ഉടുക്കുംകൊട്ടിക്കൊണ്ടഗ്രേ നടക്കുന്ന മേളക്കാരൻ
ഉടുക്കും മുണ്ടും കളഞ്ഞുമിടുക്കും ഭാവിച്ചുമണ്ടി
തിടുക്കം പൂണ്ടൊരുവീട്ടിൽ കിടപ്പാൻ ഭാവിക്കുന്നേരം
കടുത്ത നായർതാൻ വന്നു തടുത്താനത്രയുമല്ലാ
മുടിക്കും പിടിച്ചു നാലഞ്ചടിക്കുന്ന ഘോഷംകേട്ട്
പൊടുക്കെന്നു കാട്ടിൽ പുക്കു കിടക്കുന്ന നായന്മാർ വ-
ന്നടുക്കുന്ന കോലാഹലം കുടുക്കുന്നുണ്ടൊരുദിക്കിൽ
പടക്കു തോറ്റുമണ്ടുന്ന ഭടന്മാർ വന്നുകേറുമ്പോൾ
പടിക്കൽ കാവലുംവെച്ചു കടപ്പാനളതല്ലെന്നും
വനത്തിൽ നിന്നോടിവന്ന ജനത്തിന്റെ ഭാവംകണ്ടു
മനസ്സിൽ നിന്ദിക്കും നാരീജനത്തിന്റെ വാക്കുണ്ടായി.

 

“വമ്പന്മാരായ മീശക്കൊമ്പന്മാരെല്ലാമോരോ-
വമ്പും പറഞ്ഞു വില്ലുമമ്പുമെടുത്തുംകൊണ്ടു
തമ്പുരാന്മാർക്കു തിരുമുമ്പിലകമ്പടിക്ക-
ങ്ങിമ്പം കലർന്നുചെന്നു വമ്പിച്ച കാനനത്തിൽ
ഗന്ധർവ്വന്മാരെപ്പേടിച്ചന്ധന്മാരായ നിങ്ങ-
ളെന്തിപ്പോളോടിപ്പോരാൻ ബന്ധമെൻ ഭോഷന്മാരേ !
ചന്തം പെരിയതൊങ്കൽ കുന്തം കളഞ്ഞുവീണു
ദന്തങ്ങളും തകർന്നു എന്തൊരു സാഹസങ്ങൾ
തോൽക്കുന്ന കൂട്ടം നിങ്ങൾ തോക്കും കളഞ്ഞുപോന്ന
താർക്കുമടുത്തതല്ലിതോർക്കുമ്പോൾ ചിരിയാകും
നേർക്കും മറ്റാരോടുപോരേൽക്കുന്നനേരം പല-
ചാക്കും മുറിവും പുനരാർക്കും വരാത്തതല്ല.
ചാട്ടംപിഴച്ച കപിക്കൂട്ടംകണക്കെ നിങ്ങൾ
കൂട്ടം പിരിഞ്ഞു പാരം കോട്ടംപിണഞ്ഞമൂലം”

 

ഓട്ടംതുടങ്ങിയതു വാട്ടംവരുവാൻതന്നെ
കേട്ടാലുടനെത്തന്നെ നാട്ടാർ പരിഹസിക്കും.
കാട്ടിൽനിന്നോടിപ്പോന്നു വീട്ടിൽപുക്കൊളിക്കയെ-
ക്കാട്ടിൽ മരിക്കനല്ലൂ കേട്ടിലേ നായന്മാരേ !
ഗോഷ്ഠികൾ പതിന്നാലുനാട്ടിലും കേൾക്കുമയ്യോ !
കാട്ടിയ കർമ്മമേതും പാട്ടിലായതുമില്ല.
പെണ്ണുങ്ങളുടെ വാക്കീവണ്ണം കേൾക്കുന്ന ചില-
പൊണ്ണന്മാർ വീടുകളിൽ കണ്ണുമടച്ചിരുന്നാർ.
കർണ്ണൻ വികർണ്ണൻ ദുര്യോധനൻ ദുശ്ശാസനനും
കണ്ണും ചുകത്തിച്ചാപദണ്ഡം കുലച്ചുംകൊണ്ടു-
തത്രവന്നടുക്കുന്ന ചിത്രസേനന്റെ കൂട്ട-
മെത്രവളരെയുണ്ടുമിത്രന്മാരവരോടു
യുദ്ധംതുടങ്ങീയവരിത്ഥം പറഞ്ഞീടുന്നു
ക്രുദ്ധന്മാരായ് കുരുവൃദ്ധന്റെ നന്ദനന്മാർ:-

 

“ഗന്ധർവന്മാരാകിന നിങ്ങടെ
ഗന്ധംപോലും നാസ്തിയതാമൊരു
ബന്ധംകൂടാതിങ്ങനെനേർപ്പാ-
നെന്തൊരു കാരണമധമന്മാരേ ?
അംബരചാരികളാകിനനിങ്ങടെ
ഡംബരമിന്നു ശമിക്കുമശേഷം
സംഗരമിവിടെച്ചയ്വതിനുള്ളൊരു
സംഗതിവന്നിതു നന്നിതുകാലം.
അംഗമഹീപതികർണ്ണൻ ഞാനിതു
നിങ്ങളറിഞ്ഞീലെങ്കിലിതറിവിൻ.
അംഗങ്ങളിലുടനമ്പുകൾ കൊണ്ടിഹ
ഭംഗംവരുമളവറിയാമെല്ലാം.
നിങ്ങടെവിരുതുകളൊന്നുമിദാനീം
ഞങ്ങടെനേരെ ഫലിക്കയുമില്ലാ.
കുരുകുലതിലകൻ ദുര്യോധനനൃപ-
നരികുലശലഭദവാനലസാരൻ.
കരബലശാലികളനുജന്മാരും
പരബലമാശുതകർക്കുമശേഷം.”