്നില്ല. എങ്കിലും തന്റെ സ്വകാര്യവായനാമുറിയില്‍ ശ്രീനാരായണഗുരുവിന്റെ ചിത്രത്തിന് പ്രത്യേക സ്ഥാനം നല്‍കിയത് ഗുരുവിന്റെ തത്ത്വങ്ങളോടും ആദര്‍ശങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നതിനാലാണ്. വിമര്‍ശനത്തിലെ വിരുദ്ധനിലപാടുകള്‍ മൂലം ആദ്യകാലത്തു് വൈരികളെപ്പോലെ അന്യോന്യം എതിര്‍ത്തിരുന്ന അപ്പനും സുകുമാര്‍ അഴീക്കോടും പിന്നീട് ആത്മസുഹൃത്തുക്കളായി. അര്‍ബ്ബുദരോഗത്തെത്തുടര്‍ന്ന് 2008 ഡിസംബര്‍ 15ന് കായംകുളത്ത് അന്തരിച്ചു.നങ്ങ്യാര്‍കുളങ്ങര ടി.കെ. മാധവന്‍ സ്മാരക കോളേജില്‍ അദ്ധ്യാപികയായിരുന്ന ഓമനയാണ് ഭാര്യ. രജിത്ത്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.
    1972ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പന്‍ മലയാളത്തിലെ സാഹിത്യനിരൂപകന്മാരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിലെ ഒന്‍പതു ലേഖനങ്ങളില്‍ ആദ്യത്തെ നാലെണ്ണം കാഫ്ക, കമ്യൂ, യൊനെസ്‌കോ, ഷെനേ എന്നീ ആധുനിക പാശ്ചാത്യസാഹിത്യകാരന്മാരെക്കുറിച്ചായിരുന്നു. അവതാരികയൊന്നുമില്ലാതെ ഇറങ്ങിയ ആ കൃതിയുടെ ആദ്യപുറത്തിലെ കുറിപ്പ് ഇങ്ങനെയായിരുന്നു:
' വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചിടത്തോളം, എന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമര്‍ശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവയ്ക്കാന്‍ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്'.
    പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അപ്പന്റെ ഗദ്യശൈലിയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് ബൈബിളായിരുന്നു. ഇതിന്റെ പേരില്‍, 'ക്രിസ്തീയബിംബങ്ങളുടെ തടവുകാരന്‍' എന്ന് കഥാകൃത്തായ ജി.എന്‍. പണിക്കര്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്.[ 'ബൈബിള്‍  വെളിച്ചത്തിന്റെ കവചം' എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയില്‍ ബൈബിളിനോടുള്ള തന്റെ കടപ്പാട് അപ്പന്‍ ഏറ്റു പറയുന്നുണ്ട്. ഈ കൃതി 'ലാ ബിബ്‌ള് ലേസാര്‍മ ദെലാ ലുമിയേര്‍ ' എന്ന പേരില്‍ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അപ്പന്റെ പില്‍ക്കാലരചനകളിലൊന്നായ 'മധുരം നിന്റെ ജീവിതം' യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ്. മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയഗ്രന്ഥം എന്ന് ഈ പുസ്തകം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിയുടെ പേരില്‍ അപ്പന് മരണശേഷം കേന്ദ്രസാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം ലഭിച്ചു.

കൃതികള്‍

    ക്ഷോഭിക്കുന്നവരുടെ സുവിശേഷം
    കലഹവും വിശ്വാസവും
    മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും
    വരകളും വര്‍ണ്ണങ്ങളും
    ബൈബിള്‍ വെളിച്ചത്തിന്റെ കവചം
    കലാപം, വിവാദം, വിലയിരുത്തല്‍
    സമയപ്രവാഹവും സാഹിത്യകലയും
    കഥ: ആഖ്യാനവും അനുഭവസത്തയും
    ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും
    ഇന്നലെകളിലെ അന്വേഷണപരിശോധനകള്‍
    വിവേകശാലിയായ വായനക്കാരാ
    രോഗവും സാഹിത്യഭാവനയും
    ചരിത്രത്തെ അഗാധമാക്കിയ ഗുരു
    സ്വര്‍ഗ്ഗം തീര്‍ന്നുപോവുന്നു, നരകം നിലനില്‍ക്കുന്നു.
    തിരസ്‌കാരം
    മാറുന്ന മലയാള നോവല്‍
    പേനയുടെ സമരമുഖങ്ങള്‍
    മധുരം നിന്റെ ജീവിതം
    അഭിമുഖസംഭാഷണങ്ങള്‍
    ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക
    [[ഫിക്ഷന്റെ അവതാരലീലകള്‍

പുരസ്‌കാരങ്ങള്‍

    കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം-മധുരം നിന്റെ ജീവിതം
       1998ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്-ഉത്തരാധുനികത ചരിത്രവും വംശാവലിയും