കുട്ടികൃഷ്ണമാരാര്‍ ജനിച്ചത് തൃപ്പറങ്ങോട്ടു കിഴക്കേ മാരാത്താണ്. 1900 ജൂണ്‍ 15 ന്
(കൊ.വ.1075 മിഥുനം 23 പുരാടം). അച്ഛന്‍ കരിക്കാട്ടു മാരാത്തു കൃഷ്ണമാരാര്‍, അമ്മ ലക്ഷ്മിക്കുട്ടി
മാരസ്യാര്‍. കുലത്തൊഴിലിനോടൊപ്പം സംസ്‌കൃതവും കുട്ടിക്കാലത്തുതന്നെ പഠിച്ചു. ചിത്രരചനയും
കുറച്ചൊക്കെ പഠിച്ചു. പട്ടാമ്പി സംസ്‌കൃതകോളേജില്‍ ചേര്‍ന്ന് പുന്നശേ്ശരി നമ്പിയുടേയും ശംഭു
ശര്‍മ്മയുടേയും ശിഷ്യനായതോടെ ആണ് മാരാരിലെ സാഹിത്യകുതുകി ഉണരുന്നത്. 1923ല്‍
സാഹിത്യ ശിരോമണി പാസായി. അല്പകാലം അധ്യാപകവൃത്തിയില്‍ ഏര്‍പെ്പട്ടു. 1924ല്‍ മാരാര്‍,
തൃക്കാവില്‍ കിഴക്കേ മാരാത്തു നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. അദ്ദേഹം ഏതാണ്ട്
ഒരു വ്യാഴവട്ടക്കാലത്തിലധികം മഹാകവി വള്ളത്തോളിന്റെ കൂടെ ഉണ്ടായിരുന്നു – അദ്ദേഹത്തിന്റെ
കൃതികളുടെ വ്യാഖ്യാതാവ്, കുട്ടികളുടെ സംസ്‌കൃതാദ്ധ്യാപകന്‍ എന്നീ നിലകളില്‍. കവി
കര്‍മ്മത്തെപ്പറ്റി, അസാധാരണമായ ഉള്‍ക്കാഴ്ച മാരാരിലെ സഹൃദയ നിരൂപകന്‍ സ്വാംശീകരിച്ചത്
ഈ ദീര്‍ഘകാല ബന്ധത്തില്‍ നിന്നാണ്. കൂറെക്കാലം കലാമണ്ഡലത്തില്‍ സാഹിത്യാചാര്യനായും
മാരാര്‍ ജോലി നോക്കി. അതില്‍ പിന്നെ 1938ല്‍ മാതൃഭൂമിയില്‍ പ്രൂഫ്‌റീഡറായി ജോലിയില്‍
പ്രവേശിച്ചു. 1961 വരെ മാതൃഭൂമിയില്‍ തുടര്‍ന്നു. അവിടെ നിന്നു പിരിഞ്ഞശേഷം മാരാര്‍,
ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധപെ്പടുത്തിയ സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികളുടെ
പ്രസാധനവും ആയി ബന്ധപെ്പട്ടു. ക്രമേണ മാരാര്‍ അന്തര്‍മുഖനും, ആദ്ധ്യാത്മിക കാര്യങ്ങളില്‍
തല്പരനും ആയി. 1966ല്‍ ഭാര്യ മരിച്ചതോടെ, ആദ്ധ്യാത്മികചിന്ത തീക്ഷ്ണമായി.
വിഗ്രഹഭഞ്ജകനായിരുന്ന ആ നിരൂപകന്‍ അദ്ധ്യാത്മചിന്തകളുടെ വക്താവായി. 1973 ഏപ്രില്‍ 6
ന് മാരാര്‍ മരിച്ചു.
    മാരാര്‍ പഠിച്ചത് സംസ്‌കൃതമാണ് എങ്കിലും ഒരു യാഥാസ്ഥിതിക സംസ്‌കൃത പണ്ഡിതനാവുക
അദ്ദേഹത്തിന് അസാധ്യമായിരുന്നു. പുന്നശേ്ശരി ഗുരുകുലത്തില്‍ പഠിക്കുന്ന കാലത്തുതന്നെ
സഹൃദയ എന്ന സംസ്‌കൃത പത്രികയില്‍ മാരാര്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. യാഥാസ്ഥിതിക
പണ്ഡിതന്മാരില്‍ നിന്നും ഭിന്നമായി, സ്വതന്ത്രമായി ചിന്തിക്കുന്ന ശംഭുശര്‍മ്മയാണ് അധ്യാപകന്‍
എന്ന നിലയില്‍ തന്നെ കൂടുതല്‍ സ്വാധീനിച്ചത് എന്ന് മാരാര്‍ പറയുന്നുണ്ട്.
    സംസ്‌കൃതകാവ്യമീമാംസകര്‍ ആദരിക്കുന്ന ആനന്ദവര്‍ദ്ധനനേയും, അഭിനവഗുപ്തനേയും
പോലെത്തന്നെ ശ്രദ്ധേയനാണ് സ്വതന്ത്രചിന്താഗതിക്കാരനായ മഹിമഭട്ടന്‍ എന്ന് അന്നേ മാരാര്‍
കണ്ടത് ഈ സവിശേഷ മാനസികഘടനകൊണ്ടാവാം. 1928ല്‍ അച്ചടിപ്പിച്ച സാഹിത്യഭൂഷണം
ആണ് മാരാരുടെ ആദ്യകൃതി. അന്ന് സാമ്പത്തികപരാധീനതകള്‍ മൂലം ഈ പുസ്തകം വെളിച്ചം
കണ്ടില്‌ള. വള്ളത്തോളിന്റെ സഹചാരിയും അന്തേവാസിയും ആയതോടെ ആണ് മാരാര്‍
മലയാളസാഹിത്യത്തിലേയ്ക്കു ശ്രദ്ധ തിരിച്ചത്. നാലപ്പാടന്റെ പാവങ്ങള്‍ പരിഭാഷയും,
രതിസാമ്രാജ്യവും, ആര്‍ഷജ്ഞാനവും മാരാരുടെ ജീവിതവീക്ഷണത്തെ വികസ്വരമാക്കുകയും
ചെയ്തു. സാഹിത്യനിരൂപണവും സര്‍ഗ്ഗാത്മകമാവാം എന്നു തെളിയിക്കുന്നവയാണ് മാരാരില്‍
നിന്നും കിട്ടിയ പ്രബന്ധങ്ങള്‍. രാജാങ്കണം, സാഹിത്യ സല്‌ളാപം, ചര്‍ച്ചായോഗം, ഇങ്ങുനിന്നങ്ങോളം,
പലരും പലതും, കൈവിളക്ക്, ദന്തഗോപുരം, പതിനഞ്ചുപന്യാസം എന്നിവയാണ് മാരാരുടെ പ്രധാന
ഉപന്യാസ സമാഹാരങ്ങള്‍. വാല്മീകിയുടെ രാമനെപ്പറ്റിയും, ആശാന്റെ ലീലയെപ്പറ്റിയും,
കാളിദാസന്റെ ദുഷ്യന്തനെപ്പറ്റിയും മാരാര്‍ എഴുതിയ പഠനങ്ങള്‍ മലയാള നിരൂപണമണ്ഡലത്തില്‍
വളരെയേറെ വാദപ്രതിവാദങ്ങള്‍ക്ക് ഇട നല്കി. ഹാസ്യസാഹിത്യത്തില്‍ മലയാളിയുടെ
നര്‍മ്മബോധ സങ്കല്പം തിരുത്തിക്കുറിക്കുന്നു മാരാര്‍. മഹാഭാരതകഥകളിലേയ്ക്ക് മികച്ച
സഹൃദയത്വത്തോടെയും, അസാധാരണമായ ഉള്‍ക്കാഴ്ചയോടെയും കടന്നുചെല്‌ളുന്ന ബുദ്ധിമാനായ
ആസ്വാദകന്‍ ആണ് ഭാരതപര്യടനം എന്ന ക്‌ളാസിക്കിന്റെ കര്‍ത്താവായ മാരാര്‍
അനുഭവപെ്പടുത്തുന്നത്. കാളിദാസകൃതികളായ രഘുവംശം, കുമാരസംഭവം, മേഘദൂത്,
അഭിജ്ഞാനശാകുന്തളം എന്നിവയ്ക്ക് അദ്ദേഹം ഗദ്യപരിഭാഷകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എത്ര
നിശിതമായ ത്യാജ്യഗ്രാഹ്യ വിവേകമാണ് അദ്ദേഹം അതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്!. പുരോഗമന
സാഹിത്യപ്രസ്ഥാനം, രാഷ്ട്രീയലഘുലേഖകളുടെ പ്രചാരണത്തില്‍ മുഴുകിയപേ്പാള്‍ മാരാര്‍ ആ
പ്രസ്ഥാനത്തിനു നേരെ ആഞ്ഞടിച്ചു. ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങളോടുള്ള
ആദരവായിരുന്നു ഈ നിലപാട് എടുക്കാന്‍ മാരാരെ പ്രേരിപ്പിച്ചത്. മലയാളശൈലി, ശുദ്ധമായ
മലയാളം എന്ത്, എങ്ങിനെ എന്ന് പറഞ്ഞുതരുന്നു. ദ്രാവിഡവൃത്തങ്ങള്‍, താളങ്ങളുമായി
ബന്ധപെ്പടുന്നതെങ്ങനെ എന്ന മൗലികമായ അന്വേഷണമാണ് വൃത്തശില്പത്തില്‍.

കൃതികള്‍: രാജാങ്കണം, സാഹിത്യസല്‌ളാപം, ചര്‍ച്ചായോഗം, ഇങ്ങുനിന്നങ്ങോളം,
പലരും പലതും, കൈവിളക്ക്, ദന്തഗോപുരം, പതിനഞ്ചുപന്യാസം (ഉപന്യാസ സമാഹാരങ്ങള്‍),. മലയാളശൈലി,
വൃത്തശില്പം, ഭാരതപര്യടനം