വേലുക്കുട്ടി അരയന് വി.വി.
വൈദ്യശാസ്ത്രം, സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങി വിജ്ഞാനമേഖലകളില്‍ വ്യാപരിക്കുകയും കവി, സാഹിത്യകാരന്, വിമര്ശകന്, സാമൂഹ്യപരിഷ്കര്‍ത്താവ്, ശാസ്ത്രജ്ഞന്, ചരിത്രപണ്ഡിതന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ ബഹുമുഖപ്രതിഭയയുമായിരുന്നു ഡോ. വി.വി. വേലുക്കുട്ടി അരയന് (11 മാര്‍ച്ച് 1894 -31 മേയ് 1969). 1894 മാര്‍ച്ച് 11ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത ആലപ്പാട് കടല്ത്തീരഗ്രാമത്തിലാണ് വേലുക്കുട്ടി അരയന് ജനിച്ചത്. പിതാവ് വേലായുധന് വൈദ്യന്; മാതാവ് വെളുത്തകുഞ്ഞ്വമ്മ.
ചെറുപ്രായത്തില്‍ തന്നെ പിതാവില്‍ നിന്നും ആയുര്‍വ്വേദവും സംസ്കൃതവും പഠിച്ചു. 18 വയസ്സാവുമ്പോഴേക്കും ആയുര്‍വ്വേദത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും ആഴമേറിയ പാണ്ഡിത്യം സമ്പാദിച്ചു. തുടര്‍ന്ന് മദിരാശിയില്‍ അലോപ്പതി വൈദ്യത്തില്‍ പഠനം തുടര്‍ന്നു. അതോടൊപ്പം സ്വന്തം താല്പര്യത്തിനനുസരിച്ചു് സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങിയ വിഷയങ്ങളും പഠിച്ചു. അലോപ്പതി ബിരുദത്തിനു ശേഷം കൊല്‍ക്കത്തയിലെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍നിന്നും ഹോമിയോ ചികിത്സയിലും ഒന്നാം റാങ്കോടെ ബിരുദം നേടി.
വിദ്യാഭ്യാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ വേലുക്കുട്ടി അരയന് സ്വഗ്രാമത്തില് തന്നെ ഡോക്ടറായി പ്രാക്റ്റീസ് ആരംഭിച്ചു. പക്ഷേ അധികനാള്‍ കഴിയും മുമ്പേ അദ്ദേഹത്തിന്റെ ശ്രദ്ധ താന്‍ ഉള്‍പ്പെടുന്ന അരയസമുദായത്തിന്റെ സാമൂഹ്യപ്രശ്നങ്ങളിലേക്ക് തിരിഞ്ഞു.1908ല്‍ അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ വിജ്ഞാനസന്ദായിനി എന്ന പേരില്‍ ഒരു വായനശാല തുടങ്ങി. സ്വസമുദായത്തിലെ കുട്ടികള്‍ക്കു പഠിക്കാന്‍ കൂടുതല്‍ സൗകര്യമായ വിധത്തില്‍ 1936ല്‍ ഗ്രാമത്തില്‍ തന്നെ ഒരു സ്കൂളും സ്ഥാപിച്ചു. അരയവംശപരിപാലനയോഗം, സമസ്തകേരളീയ അരയമഹാജനയോഗം, അരയ സര്‍വീസ് സൊസൈറ്റി, അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂര്‍ മിനറല്‍ തൊഴിലാളി യൂണിയന്, തുറമുഖ തൊഴിലാളി യൂണിയന് തുടങ്ങി ഒട്ടനവധി സംഘടനകളും പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു.
സ്വാതന്ത്ര്യസമരത്തിന്റെ കര്‍മ്മധീരനായ പോരാളി കൂടിയായിരുന്നു അരയന്. വൈക്കം സത്യാഗ്രഹത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം പങ്കെടുത്തു. 1917ല്‍ അദ്ദേഹം തുടങ്ങിയ ‘അരയന്’ എന്ന പത്രം കേരളസമൂഹത്തിന്റേയും വിശിഷ്യ അരയസമുദായത്തിന്റേയും ജിഹ്വ ആയി നിലകൊണ്ടു. സ്ത്രീകള്‍ക്കുവേണ്ടി അരയസ്ത്രീജനമാസിക എന്നൊരു പ്രസിദ്ധീകരണവും ആരംഭിച്ചു.ശാസ്ത്രജ്ഞനെന്ന നിലയിലും വേലുക്കുട്ടി അരയന് ഉപകാരപ്രദമായ പല പദ്ധതികളും ആവിഷ്കരിച്ചു. തീരദേശം അലിഞ്ഞുപോകുന്നതു് ഒഴിവാക്കാനും കടല്‍ത്തീരം കൂടുതല്‍ ഫലസമ്പുഷ്ടമാക്കാനും ഉതകുന്ന പ്രോജക്റ്റുകള്‍ രൂപകല്‍പ്പന ചെയ്തു. സമുദ്രോല്‍പ്പന്നങ്ങളുടേയും കേരോല്‍പ്പന്നങ്ങളുടേയും വൈവിദ്ധ്യവികാസങ്ങള്‍ക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സഹായകമായി. പ്രാദേശികമായി ലഭ്യമായ അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് പത്രക്കടലാസ് നിര്‍മ്മാണരീതി, വ്യത്യസ്ത വൈദ്യശാസ്ത്രവിധികള്‍ സമ്മേളിപ്പിച്ച മരുന്നുകളുടെ ഉല്‍പ്പാദനം തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു. സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ചൂഷണം ഉറപ്പാക്കല്‍, സമുദ്രതീരസംരക്ഷണം, മത്സ്യബന്ധനോപാധികളുടെ മെച്ചപ്പെടുത്തല്‍, മീന്‍ പിടിച്ചു ജീവിക്കുന്ന സമുദായങ്ങളുടെ ഉന്നമനം എന്നിവ ലാക്കാക്കി 1949ല്‍ ആദ്യമായി സംഘടിപ്പിച്ച ഫിഷറീസ് കോണ്‍ഫറന്‍സിന്റെ സംഘാടകനും സൂത്രധാരനും ഡോ. വേലുക്കുട്ടി അരയന് ആയിരുന്നു.
സാഹിത്യരംഗത്തും വേലുക്കുട്ടി അരയന് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെമ്മീന്‍ എന്ന നോവലിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ‘ചെമ്മീന്‍ ഒരു നിരൂപണം’എന്ന പേരില്‍ എഴുതിയ വിമര്‍ശനഗ്രന്ഥം അക്കാലത്ത് വലിയ ചര്‍ച്ചാവിഷയമായി. ത്രിവിക്രമന്‍, വജ്രസൂചി, ബാലന്, ആലപ്പാട്ടു ബാലന്, കുംഭാണ്ഡന്‍, മണി, മായാവി, ചക്ഷുശ്രവണന്‍, ചെമ്മാന്ത്രം തുടങ്ങി വിഷയവും മേഖലയും അനുസരിച്ച് പല തൂലികാനാമങ്ങളിലും അദ്ദേഹം സര്‍ഗ്ഗരചന നടത്തി.
കൃതികള്‍
പദ്യകൃതികള്‍
കിരാതാര്‍ജ്ജുനീയം (തുള്ളല്‍)
ഓണം ഡേ
ദീനയായ ദമയന്തി
പദ്യകുസുമാഞ്ജലി
ശ്രീചൈത്രബുദ്ധന്‍
അച്ചനും കുട്ടിയാനും (വടക്കന്‍ പാട്ട്)
സത്യഗീത
മാതംഗി
ക്ലാവുദീയ
ചിരിക്കുന്ന കവിതകള്‍ (ആക്ഷേപഹാസ്യം)
കേരളഗീതം (ഗീതങ്ങള്‍)
തീക്കുടുക്ക
സ്വര്‍ഗ്ഗസോപാനം
സൂക്തമുത്തുമാല (പ്രസിദ്ധ സൂക്തങ്ങളുടെ കവ്യാവിഷ്കരണം)
ചിന്തിപ്പിക്കുന്ന കവിതകള്‍
ഗദ്യകൃതികള്‍
നിരൂപണം
മാധവി
ശാകുന്തളവും തര്‍ജ്ജമകളും
തകഴിയുടെ ചെമ്മീന്‍ ഒരു നിരൂപണം
സൗന്ദര്യം
ബാലസാഹിത്യം
കുറുക്കന് കഥകള്‍
ബാലസാഹിത്യകഥകള്‍
കഥകള്‍
ലഘുകഥാകൗമുദി
തെരഞ്ഞെടുത്ത കഥകള്‍
മാറ്റങ്ങള്‍ (നീണ്ടകഥ)
നോവല്‍
ഭാഗ്യപരീക്ഷകള്‍
തിരുവിതാംകൂര്‍ അരയമഹാജനയോഗം (ആക്ഷേപഹാസ്യം)
തര്‍ജ്ജമ
ശര്‍മ്മദ (ഇംഗ്ലീഷ് നോവലിന്റെ സ്വതന്ത്ര പരിഭാഷ)
ആത്മകഥ
പിന്തിരിഞ്ഞു നോക്കുമ്പോള്‍
നാടകം
ബലേ ഭേഷ്
ആള്‍മാറാട്ടം
ലോകദാസന്‍
നന്ദകുമാരന്
ഇരുട്ടടി
മാടന് സൈമണ്‍
വേലുക്കുട്ടി അരയന് ഫൗണ്ടേഷന്
എഴുത്തുകാരനും സമുദായ പരിഷ്കര്‍ത്താവുമായ ഡോ. വി. വി. വേലുക്കുട്ടി അരയന് സ്മാരകായി തുടങ്ങിയതാണ് ഫൗണ്ടേഷന്.കരുനാഗപ്പള്ളി ചെറിയഴീക്കല്‍ ആണിത്. അദ്ദേഹത്തിന്റെ കൃതികള്‍ കണ്ടെടുത്ത് പുനഃപ്രസിദ്ധീകരിക്കുക എന്നതാണു് ഫൗണ്ടേഷന്റെ മുഖ്യലക്ഷ്യം. വിലാസം: 'ഡോ. വി.വി. വേലുക്കുട്ടി അരയന് ഫൗണ്ടേഷന്, ചെറിയഴീക്കല്‍, കരുനാഗപ്പള്ളി പി. ഒ.; കൊല്ലം 690 573, ഫോണ്‍: 04762826388
Leave a Reply