ബാലകൃഷ്ണന് നായര്‍ ചിറക്കല്‍ ടി. (ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍)
ചരിത്രകാരനും, ഫോക്ലോര് പ്രവര്‍ത്തകനും, നാടന്‍പാട്ടു പ്രചാരകനുമായിരുന്നു ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍. ചിറക്കല്‍ കോവിലകത്തെ ആയില്യം തിരുനാള്‍ രാമവര്‍മ്മ വലിയരാജയുടെയും തയ്യില്‍ കല്യാണിക്കുട്ടി കെട്ടിലമ്മയുടെയും മകനായി 1907 നവംബര്‍ 17നാണ് ജനിച്ചത്. ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍ കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. മദ്രാസ് പ്രസിഡന്‍സി കോളേജ്, ലയോള കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ഒന്നര വര്‍ഷം ജയില്‍ വാസം അനുഷ്ഠിക്കുകയും ചെയ്തു. ആദ്യകാല അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയായിരുന്നു. പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. കെ.പി.സി.സി അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചത്. ചിറക്കല്‍ ടി. യുടെ സഹോദരന് ചിറക്കല്‍ ടി. ശ്രീധരന് നായര്‍ ഉത്തര കേരളത്തിലെ പ്രശസ്തനായ കളരിപ്പയറ്റ് ആചാര്യനും ചിത്രകാരനുമായിരുന്നു.
സാഹിത്യ, ചരിത്ര, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍ വടക്കേ മലബാറിന്റെ ചരിത്രത്തിലും ഫോക് ലോര്‍ (വിശേഷിച്ചും തെയ്യം) പഠനങ്ങളിലും വഴികാട്ടിയായിരുന്നു. ഏത് വിഷയത്തെക്കുറിച്ചും ശ്രോതാക്കളുടെ ഉള്ളിലേക്ക് തുളച്ചുകയറുന്ന ശക്തമായ, സരളമായ ഭാഷയുടെ ഉടമസ്ഥനായിരുന്നു. ചെറുശ്ശേരി സാഹിത്യത്തെ പറ്റിയുള്ള ആധികാരിക നിഗമനങ്ങള്‍ ബാലകൃഷ്ണന് നായരുടേതാണ്. നാടന്‍പാട്ടുകളുടെ പ്രചാരകന് കൂടിയാണ് ഇദ്ദേഹം. മാതൃഭൂമിയടക്കം നിരവധി ആനുകാലികങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളൂം ലേഖനങ്ങളൂം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1977 ജനുവരി 13ന് അന്തരിച്ചു.
കൃതികള്‍
ചിറക്കല്‍ ടി. യുടെ പ്രബന്ധ സമാഹാരം(വാണിദാസ് എളയാവൂര് എഡിറ്റ് ചെയ്തത്)
ചിറക്കല്‍ ടി. എഡിറ്റ് ചെയ്ത കേരള ഭാഷാ ഗാനങ്ങള്‍
ചിറക്കല്‍ ടി. മെമ്മോറിയല്‍ കള്‍ച്ചറല്‍ ഫോറം പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളൂം സ്മരണകളും
Leave a Reply