വെണ്‍മണി പ്രസ്ഥാനത്തിലെ ഒരു കവിയായിരുന്നു പൂന്തോട്ടത്ത് അച്ഛന്‍നമ്പൂതിരി (1821-65). പാലക്കാട്ടു ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു പിതാവ്. കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹത്തിനു തൊട്ടടുത്തതാണ് പൂന്തോട്ടത്തില്ലം. ശരിയായ പേര് ദാമോദരന്‍ എന്നാണ്. പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനായിരുന്നു വൈദികാചാര്യന്‍. തൃപ്പൂണിത്തുറ എത്തി സംസ്‌കൃതം പഠിക്കുകയും അവിടെയുളള ഒരു ക്ഷത്രിയ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ക്കളരിയിലെ ഒരംഗമായി. തൃശൂര്‍ അഷ്ടമി ഇല്ലത്തുനിന്നും ഒരന്തര്‍ജനത്തേയും വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധത്തില്‍ മൂന്നു പുത്രന്‍മാരും അഞ്ചുപുത്രിമാരുമുണ്ടായി.
    കുഞ്ചന്‍ നമ്പ്യാരുടെ മണിപ്രവാളശൈലി സ്വായത്തമായിരുന്നിട്ടും ഫലിതത്തിലും പരിഹാസത്തിലും കുഞ്ചന്റെ അടുത്തെത്താന്‍ നമ്പൂതിരിക്കു കഴിഞ്ഞിട്ടില്ല. ഏതാനും ഒറ്റശ്‌ളോകങ്ങള്‍ കൊണ്ട് ഇദ്ദേഹം അവിസ്മരണീയനായിട്ടുണ്ട്. കൊയ്ത്തുകഴിഞ്ഞ് കറ്റയുമായി ആയാസപ്പെട്ടു പാടത്തുനിന്നു വരുന്ന ഒരു പുലയസ്ത്രീയെക്കുറിച്ചുള്ള ശ്ലോകം ഇങ്ങനെയാണ്:

' മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
    ചൂടിക്കൊണ്ടരിവാള്‍ പുറത്തുതിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
    നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ
    പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെത്തപിക്കുന്നു ഞാന്‍'

    കാമുകിയുമായുണ്ടായ ഒടുവിലത്തെ കൂടിക്കാഴ്ച അനുസ്മരിച്ചു ദുഖിക്കുന്ന കാമുകനാണ് മറ്റൊരു ശ്ലോകത്തില്‍:

    'പൂമെത്തേലെഴുനേറ്റിരുന്നു 'ദയിതേ, പോകുന്നു ഞാ'നെന്നു കേ
    ട്ടാരോമല്‍കണ്ണിണ നീരണിഞ്ഞ വദനപ്പൂവോടു ഗാഢം തദാ,
    പൂമേനിത്തളിരൊന്നു ചേര്‍ 'ത്തഹമിനികാണുന്നതെന്നെ' ന്നക
    പ്പൂമാലോടളിവേണി ചൊന്ന മധുരച്ചൊല്ലിന്നു കൊല്ലുന്നു മാം.
    '

    ദാരിദ്ര്യദുഃഖത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് കടത്തനാട്ടു ശങ്കരവര്‍മ്മ രാജാവിന് അടിയറ വച്ച ഈ ശ്ലോകവും പ്രസിദ്ധമാണ്:
    'ദുഷ്‌കാലം പെരുകിദ്ദരിദ്രത വളര്‍ന്നെത്തുന്ന സത്തുക്കളെ
    ത്തത്കാലേ പരിരക്ഷചെയ്തു വിലസും ശ്രീഭൈമിഭൂമീപതേ!
    ത്വല്‍ക്കാരുണ്യ കടാക്ഷഭൃംഗപടലിക്കുദ്യാനമായേഷ ഞാ
    നിക്കാലത്തു ഭവിക്കിലെന്റെ ഭവനപ്പേരെത്രയും സാര്‍ത്ഥമാം'

കൃതികള്‍

    അംബരീഷചരിതം ഓട്ടന്‍തുള്ളല്‍
    കാലകേയവധം ശീതങ്കന്‍തുള്ളല്‍
    സ്യമന്തകം ആട്ടക്കഥ