പരിസ്ഥിതിപ്രവര്‍ത്തകനും അദ്ധ്യാപകനുമാണ് ജോണ്‍ സി. ജേക്കബ്. 1936ല്‍ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജില്‍ 1960 മുതല്‍ അദ്ധ്യാപകനായി. പിന്നീട് പയ്യന്നൂര്‍ കോളേജ് ആരംഭിച്ചപ്പോള്‍ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി. പരിസ്ഥിതി ആചാര്യന്‍ എന്ന നിലയിലാണ് കലാലയങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് ഏഴിമലയില്‍ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1972ല്‍ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കല്‍ ക്ലബ്ബ് സ്ഥാപിച്ചു. 1977ല്‍ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ കേരള (സീക്ക്) സ്ഥാപിച്ചു. ഒരേ ഭൂമി ഒരേ ജീവന്‍ എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി. മൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2008 ഒക്ടോബര്‍ 11ന് തന്റെ 72-ാമത്തെ വയസ്സില്‍ അന്തരിച്ചു.

കൃതികള്‍

പ്രകൃതി നിരീക്ഷണവും വ്യത്യാസവും
ഉറങ്ങുന്നവരുടെ താഴ്വരകള്‍
ഹരിതദര്‍ശനം (ആത്മകഥ- മരണാനന്തരം പ്രകാശിതമായത്)

അവാര്‍ഡുകള്‍

    കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം -2006
    സ്വദേശി ശാസ്ത്രപുരസ്‌കാരം – 2004
    കേരള ജൈവവൈവിധ്യബോര്‍ഡിന്റെ ഹരിതപുരസ്‌കാരം – 2008