കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു എന്‍.ഇ. ബാലറാം (20 നവംബര്‍ 1919 – 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുന്‍പേ ബാലറാം പേരാവൂര്‍ യു.പി. സ്‌കൂളിലെ അധ്യാപകനായിരുന്നു. 1934ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്ന തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു.1939ല്‍ കണ്ണൂരിലെ പിണറായിയിലുള്ള പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ രഹസ്യയോഗം ചേര്‍ന്ന അപൂര്‍വം നേതാക്കളില്‍ പ്രായം കുറഞ്ഞയാളായിരുന്നു. കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തില്‍ പങ്കെടുക്കുക വഴി നിരവധി തവണ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
    1919 നവംബര്‍ 20 ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ആണ് ബാലറാം ജനിച്ചത്. പിതാവ് ഞാലില്‍ ഇട്ടവലത്ത് നാരായണമാരാര്‍, മാതാവ് ലക്ഷ്മി. ഇവരുടെ മൂത്ത മകനായിരുന്നു ബാലറാം.നന്നേ ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതവും വേദാന്തവും സ്വായത്തമാക്കി. വാഗ്ഭടാനന്ദന്റെ ശിഷ്യ ആയിരുന്ന മുത്തശ്ശി ശ്രീദേവി ആയിരുന്നു ഗുരു. സംസ്‌കൃതം കൂടുതല്‍ പഠിക്കാനായി കല്‍ക്കട്ടയിലെ ശ്രീകൃഷ്ണാശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് നാട്ടില്‍ വന്ന് അധ്യാപകനായി. അധ്യാപകനായിരിക്കെ തന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവച്ച കാലഘട്ടമായിരുന്നു അത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എസ്.എന്‍.ഡി.പി എന്ന സംഘടനയില്‍ ചേര്‍ന്നു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തില്‍ ആകൃഷ്ടനായി ബീഡിതൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ചു, അസംഘടിതരായ ബീഡിതൊഴിലാളികളെ ഈ സംഘടനയില്‍ ചേര്‍ക്കാന്‍ കഠിനപ്രയത്‌നം നടത്തി. സി.എച്ച്.കണാരന്‍ ഈ യൂണിയന്റെ പ്രസിഡന്റായിരുന്നു, വാഗ്ഭടാനന്ദഗുരു യൂണിയന്റെ കമ്മറ്റിയിലെ ഒരംഗം ആയിരുന്നു. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ബാലറാം അതില്‍ ചേര്‍ന്നു.
    കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കു മാറിയപ്പോള്‍ ബാലറാം കമ്മ്യൂണിസ്റ്റ് അംഗമായി. പാറപ്പുറം സമ്മേളനത്തിനുശേഷം നടന്ന പ്രതിഷേധ ദിനം സംഘടിപ്പിച്ചവരില്‍ ഒരാള്‍ ബാലറാം ആയിരുന്നു. ആ പ്രതിഷേധദിനത്തില്‍ നടന്ന വെടിവെപ്പില്‍ അബു, ചാത്തുക്കുട്ടി എന്ന രണ്ട് കമ്മ്യൂണിസ്റ്റുകാര്‍ മരിച്ചു. 1939 ല്‍ രണ്ടാംലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ യുദ്ധത്തിനെതിരേ എടുത്ത നിലപാടുകള്‍കൊണ്ട് കമ്മ്യൂണിസ്റ്റുകാരെ ഒന്നാകെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബാലറാം മറ്റു പ്രവര്‍ത്തകരൊപ്പം ഒളിവില്‍പോയി. 1941 ല്‍ ഒളിവിലിരിക്കെ അറസ്റ്റിലായി. 1942 ല്‍ ജയില്‍ മോചിതനായെങ്കിലും, രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെതുടര്‍ന്ന് വീണ്ടും ജയിലിലായി. 1951 വരെ ഒളിവില്‍ കഴിഞ്ഞു.
    1957 ലെ പൊതു തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച് ഒന്നാം കേരള നിയമസഭയിലെത്തി. 1960 ലും അതേ മണ്ഡലത്തില്‍ നിന്നും ജയിച്ചു. 1970 ല്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് നിയമസഭയില്‍ എത്തിയത്. അച്യുതമേനോന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു. രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. 1964 ല്‍ പാര്‍ട്ടി രണ്ടായപ്പോള്‍ സി.പി.ഐ യില്‍ ഉറച്ചു നിന്നു. 1972 മുതല്‍ 1984 വരെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ബാലാറാം രാജ്യസഭാംഗമായിരിക്കെയാണ് അന്തരിച്ചത്. സി.പി.ഐ.യുടെ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗണ്‍സിലംഗം, എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളില്‍ ബാലറാം പ്രവര്‍ത്തിച്ചിരുന്നു. പങ്കജാക്ഷിയാണ് ഭാര്യ. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ട്.

കൃതികള്‍

    ഇന്ത്യയുടെ പിറവി
    ധനശാസ്ത്ര ശില്പികള്‍
    മൂന്ന് ഇന്റര്‍ നാഷണലുകളുടെ ചരിത്രം
    ഇടതുപക്ഷ കമ്മ്യൂണിസം
    ആധുനിക മുതലാളിത്തം
    ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം