അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍ (ജനനം:മാര്‍ച്ച് 22, 1935- മരണം:മാര്‍ച്ച് 31 2008). പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്റെ ജീവിതത്തില്‍ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. കേരളത്തിന്റെ നാടോടി സംസ്‌കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന്‍ സാഹിത്യലോകത്തു ശ്രദ്ധേയനായത്. നാടോടി കലാരൂപങ്ങളുടെ താളം കവിതയില്‍ കൊണ്ടുവന്നു. ആധുനിക രചനാശൈലിയുടെ വക്താവുമായി.1960കളില്‍ കേരളത്തില്‍ ശക്തമായിരുന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളില്‍ നിഴലിക്കുന്നു. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകള്‍. 1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്‌കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

ബിരുദ പഠനത്തിനുശേഷം കൊല്‍ക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്‌സ് വകുപ്പില്‍ ഉദ്യോഗം സ്വീകരിച്ചു. 1967 മുതല്‍ 1992ല്‍ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
1965ല്‍ ‘ഞാന്‍’ എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകര്‍. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീര്‍ത്ത കവിയാണ് കടമ്മനിട്ടയെന്നും കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുന്നു. തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയം നേടി.

പ്രധാനകൃതികള്‍

കുറത്തി
കടിഞ്ഞൂല്‍പൊട്ടന്‍
മിശ്രതാളം
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
കടമ്മനിട്ടയുടെ കവിതകള്‍
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവല്‍ ബക്കറ്റിന്റെ 'വെയ്റ്റിംഗ് ഫോര്‍ ഗോദോ' എന്ന നാടകത്തിന്റെ വിവര്‍ത്തനം)
സൂര്യശില (ഒക്ടാവിയോ പാസിന്റെ 'സണ്‍സ്റ്റോണ്‍' എന്ന കൃതിയുടെ വിവര്‍ത്തനം)
കോഴി

പുരസ്‌കാരങ്ങള്‍

1982ല്‍ ആശാന്‍ പുരസ്‌കാരം- കടമ്മനിട്ടയുടെ കവിതകള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-കടമ്മനിട്ടയുടെ കവിതകള്‍
അബുദബി മലയാളി സമാജം പുരസ്‌കാരം-കടമ്മനിട്ടയുടെ കവിതകള്‍
ന്യൂയോര്‍ക്കിലെ മലയാളം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം.
മസ്‌കറ്റ് കേരള സാംസ്‌കാരിക കേന്ദ്രം പുരസ്‌കാരം.