പ്രസിദ്ധ മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്ര നിരൂപകനും പത്രപ്രവര്‍ത്തകനും ആയിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. 1108 ഇടവത്തില്‍ ചേര്‍ത്തലയിലെ ചേലങ്ങാട്ട് വീട്ടില്‍ കേശവപിളളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ബി.എ. വരെ പഠിച്ച ശേഷം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവല്‍, കഥകള്‍, തൂലികാ ചിത്രങ്ങള്‍, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. തിരക്കഥാകൃത്ത്, പ്രൊഡക്ഷന്‍ മേല്‍നോട്ടക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു. ജെ.സി. ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനാണ് മലയാളത്തിലെ ആദ്യ ചലച്ചിത്രം എന്ന് അംഗീകരിക്കുവാന്‍ ഇടയായത് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശ്രമഫലമായിട്ടാണ്.
സുഹൃത്തുക്കളായിരുന്ന വയലാര്‍ രാമവര്‍മ്മ, ആലപ്പി വിന്‍സെന്റ് എന്നിവരുമായി ചേര്‍ന്ന് സഹകരണാടിസ്ഥാനത്തില്‍ ആലുവയില്‍ അജന്താ ഫിലിം സ്റ്റുഡിയോ എന്നൊരു സംരംഭം 1960ല്‍ തുടങ്ങി. അതിന്റെ സെക്രട്ടറിയായിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. 2010 ജൂണ്‍ 4ന് 78ആമത്തെ വയസ്സില്‍ അന്തരിച്ചു.

കൃതികള്‍

    ലോകസിനിമയുടെ ചരിത്രം
    ചലച്ചിത്ര നിര്‍മ്മാണം കേരളത്തില്‍
    സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ
    സിനിമാക്കാരും പാട്ടുകാരും
    ഓണത്തിന്റെ ചരിത്രം
    മറക്കപ്പെട്ട വിപ്ലവകാരികള്‍
    ജെ.സി. ഡാനിയലിന്റെ ജീവിതകഥ