കവിയും ഗദ്യകാരനും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹികപ്രവര്‍ത്തകനുമായിരുന്നു പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമന്‍പിള്ള (1909-1998). അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രാര്‍ത്ഥനാ ഗീതം രചിച്ചത് ഇദ്ദേഹമാണ്. പന്തളത്തിന്റെ സമീപപ്രദേശമായ തുമ്പമണ്ണില്‍ 1909ലാണ് രാമന്‍പിള്ളയുടെ ജനനം. പന്തളം എന്‍.എസ്.എസ് സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെയാണ് പന്തളം കെ.പി എന്ന തൂലികാ നാമം സ്വീകരിച്ചു. ചങ്ങമ്പുഴ പ്രസ്ഥാനത്തില്‍ ഇദ്ദേഹവും പങ്കാളിയായിരുന്നു. നാല്‍പ്പതുകളില്‍ കാവ്യരചനയില്‍ നിന്ന് വിട്ടു നിന്ന അദ്ദേഹം  ലേഖനങ്ങളിലും വിനോദ കഥകളിലുമാണ് ശ്രദ്ധ പതിപ്പിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനായിരുന്നു. തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീറ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. 1954ല്‍ എന്‍.എസ്.എസ്. നേതാവ് മക്കപ്പുഴ വാസുദേവന്‍ പിള്ളക്കെതിരെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് മൂലം സ്‌കൂളിലെ ജോലി നഷ്ടപ്പെടുകയും ചെയ്തു.

1998 ഒക്‌ടോബര്‍ 17ന് ചെന്നൈയില്‍ വച്ച് പന്തളം കെ.പി അന്തരിച്ചു.

കൃതികള്‍

ഏകാന്തകോകിലം
മുരളീധരന്‍
അഖിലാണ്ഡമണ്ഡലം
രാഗസുധ (കവിതാസമാഹരങ്ങള്‍)
മരതകപീഠം (നോവല്‍)
രാജേന്ദ്രന്‍ (ബാലസാഹിത്യം)