കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാന്‍. സൂപ്പര്‍സ്പീഡ് കാര്‍ട്ടൂണിസ്റ്റ്, രേഖാചിത്രകാരന്‍, കവി എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കെ. എന്‍. സോമശേഖരന്‍ നായരുടെയും എം. രമണിയമ്മയുടെയും മകനായി 1974 ഡിസംബര്‍ 30 ന് പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കരയില്‍ ജനനം. ഭാര്യ: ഉണ്ണിമായ, മക്കള്‍: ശിവാനി, നിരഞ്ജന്‍. ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്‌കാരമായ വരയരങ്ങ് എന്ന സാംസ്‌കാരികകലാരൂപത്തിന്റെ ആവിഷ്‌കര്‍ത്താവ്. ചിത്രകലയെ 'രംഗകല' അഥവാ 'പെര്‍ഫോമിംഗ് ആര്‍ട്' ആയി ആവിഷ്‌കരിച്ച് 2000 ത്തിലേറെ വേദികളിലവതരിപ്പിച്ച ആദ്യചിത്രകാരന്‍. വിസ്മയാവഹമായ വേഗത്തില്‍, ചലച്ചിത്രം, ക്രിക്കറ്റ്,സംഗീതം,സാഹിത്യം, രാഷ്ടീയം എന്നിങ്ങനെ വിവിധമേഖലകളിലെ നൂറോളം പ്രശസ്തവ്യക്തികളെ നര്‍മ്മഭാഷണവും കവിതാശകലങ്ങളും മഹത് സന്ദേശങ്ങളും നിറഞ്ഞ രസകരമായ കമന്ററിയുടെ അകമ്പടിയോടെ അവിരാമം വരച്ചവതരിപ്പിക്കുന്ന 'ഓണ്‍ ദ സ്‌പോട്ട് കാര്‍ട്ടൂണ്‍ സ്റ്റേജ്‌ഷോ' ആണ് ജിതേഷിന്റെ വരയരങ്ങ്. ചിത്രകലാ ഗുരുവായ ആര്‍ട്ടിസ്റ്റ് വി.എസ്. വല്യത്താന്‍ സ്മരണാര്‍ത്ഥം 2008 ജൂണ് 22ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്നാണ് ജിതേഷ് 'വരയരങ്ങ്' എന്ന ചിത്രകലാപ്രസ്ഥാനത്തിന് തുടക്കമിട്ടത്. കേരളാ അനിമേഷന്‍ അക്കാദമി സെക്രട്ടറി, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കൈരളി ടി.വിയില്‍ 'വര' എന്ന ഇന്‍ഫോടൈന്മെന്റ് കാര്‍ട്ടൂണ്‍ ഷോയുടെ അവതാരകനാണ്. ഒരു ദശാബ്ദക്കാലത്തോളം ചിരിച്ചെപ്പ് കാര്‍ട്ടൂണ്‍ മാസികയുടെ മുഖ്യപത്രാധിപരായിരുന്നു.'ജിതേഷ്ജി' എന്ന തൂലികാനാമത്തിലാണ് കാരിക്കേച്ചറുകള്‍ വരയ്ക്കുന്നത്. അഞ്ചുമിനിറ്റുകൊണ്ട് അമ്പത് ലോകപ്രശസ്തരെ അവിരാമം വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ് ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോര്‍മിംഗ് കാര്‍ട്ടൂണിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്നു.

കൃതികള്‍

    നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍(കവിതാ സമാഹാരം),
    കുട്ടിക്കവിതകളും കാര്‍ട്ടൂണ്‍ പഠനവും(ബാലസാഹിത്യം)
    കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ വരയ്ക്കാന്‍ പഠിക്കാന്‍ (കാര്‍ട്ടൂണ്‍ പഠനം)