കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ്. 1925ലെ ചിങ്ങമാസത്തിലെ ആയില്യം നാളില്‍ എടപ്പാളിനടുത്ത നടുവട്ടത്ത് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മൂത്ത മകനായി ജനിച്ചു. കെ.സി.എസ്.പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ന്നത്. പിന്നീട് കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിനു രേഖാചിത്രങ്ങള്‍ വരച്ചു. നമ്പൂതിരിച്ചിത്രങ്ങള്‍ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണന്‍ നായര്‍ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എന്‍. കഥകള്‍ക്കു വരച്ച രേഖാചിത്രങ്ങല്‍ എന്നിവ പ്രസിദ്ധമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകല്‍പ്പന ശ്രദ്ധേയമായിരുന്നു.
മലയാളം ആനുകാലികങ്ങളിലെ പ്രമുഖരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് നമ്പൂതിരിയുടെ ചിത്രങ്ങള്‍ മാറ്റ് കൂട്ടിയിരുന്നു. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകള്‍. ഉറപ്പുള്ള വരകളും കഥാപാത്രത്തിന്റെ രൂപസവിശേഷതകള്‍ അറിഞ്ഞ് ഭാവങ്ങള്‍ നിറഞ്ഞവയുമാണ് ആ ചിത്രങ്ങള്‍. ലോഹത്തകിടില്‍ ശില്പങ്ങള്‍ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കഥകളി നര്‍ത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം ഡി.സി. ബുക്‌സ് പുറത്തിറക്കി. ആത്മകഥാംശമുള്ള 'രേഖകള്‍' എന്ന പുസ്തകം റെയിന്‍ബോ ബുക്‌സ് ചെങ്ങന്നൂര്‍ പ്രസിദ്ധീകരിച്ചു. 2003ലെ രാജാ രവിവര്‍മ്മ പുരസ്‌കാരം ലഭിച്ചത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കാണ്.
സഹധര്‍മ്മിണി മൃണാളിനി. മക്കള്‍ പരമേശ്വരന്‍, വാസുദേവന്‍.