ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളിലൊരാളായിരുന്നു പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരന്‍കുട്ടി) എന്ന കാര്‍ട്ടൂണിസ്റ്റ് കുട്ടി (1921 സെപ്തംബര്‍ 4-2011 ഒക്ടോബര്‍ 22). കുട്ടിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചവയാണ്.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നാരായണ മേനോന്റെയും ലക്ഷ്മി അമ്മയുടെയും മകനായി 1921 സെപ്തംബര്‍ 4ന് ജനനം. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ കാലം മുതല്‍ കാര്‍ട്ടൂണ്‍ രചനയില്‍ താത്പര്യം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരിലൊരാളായിരുന്ന പ്രശസ്ത മലയാള സാഹിത്യകാരന്‍ സഞ്ജയന്റെ പ്രോത്സാഹനപ്രകാരം കോളേജ് മാഗസിനു വേണ്ടി കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങി. പഠനം പൂര്‍ത്തിയായ ശേഷം വീട്ടിലിരുന്ന കുട്ടിയെ സഞ്ജയന്‍ കത്തയച്ചു വരുത്തി വിശ്വരൂപം എന്ന തന്റെ വാരികയില്‍ ചിത്രങ്ങള്‍ വരയ്ക്കുവാനായി നിയോഗിച്ചു.പിന്നീട് ഡെല്‍ഹിയിലെത്തിയ കുട്ടി കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായി ബന്ധം സ്ഥാപിച്ചു. കുട്ടിയുടെ ബന്ധു കൂടിയായ വി.പി. മേനോനാണ് മുന്‍കൈ എടുത്തത്. കുട്ടി ശങ്കറിനെ ഗുരുവായി സ്വീകരിക്കുകയും അദ്ദേഹത്തില്‍ നിന്ന് കാര്‍ട്ടൂണ്‍ചിത്രകലാ രംഗത്ത് കൂടുതല്‍ പ്രായോഗികപരിശീലനം നേടുകയും ചെയ്തു.
ശങ്കറിന്റെ കീഴില്‍ ആറ് മാസത്തെ പരിശീലനത്തിനുശേഷം 1941 ജനുവരി 2ന് ജവഹര്‍ലാല്‍ നെഹ്രു തുടക്കമിട്ട ലക്‌നോയില്‍ നിന്നു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന നാഷണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റായി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നാഷണല്‍ ഹെറാള്‍ഡ് അടച്ചു പൂട്ടപ്പെട്ടതിനെ തുടര്‍ന്ന് 1943 മുതല്‍ 1945 വരെ മദ്രാസില്‍ നിന്നുള്ള മദ്രാസ് വാര്‍ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിലും 1945 മുതല്‍ 1946 വരെ ബോംബെയില്‍ നിന്നുള്ള ഫ്രീ പ്രസ് ജേര്‍ണല്‍ എന്ന പത്രത്തിലും പ്രവര്‍ത്തിച്ചു. 1946ല്‍ ഡെല്‍ഹിയില്‍ മടങ്ങി എത്തിയ അദ്ദേഹം 1951 വരെ നാഷണല്‍ കോള്‍, അമര്‍ഭാരത്, ഇന്ത്യന്‍ ന്യൂസ് ക്രോണിക്കിള്‍ തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. 1948ല്‍ ആരംഭമിട്ട ശങ്കേഴ്‌സ് വീക്കിലിയിലും കുട്ടിയുടെ കാര്‍ട്ടൂണുകള്‍ വന്നിരുന്നു. 1951ല്‍ കൊല്‍ക്കത്തയിലെ ആനന്ദബസാര്‍ ഗ്രൂപ്പില്‍ ചേര്‍ന്ന കുട്ടി 35 വര്‍ഷം ആനന്ദബസാര്‍ പത്രിക ഉള്‍പ്പെടെയുള്ള അവരുടെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ആജ്കല്‍ ഗ്രൂപ്പില്‍ അംഗമായി. 1997ല്‍ അദ്ദേഹം സജീവ കാര്‍ട്ടൂണ്‍ രചനയ്ക്ക് വിരാമമിട്ട് അമേരിക്കയിലേക്ക് പോയി.
    വായിക്കാനറിയാത്തവര്‍ക്കുപോലും ആസ്വദിക്കാന്‍ കഴിയുന്നതാവണം കാര്‍ട്ടൂണ്‍ എന്ന് കുട്ടി വിശ്വസിച്ചിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ രചനകളില്‍ കഴിയുന്നടത്തോളം കമന്റ്‌സ് കുറക്കുവാനും ചിത്രീകരണം ശക്തമാക്കുവാനും ശ്രദ്ധിച്ചു.1947 ഓഗസ്റ്റ് 14ന് രാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ നെഹ്രുവിന്റെയും ഡോ.രാധാകൃഷ്ണന്റെയും പ്രസംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുട്ടിയുടെ തൂലികയില്‍ നിന്നും സ്വാതന്ത്യത്തിനു മുന്‍പും പിന്‍പും നടന്ന നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളെല്ലാം കാര്‍ട്ടൂണുകളായി പുറത്തു വന്നിട്ടുണ്ട്. അവയൊക്കെ ജനശ്രദ്ധ പിടിച്ചു പറ്റി. 1987ലെ ഹരിയാനാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്നുള്ള കോണ്‍ഗ്രസ്സിന്റെ അവസ്ഥയെ മൈക്കലാഞ്ജലോയുടെ വിശ്വപ്രസിദ്ധമായ പിയേത്താ ശില്പത്തിന് അനുരൂപമായി ചിത്രീകരിച്ചത് അതിലൊന്നാണ്. കോണ്‍ഗ്രസ്സിനു മേല്‍ ആരോപിക്കപ്പെട്ട ഇറ്റാലിയന്‍ ബന്ധം ഈ വിഷയം തെരഞ്ഞെടുക്കുവാനൊരു കാരണമായി. അതേസമയം തന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പൊതുവേ നര്‍മ്മബോധം കുറവാണെന്നും അതാണ് സോവിയറ്റ് യൂണിയനിലെ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് നിദാനമായതെന്നുമുള്ള വിമര്‍ശനവും അദ്ദേഹം നടത്തി. കുട്ടി പാകിസ്ഥാനെതിരെ വരച്ച കാര്‍ട്ടൂണ്‍ വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. അതുപോലെ ഹിന്ദു കോഡ് ബില്‍, വിമോചന സമരം എന്നിവയെക്കുറിച്ചുള്ള കാര്‍ട്ടൂണുകളും ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.

കൃതികള്‍
ചിരിയുടെ സംവത്സരങ്ങള്‍  ഒരു കാര്‍ട്ടൂണിസ്റ്റിന്റെ സ്മരണകള്‍ എന്നാണ് കുട്ടിയുടെ ആത്മകഥയുടെ പേര്
കുട്ടിയോടോപ്പം ചിരിക്കുക മറ്റൊരു കൃതി.