കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമാണ് മുല്ലനേഴി എന്ന മുല്ലനേഴി എം.എന്‍. നീലകണ്ഠന്‍.(ജനനം: മേയ് 16 1948-മരണം: ഒക്ടോബര്‍ 22, 2011) തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകന്‍. യഥാര്‍ഥ നാമം നീലകണ്ഠന്‍ നമ്പൂതിരി. രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഏറെ വര്‍ഷം ജോലി ചെയ്തു. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയില്‍ അംഗമായിരുന്നു. അരഡസനോളം കൃതികള്‍ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും മുല്ലനേഴി രചിച്ചു. ഞാവല്‍പ്പഴങ്ങള്‍ എന്ന ചിത്രത്തിലെ 'കറുകറുത്തൊരു പെണ്ണാണേ' എന്നു തുടങ്ങുന്ന ഗാനത്തോടെ പ്രസിദ്ധനായി. ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാര്‍ കൂടി ഭാഗഭാക്കായിരുന്ന, 1975ല്‍ ന്യൂഡെല്‍ഹിയില്‍ നടന്ന ദേശീയ നാടകോത്സവത്തില്‍ ചാവേര്‍പ്പട അവതരിപ്പിച്ചിരുന്നു. 

കൃതികള്‍

ആനവാല്‍മോതിരം (കവിത)
പെണ്‍കൊട (നാടകം)
മോഹപ്പക്ഷി (കുട്ടികള്‍ക്കുള്ള നാടകം 1987)
നാറാണത്തുഭ്രാന്തന്‍ (കവിത 1988)
രാപ്പാട്ട് (കവിത 1989)
അക്ഷരദീപം (കവിത 1991)
സമതലം (നാടകം 1993)

പുരസ്‌കാരങ്ങള്‍

1977ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം
1989ല്‍ നാലപ്പാടന്‍ സ്മാരക പുരസ്‌കാരം
1995ല്‍ സമതലം എന്ന നാടകഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
2010ല്‍ കവിത എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.