(1887 -1963) നിയമജ്ഞനും ചരിത്രകാരനും. തൃശൂര്‍ പട്ടണത്തിലുളള കോമാട്ടില്‍ കുടുംബത്തില്‍ 1887ല്‍ ജനിച്ചു. ആദ്യകാലവിദ്യാഭ്യാസം തൃശൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലും അധ്യയനം . 1907ല്‍ ബി.എ.യും തുടര്‍ന്ന് ബി.എല്‍. ബിരുദവും നേടിയശേഷം തൃശൂര്‍ കോടതികളില്‍ പ്രാക്ടീസ് (1909). ഇക്കാലത്ത് തൃശൂര്‍ നഗരസഭാധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗവ. വക്കീല്‍, സെഷന്‍സ് ജഡ്ജി, സ്‌പെഷ്യല്‍ ജഡ്ജി, ചീഫ് സെക്രട്ടറി എന്നീ പല പദവികളും വഹിച്ചശേഷം ആര്‍.കെ. ഷണ്‍മുഖം ചെട്ടി ദിവാന്‍ സ്ഥാനത്തു നിന്ന് വിരമിച്ചപേ്പാള്‍ കുറച്ചുകാലം ആ പദവിയും വഹിച്ചു. 1942 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ ഭക്ഷ്യോത്പാദന കമ്മീഷണറായും സേവനം അനുഷ്ഠിച്ചു.
    തൃശൂര്‍ കേരളവര്‍മ കോളജ്, കൊച്ചിന്‍ നായര്‍ ബാങ്ക്, കേരള ബാങ്കേഴ്‌സ് അസോസിയേഷന്‍, എറണാകുളം ലോട്ടസ് ക്‌ളബ്ബ്, തൃശൂര്‍ വിവേകോദയ സമാജം, കൊച്ചിന്‍ ഒളിമ്പിക് അസോസിയേഷന്‍, തൃശൂര്‍ ബാനര്‍ജി ക്‌ളബ്ബ് എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മേനോന്‍ മുന്‍കൈ എടുത്തിരുന്നു. ഇദ്ദേഹം കലാമണ്ഡലം മാനേജിങ് കമ്മിറ്റി ചെയര്‍മാനും കൊച്ചി നായര്‍ മഹാസമാജം അധ്യക്ഷനും തൃശൂര്‍ ഗാനസമാജസ്ഥാപകനുമായിരുന്നു. പത്‌നി തെക്കെകുറുപ്പത്ത് മാളികയില്‍ നാരായണി അമ്മ സംഗീതവിദുഷിയായിരുന്നു. തിരു-കൊച്ചിയിലെ ഭൂമികുടിയായ്മ സമിതി അധ്യക്ഷന്‍, കേരള ഔദ്യോഗിക ഭാഷാക്കമ്മിറ്റി അധ്യക്ഷന്‍ എന്നീ നിലകളിലും മേനോന്‍ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി ബ്രിട്ടിഷ് ഗവ. 'റാവുസാഹിബ്' സ്ഥാനവും കൊച്ചിമഹാരാജാവ് വീരശൃംഖലയും നല്കി. 'കേരള ഇതിഹാസസമിതി'യുടെ സ്ഥാപകരില്‍ ഒരാളായ മേനോന് ഇംഗ്‌ളീഷിലും മലയാളത്തിലും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. ചരിത്രഗവേഷണത്തില്‍ അതീവതത്പരനായിരുന്ന അച്യുതമേനോന്‍ 1963 മാ. 8ന് തൃശൂരില്‍വച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമത്തില്‍ സ്ഥാപിച്ച ഇതിഹാസ സമിതിയാണ് പില്ക്കാലത്ത് 'കേരള ഹിസ്റ്ററി അസോസിയേഷന്‍' ആയി രൂപാന്തരം പ്രാപിച്ചത്.


കൃതികള്‍:
കൊച്ചിയിലെ സ്ഥലനാമങ്ങള്‍, തെക്കേ ഇന്ത്യയും ചീനയും, ഏന്‍ഷ്യന്റ് കേരള (ഇംഗ്‌ളീഷ് )