വിളവങ്കോടു താലൂക്കില്‍ പാകോടധികരത്തില്‍ ഇടക്കോട്ട്, പുളിയറത്തലവീട്ടില്‍ 1820
ഫെബ്രുവരി 14 ന് (കൊ.വ. 995 കുംഭം, അനിഴം) ജനിച്ചു. അച്ഛന്‍ ഇരയിമ്മന്‍തമ്പി. അമ്മ കാളിപ്പിള്ള
തങ്കച്ചി. ശരിപേര് ലക്ഷ്മിപ്പിള്ള, ഓമനപേ്പരാണ് കുട്ടിക്കുഞ്ഞ്. ബാല്യകാലം കഴിച്ചുകൂട്ടിയത്
കോട്ടയ്ക്കകത്ത് കിഴക്കേ മഠത്തിലാണ്. ഏഴാം വയസ്‌സില്‍ പഠനം ആരംഭിച്ചു. തമിഴും, മലയാളവും,
സംസ്‌കൃതവും പഠിച്ചു. അരിപ്പാട്ടു കൊച്ചുപിള്ള വാര്യരുടെ കീഴില്‍ കുറച്ചുകാലം പഠിച്ചു.
പഠനത്തിന്റെ മേല്‍നോട്ടം വഹിച്ചത് ഇരയിമ്മന്‍ തമ്പിതന്നെ. തര്‍ക്കം, വ്യാകരണം,
കാവ്യനാടകാലങ്കാരങ്ങള്‍ എന്നിവ പാരമ്പര്യരീതിയില്‍ പഠിച്ച തങ്കച്ചി വിദുഷിയായിത്തീര്‍ന്നു.
സംഗീതത്തിലും അഭ്യസനം ഉണ്ടായി. 1834ല്‍ ആയിരുന്നു വിവാഹം. ചേര്‍ത്തല വാരണാട്ടുനടുവിലെ
കോവിലകത്തു കുഞ്ഞന്‍ തമ്പാന്‍ ആയിരുന്നു വിവാഹം ചെയ്തത്. 1851ല്‍ തമ്പാന്‍ മരിച്ചു. പിന്നീട്
പത്തുവര്‍ഷം കഴിഞ്ഞ് 1861ല്‍ കുഞ്ഞുണ്ണിത്തമ്പാന്‍, തങ്കച്ചിയെ വിവാഹം ചെയ്തു. ആ ദാമ്പത്യ
ജീവിതം 1871ല്‍, തമ്പാന്റെ മരണത്തോടെ അവസാനിച്ചു. ഈ രണ്ടു ബന്ധങ്ങളിലുമായി തങ്കച്ചിക്ക്
എട്ടു സന്തതികള്‍ ഉണ്ടായി. ചെറുപ്പത്തില്‍ത്തന്നെ ആരംഭിച്ചിരുന്ന കണ്ണുരോഗം ഇടയ്ക്കിടയ്ക്ക്
മൂര്‍ച്ഛിച്ചിരുന്നു. 1902 ആയപേ്പാഴേയ്ക്കും കാഴ്ച മിക്കവാറും ഇല്‌ളാതായി. 1904 ഫെബ്രുവരി 13
ന് അവര്‍ മരിച്ചു.
    അച്ഛനില്‍നിന്നും പകര്‍ന്നു കിട്ടിയ സംഗീതവാസനയും സാഹിത്യതാല്പര്യവും
സ്വപ്രയത്‌നത്താല്‍ തങ്കച്ചി വികസിപ്പിച്ചു. അവര്‍ മൂന്നു ആട്ടക്കഥകള്‍ എഴുതിയിട്ടുണ്ട്. കൊട്ടാരം
കളിയോഗം അവ അവതരിപ്പിച്ചിട്ടുമുണ്ട്. പാര്‍വ്വതീസ്വയംവരം, ശ്രീമതീസ്വയംവരം,
മിത്രസഹമോക്ഷം, എന്നിവയാണ് ആട്ടക്കഥകള്‍. 1855ലാണ് ശ്രീമതീസ്വയംവരം
ഇരയിമ്മന്‍തമ്പിയുടെ നിര്‍ദ്ദേശമനുസരിച്ച് എഴുതുവാന്‍ തുടങ്ങിയത്. എന്നാല്‍ 1856ല്‍ തമ്പി
മരിച്ചതോടെ ആ സംരംഭം നിര്‍ത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് അത് പൂര്‍ത്തീകരിച്ചത്.
1871ല്‍ പാര്‍വ്വതീസ്വയംവരം രചിച്ചു. ആട്ടക്കഥകളെക്കാള്‍ ശ്രദ്ധിക്കപെ്പട്ടത്, അവരുടെ മറ്റു രചനകള്‍
ആണ്. മൂന്നു കിളിപ്പാട്ടുകള്‍ തങ്കച്ചി എഴുതി – തിരുവനന്തപുരം സ്ഥലപുരാണം, വയ്ക്കം
സ്ഥലപുരാണം, സ്വര്‍ഗ്ഗവാതിലേകാദശീ മാഹാത്മ്യം, ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം,
നാരദമോഹനം എന്നിവയാണ് തങ്കച്ചി രചിച്ച തിരുവാതിരപ്പാട്ടുകള്‍. ഗംഗാസ്‌നാനം
(കുറത്തിപ്പാട്ടുകള്‍), അജ്ഞാതവാസം (നാടകം), സ്വാഹാസുധാകരം (ഊഞ്ഞാല്‍പ്പാട്ട്),
ഗജേന്ദ്രമോക്ഷം, പ്രഹ്‌ളാദചരിതം (കീര്‍ത്തനങ്ങള്‍), കല്യാണാഘോഷം (മണിപ്രവാളം) ഇവയാണ്
തങ്കച്ചിയുടെ മറ്റുകൃതികള്‍. തിരുവട്ടാറ്റ് ആദികേശവപെ്പരുമാള്‍, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണന്‍
തുടങ്ങി ഇഷ്ടദേവതകളെ പ്രകീര്‍ത്തിച്ച് തങ്കച്ചി എഴുതിയ കീര്‍ത്തനങ്ങള്‍ പ്രസിദ്ധങ്ങളാണ്.
പാല്‍ക്കുളങ്ങരകേ്ഷത്രത്തിലെ ദേവിയെപ്പറ്റി കാംബോജി രാഗത്തിലും, മൂകാംബികയെപ്പറ്റി
നാട്ടരാഗത്തിലും, തിരുവട്ടാര്‍ തേവരെപ്പറ്റി കല്യാണിരാഗത്തിലും, നെയ്യാറ്റിന്‍കര
കൃഷ്ണസ്വാമിയെപ്പറ്റി കമാസിലും, ഗുരുവായൂരപ്പനെപ്പറ്റി സുരുട്ടിയിലും ആണ് രചനകള്‍.
കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിട്ടിയേടത്തോളം കൃതികള്‍ ഒറ്റ പുസ്തകമായി കേരള സാഹിത്യ
അക്കാദമി പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്.