പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവര്‍മ്മ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ്മ.( 1645-1696) ഉമയമ്മ റാണിയുടെ പ്രധാന സൈനികോപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും സൈനിക കാര്യോപദേഷ്ടാവും എന്നതിനും പുറമേ, സംഗീതവിദ്വാനും ആയിരുന്നു. പ്രധാന കൃതി വാല്മീകി രാമായണത്തിന്റെ മലയാള തര്‍ജ്ജമയായ വാല്മീകി രാമായണം (കേരളഭാഷാകാവ്യം) ആണ്.മികച്ച രാജ്യതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം 1696ല്‍ കൊല്ലപ്പെടുകയാണുണ്ടായത്.
    കോലത്തുനാടിന്റെ ഒരു സ്വതന്ത്ര താവഴിയായിരുന്ന വടക്കേ മലബാറിലെ കോട്ടയം രാജവംശത്തില്‍ ക്രി.വ.1645ലാണ് ഇദ്ദേഹം പിറന്നത്. ജ്യേഷ്ഠന്‍ പ്രസിദ്ധ കവിയും ആട്ടക്കഥാരചയിതാവുമായിരുന്ന കോട്ടയത്തു തമ്പുരാനാണ്. വാള്‍പ്പയറ്റിലും അമ്പെയ്ത്തിലും മറ്റു യുദ്ധശസ്ത്രങ്ങളിലും നിപുണനായ യോദ്ധാവ് കൂടിയായിരുന്നു കേരളവര്‍മ്മ. ചരിത്രകഥകളനുസരിച്ച് ഒരു തീര്‍ത്ഥാടനത്തിനു പുറപ്പെട്ട കേരളവര്‍മ്മ തിരുവനന്തപുരത്ത് എത്തിയപ്പോള്‍, അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ പ്രേരണയാല്‍ അവിടെ തന്നെ തങ്ങി റാണിയെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ആധികാരികത ഉറപ്പാക്കാനായി ക്രി.വ.1684ല്‍ കേരളവര്‍മ്മയെ ഔദ്യോഗികമായിത്തന്നെ വേണാട് സ്വരൂപത്തിലേക്ക് ദത്തെടുക്കുകയും ഹിരണ്യസിംഹനല്ലൂര്‍ രാജകുമാരന്‍(ഏരാനല്ലൂര്‍/ഇരണിയല്‍) ആയി വാഴിക്കുകയും ചെയ്തു. ആദ്യ ദൗത്യം രാജ്യാതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന മുസ്ലീം ആക്രമണകാരികളെ തുരത്തുക എന്നതായിരുന്നു.മുകിലന്‍ പട എന്നറിയപ്പെടുന്ന സംഭവം ഇദ്ദേഹത്തിന്റെ രാജസേവനകാലത്തില്‍ നടന്നതായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുഗള്‍ സിര്‍ദര്‍ (മുഗള്‍ സര്‍ദാര്‍/മുകിലന്‍) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികന്‍ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തില്‍ തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം എത്തി, മണക്കാട്ട് തമ്പടിച്ചു. ഇതോടെ റാണി തിരുവനന്തപുരം വിട്ട് നെടുമങ്ങാട് പോയി. ആ സമയത്ത് കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ വേണാട് സൈന്യം മുഗള്‍ സൈന്യത്തെ തുരത്തി.തിരുവട്ടാറില്‍ വെച്ചുനടന്ന യുദ്ധത്തില്‍ കേരളവര്‍മ്മ ആക്രമണകാരിയായ മുഗള്‍ സിര്‍ദറിനെയും കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും വേണാട് ആക്രമണശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു. യുദ്ധത്തില്‍ ജയിച്ച കേരളവര്‍മ്മ ശത്രുക്കളുടെ നൂറോളം സൈനികരെ കീഴടക്കുകയും ഏകദേശം 300 കുതിരകളും അനേകം ആയുധങ്ങളും കൈക്കലാക്കുകയും ചെയ്തു. കീഴടക്കിയ കുതിരകളെയും ആയുധങ്ങളെയും കൊണ്ട് തിരുവിതാംകൂറിനായി ഒരു കുതിരപ്പടയെ അദ്ദേഹം തയ്യാറാക്കി. ഒരു റെജിമെന്റ് വില്ലാളികളെയും ഒരു റെജിമെന്റ് വാള്‍പ്പയറ്റുകാരേയും സംഘടിപ്പിച്ചു. അവരെ കുതിരപ്പടയോടു കൂടി വേണാടിന്റെ മൂന്നു ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തു.ഈ സംഭവമാണ് മുകിലന്‍ പട എന്നറിയപ്പെടുന്നത്.
    ഒരു കഥ അനുസരിച്ച്, പടയ്ക്കു മുന്‍പ് കേരളവര്‍മ്മ തിരുവട്ടാര്‍ ആദികേശവ പെരുമാളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തു. മുകിലന്‍ പട നടക്കുമ്പോള്‍ ഉറവിടം എങ്ങുനിന്നെന്നറിയാത്ത ധാരാളം അമ്പുകള്‍ മുഗളപ്പടയ്ക്ക് മേല്‍പ്പതിക്കുകയും, അവരുടെ പട ചിന്നിച്ചിതറി ഓടുകയും ചെയ്തത് വേണാട് സൈന്യത്തിന് പടയില്‍ അനുകൂലമായിത്തീര്‍ന്നു. പിന്നീട് കേരളവര്‍മ്മയുടെ സ്വപ്നത്തില്‍ ശ്രീ രാമന്‍ പ്രത്യക്ഷപ്പെടുകയും ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രാമന്റെ നിര്‍ദ്ദേശാനുസരണം പദ്മനാഭപുരത്തിന്റെ വടക്കു കിഴക്കു വശത്തുനിന്നും കേരളവര്‍മ്മ വിഗ്രഹം കണ്ടെടുക്കുകയും രാമസ്വാമി ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു.
    കേരളവര്‍മ്മയെ അനശ്വരനാക്കുന്നത് അദ്ദേഹം നടപ്പിലാക്കിയ ധീരമായ സാമൂഹ്യ പരിഷ്‌കരണങ്ങളാണ്. വേണാട്ടില്‍ നടപ്പിലുണ്ടായിരുന്ന പുലപ്പേടിയും മണ്ണാപ്പേടിയും നിര്‍ത്തലാക്കാന്‍ കൊല്ലവര്‍ഷം 871 (ക്രി.വ. 1696)ല്‍ അദ്ദേഹം വിളംബരമിറക്കി. കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ട് ഈ വിളംബരം വീര കേരളവര്‍മ്മയുടെ പേരില്‍ കല്ലില്‍ കൊത്തിവയ്ക്കപ്പെട്ടു. ഇതുകൊണ്ട് വലിയൊരു ഭാഗം ജനങ്ങളെ പുലയര്‍, മണ്ണാന്‍ എന്നീ ജാതിക്കാരായ ആളുകളാല്‍ അപമാനിതരാക്കപ്പെടുന്നതില്‍ നിന്നും ഒഴിവാക്കാനായി. ഈ വിളംബരം പുലയ, പറയ, മണ്ണാന്‍ സമുദായത്തില്‍ പെട്ട കുട്ടികളടക്കം അനേകം ആളുകളുടെ കൂട്ടക്കൊലയ്ക്കും ഗര്‍ഭസ്ഥശിശുക്കളുടെ നേരേ വരെയുള്ള കിരാതമായ ആക്രമണങ്ങള്‍ക്കും വഴിതെളിച്ചതായും പറയപ്പെടുന്നു. ഈ വിളംബരം ഒരു മറയാക്കിക്കൊണ്ട് ഈ മൂന്നു ജാതിയില്‍പ്പെട്ട ആളുകളെ പല സ്ഥലങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. 'വലിയകേശിക്കഥ' എന്ന തെക്കന്‍ പാട്ടില്‍ കേരളവര്‍മ്മ പുലപ്പേടി നിരോധിച്ചതിന്റെയും അതിനെതിരെ പുലയകലാപം നടന്നതിന്റെയും വര്‍ണ്ണനകള്‍ ഉണ്ട്. ഇതിനെ അടിച്ചമര്‍ത്തുകയായിരുന്നെന്നും ഈ പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്നു.
    നിപുണനായ ഭരണകര്‍ത്താവായിരുന്ന അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ യോഗക്കാരും, പിള്ളമാരും മറ്റു പ്രമാണിമാരും റാണിയേയും അദ്ദേഹത്തിനെയും അനുസരിക്കാന്‍ നിര്‍ബന്ധിതരായി. പുത്തന്‍ കോട്ടയിലെ കോട്ട കൊട്ടാരങ്ങള്‍ പൊളിപ്പിച്ച അദ്ദേഹം ആ സാധനസാമഗ്രികള്‍ കൊണ്ട് തിരുവനന്തപുരം കോട്ടയ്ക്കകത്ത് രണ്ടു കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചു. അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു. ഇതില്‍ വലിയ കോയിക്കലിലായിരുന്നു അദ്ദേഹം അതിനു ശേഷം താമസിച്ചിരുന്നത്.
    റാണിയെ സഹായിക്കാനായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയ കേരളവര്‍മ്മ, സ്വന്തം നയങ്ങള്‍ മൂലം നാട്ടുകാരുടെ ഇടയില്‍ അനഭിമതനായി. അതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തിനെതിരായി ഗൂഢാലോചനകള്‍ ഉരുത്തിരിഞ്ഞു. കൊല്ലവര്‍ഷം 871 (ക്രി.വ. 1696)ല്‍ സ്വന്തം കൊട്ടാരവളപ്പിനുള്ളില്‍ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു. റാണിയുടെ ഭരണത്തിന്റെ ശക്തി കേരളവര്‍മ്മയിലാണ് എന്നു ധരിച്ച മാടമ്പിമാര്‍, അദ്ദേഹത്തിനെ ഇല്ലാതാക്കിയാല്‍ ഭരണം ശിഥിലമാകുമെന്നു കണക്കു കൂട്ടി. ഭരണം കൂടുതല്‍ രാജ കേന്ദ്രീകൃതമാകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നും കരുതപ്പെടുന്നു. എന്നാല്‍ ആരാണ് യഥാര്‍ത്ഥ കൊലയാളി എന്നത് ഇന്നും ഒരു പ്രഹേളികയായി നിലനില്‍ക്കുന്നു.

    കവി കൂടിയായിരുന്ന അദ്ദേഹം ശ്രീപദ്മനാഭന്റെ കാല്‍ക്കീഴില്‍ നിന്നുകൊണ്ട് മുഴുവന്‍ വാല്മീകി രാമായണത്തെയും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു. മലയാളത്തിലേക്ക് ആദ്യമായി വാല്മീകി രാമായണം തര്‍ജ്ജമ ചെയ്തത് ഇദ്ദേഹമാണെന്നു കരുതുന്നു. ഈ തര്‍ജ്ജമ അദ്ദേഹം മുഴുമിപ്പിച്ചിട്ടില്ല എന്നും ചിലര്‍ പറയുന്നു. അദ്ദേഹം പരിഭാഷപ്പെടുത്തിയ വാല്മീകി രാമായണത്തിന്റെ ആദ്യ അഞ്ചു കാണ്ഡങ്ങള്‍ ഇന്ന് ലഭ്യമാണ്. കേരളവര്‍മ്മയുടെ രാമായണ പരിഭാഷ കേരളവര്‍മ്മ രാമായണം എന്നും അറിയപ്പെടുന്നു. ഇത് എഴുത്തച്ഛനു ശേഷമുള്ള കിളിപ്പാട്ട് കൃതികളുടെ ഒരു നല്ല ഉദാഹരണമാണ്.

മറ്റു കൃതികള്‍

വാല്മീകി രാമായണം തര്‍ജ്ജമ
പാതാളരാമായണം
പാദസ്തുതി
വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ട്
പദ്മനാഭകീര്‍ത്തനം
ബാണയുദ്ധം